അതിരമ്പുഴ കാട്ടാത്തിയിലും കുറുവാ സംഘമെന്ന് സംശയം, സംശയാസ്പദമായ സാഹചര്യത്തില്‍ ആളനക്കം, അയല്‍വാസികള്‍ എത്തിയപ്പോള്‍ രണ്ട് പേര്‍ ഇറങ്ങിയോടിയതായി നാട്ടുകാർ
ഏറ്റുമാനൂര്‍: അതിരമ്പുഴ കാട്ടാത്തിയില്‍ മോഷ്ടാക്കളെന്നു സംശയിക്കുന്ന സംഘത്തെ കണ്ടതിനെതുടര്‍ന്ന് പോലീസും നാട്ടുകാരും തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. കാട്ടാത്തി സ്കൂളിനു സമീപത്ത് പണിനടന്നുകൊണ്ടിരിക്കുന്ന വീട്ടില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ ആളനക്കം കണ്ട് അയല്‍വാസികള്‍ എത്തിയപ്പോള്‍ രണ്ട് പേര്‍ ഇറങ്ങിയോടുകയായിരുന്നു. തിങ്കളാഴ്ച വൈകിട്ട് ഏഴ് മണിയോടെ ആയിരുന്നു സംഭവം.
ആളുകളെ വ്യക്തമായില്ലെന്നും ആളനക്കമില്ലാത്ത കെട്ടിടത്തില്‍ ഒളിച്ചിരുന്ന കുറുവാസംഘത്തില്‍പെട്ടവരാണോ ഇവരെന്നു സംശയിക്കുന്നതായും നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ അതിരമ്പുഴ പഞ്ചായത്തിലെ തൃക്കേൽ – മനയ്കപ്പാടം ഭാഗങ്ങളിൽ ആറു വീടുകളില്‍ മോഷണശ്രമമുണ്ടായിരുന്നു. കുറുവാസംഘം എന്നറിയപ്പെടുന്ന തസ്‌കരൻമാർ രാത്രിയില്‍ നിരത്തിലൂടെ നീങ്ങുന്ന ദൃശ്യങ്ങൾ സി സി ടി വി ക്യാമറയിൽ പതിഞ്ഞതിനെതുടര്‍ന്ന് നാട്ടുകാര്‍ ഭയചകിതരായിരിക്കെയാണ് ഇപ്പോള്‍ കാട്ടാത്തിയിലെ സംഭവം.
വടിവാള്‍, കോടാലി ഉള്‍പ്പെടെ മാരകായുധങ്ങളുമായി, അടിവസ്ത്രം മാത്രം ധരിച്ച സംഘത്തെയാണു ശനിയാഴ്ച സിസിടിവി ദൃശ്യങ്ങളില്‍ കണ്ടത്. മോഷണ ശ്രമത്തിനു ശേഷം ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷന്‍ ഭാഗത്തേക്കാണ് ഇവര്‍ പോയത്. കാട്ടാത്തി റയില്‍വേസ്റ്റേഷനോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശമാണ്. പോലീസ് ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ചതുകൂടാതെ ജനങ്ങൾ ഈ കാര്യത്തിൽ പാലിക്കേണ്ട മുൻകരുതലുകൾ അറിയിക്കുവാൻ പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ മൈക്ക് അനൗൺസ്മെന്‍റും നടത്തിയിരുന്നു.
മോഷ്ടാക്കളെകുറിച്ചുള്ള എന്തെങ്കിലും വിവരങ്ങള്‍ ലഭിക്കുന്നവരും സഹായം ആവശ്യമുള്ളവരും താഴെപറയുന്ന നമ്പരുകളില്‍ പോലീസിനെ ബന്ധപ്പെടേണ്ടതാണ്.
ഏറ്റുമാനൂർ പോലീസ് സ്റ്റേഷൻ: 9497931936
ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ: 0481-2597210
കുറവിലങ്ങാട് പോലീസ് സ്റ്റേഷൻ :