പാലക്കാട്:ആലത്തൂരില്‍ കുറുവാ സംഘം പിടിയില്‍.നിരവധി മോഷണക്കേസുകളില്‍ പ്രതികളായ മൂന്ന് പേരെയാണ് പോലീസ് പിടികൂടിയത്.ആളുകളെ ആക്രമിച്ച് സ്വര്‍ണം കവരുന്നതാണ് സംഘത്തിന്റെ രീതി. മാരകായുധങ്ങളുമായാണ് സംഘം മോഷണത്തിനിറങ്ങുന്നത്.
ശിവഗംഗ സ്വദേശി മാരിമുത്തു, മധുര സ്വദേശി കോഴിക്കോട് താമസിക്കുന്ന തങ്കപ്പാണ്ടി, തഞ്ചാവൂര്‍ സ്വദേശി ശെല്‍വി പാണ്ഡ്യന്‍ എന്നിവരാണ് പിടിയിലായത്. മാരിമുത്തു തമിഴ്‌നാട്ടിലെ കുപ്രസിദ്ധ മോഷ്ടാവാണ്. ഇയാള്‍ക്കെതിരെ 30 കേസുകള്‍ തമിഴ്‌നാട്ടില്‍ മാത്രമുണ്ട്.
പാലക്കാട് ജില്ലയില്‍ ഇവര്‍ ആറ് മോഷണങ്ങള്‍ നടത്തിയെന്ന് പോലീസ് അറിയിച്ചു. കോഴിക്കോടും തൃശൂരും ഇവര്‍ ആളുകളെ ആക്രമിച്ച് മോഷണം നടത്തി. ആലത്തൂര്‍ ഡിവൈഎസ്പി കെ.എം ദേവസ്യയുടെ നേതൃത്വത്തിലുള്ള സംഘമാണ് കുറുവാ സംഘത്തെ കുടുക്കിയത്.
കഴിഞ്ഞ ഓഗസ്റ്റ് മുതൽ നിരവധി ഇടങ്ങളിൽ നിന്നായി നിരവധി മോഷണ കേസുകൾ പുറത്തുവന്നിരുന്നു. കൊല്ലത്ത് ജ്വല്ലറിയിൽ നടന്ന മോഷണത്തിന് പിന്നിലടക്കം ഇത്തരം കുറുവ സംഘങ്ങളാണെന്ന് പൊലീസ് സംശയിച്ചിരുന്നു. പാലക്കാട് മാത്രം മാസങ്ങൾക്കുള്ളിൽ ആറ് മോഷണം നടത്തിയ പ്രതികൾ കോഴിക്കോടും തൃശൂരും മോഷണം നടത്തിയെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. കൂടുതൽ ചോദ്യം ചെയ്യലുകൾക്ക് ശേഷം നിരവധി മോഷണങ്ങളുടെ ചുരുളഴിക്കാനാകുമെന്നാണ് പൊലീസ് പ്രതീക്ഷ.