KeralaNews

ശശി തരൂർ വിഷയത്തിൽ നിലപാട് കടുപ്പിച്ച് മുസ്ലിം ലീഗ്; നേതൃപ്രശ്നങ്ങൾ ഗൗരവമായി പരിഗണിക്കണം: കുഞ്ഞാലിക്കുട്ടി

മലപ്പുറം: ശശി തരൂരിന്‍റെ അഭിമുഖ വിവാദത്തില്‍ നിലപാട് കടുപ്പിച്ച് മുസ്ലിം ലീഗ്. നേതൃപ്രശ്നങ്ങൾ കോൺഗ്രസ് ഗൗരവമായി പരിഗണിക്കണമെന്ന് പി കെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകണം.

കോൺഗ്രസിന്‍റെ ആഭ്യന്തര കാര്യങ്ങളിൽ ഒരു പരിധി കടന്ന് ലീഗ് ഇടപെടില്ല. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇത്തരം വിവാദങ്ങൾ ഗുണം ചെയ്യില്ല എന്നത് സ്വാഭാവിക കാര്യമാണെന്നാണ് സാദിഖലി ശിഹാബ് തങ്ങൾ പ്രതികരിച്ചത്. മുന്നണിയിൽ പ്രശ്നം ഉന്നയിക്കുമോ എന്ന ചോദ്യത്തിന് അത് അപ്പോൾ നോക്കാം എന്നായിരുന്നു സാദിഖലി ശിഹാബ് തങ്ങളുടെ പ്രതികരണം. 

മുഖ്യമന്ത്രി സ്ഥാനാര്‍ഥിത്വത്തിനായി ശശി തരൂര്‍ നടത്തുന്ന പരസ്യ പ്രതികരണങ്ങളിൽ സംസ്ഥാന കോണ്‍ഗ്രസിൽ ഒന്നടങ്കം അമര്‍ഷം ഉണ്ടായിട്ടുണ്ട്. തരൂര്‍ അതിരുവിടരുതെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞു. യുഡിഎഫിനെ അധികാരത്തിലെത്തിക്കാൻ തരൂരും വേണമെന്ന് ഒരു വിഭാഗം പറയുമ്പോൾ അദ്ദേഹം ദേശീയ തലത്തിൽ പ്രവര്‍‍ത്തിക്കട്ടെയെന്നാണ് മറുചേരിയുടെ നിലപാട് . ഇതിനിടെ നേതൃത്വപ്രശ്നം കോണ്‍ഗ്രസ് വേഗം പരിഹരിക്കണമെന്ന് ലീഗ് ആവശ്യപ്പെട്ടു.

സംസ്ഥാന കോണ്‍ഗ്രസിൽ നേതാവില്ലെന്നും നേതൃത്വം ഏറ്റെടുക്കാൻ താൻ തയാറാണെന്നുമാണ് തരൂരിന്‍റെ നിലപാട്. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്ന ആവശ്യം പാര്‍ട്ടി കേട്ടില്ലെങ്കിൽ വേറെ വഴിയുണ്ടെന്ന രീതിയാണ് തരൂർ സമ്മര്‍ദ്ദം ചെലുത്തുന്നത്. എന്നാൽ, ഇതിന് വഴങ്ങേണ്ടെന്നാണ് മുഖ്യമന്ത്രി പദം നോട്ടമിടുന്ന നേതാക്കളുടെയും അനുകൂലികളുടെയും നിലപാട്. 

പരസ്യമായി പ്രതികരിച്ചും എൽഡിഎഫ് സര്‍ക്കാരിനെ പ്രശംസിച്ചും പാര്‍‍ട്ടിയെ കുഴപ്പത്തിലാക്കുന്ന തരൂരിനെ സംസ്ഥാന നേതൃത്വത്തിലേക്ക് ആനയിക്കാൻ അവര്‍ ഒരുക്കമല്ല. തരൂരിനെപ്പോലെ പാര്‍ട്ടിക്ക് പുറത്ത് നിന്ന് വോട്ടു സമാഹരിച്ച് ജയിച്ചവരാണ് സംസ്ഥാനത്തെ നേതാക്കളുമെന്നാണ് തരൂര്‍ വിരുദ്ധരുടെ പക്ഷം. ജനപ്രീതിയിൽ ഒന്നാമനെന്ന് തരൂരിന്‍റെ വാദവും തള്ളുന്നു 

എന്നാല്‍, അതിരുവിടരുതെന്ന് ഉപേദശിക്കുമ്പോഴും കെപിസിസി അധ്യക്ഷൻ കെ സുധാകരൻ തരൂരിനുള്ള പൂര്‍ണ പിന്തുണ പിന്‍‍വലിക്കുന്നില്ല. തരൂരിനെ പാര്‍ട്ടിക്കൊപ്പം നിര്‍ത്തണമെന്നാണ് അദ്ദേഹത്തിന്‍റെ നിലപാട്.

തരൂരിനെ പുകച്ചു പുറത്തുചാടിച്ചാൽ തെര‍ഞ്ഞെടുപ്പിൽ ദോഷം ചെയ്യുമെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം കരുതുന്നു.  തരൂരിനെ ഇഷ്ടപ്പെടുന്ന വോട്ടര്‍മാരുണ്ട്. ആ വോട്ടു കിട്ടാൻ അദ്ദേഹവും വേണമെന്നാണ് ഈ വിഭാഗത്തിന്‍റെ അഭിപ്രായം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker