KeralaNews

‘മലപ്പുറത്തുകാരെന്താ കടലാസിൻ്റെ ആളുകളോ? വന്ദേ ഭാരതിന് തിരൂരിൽ സ്റ്റോപ്പില്ലാത്തതിൽ പ്രതികരിച്ച് കെ ടി ജലീൽ

മലപ്പുറം: വന്ദേ ഭാരത് അടക്കം പ്രധാനപ്പെട്ട 14 ട്രെയിനുകൾക്ക് മലപ്പുറം ജില്ലയിൽ സ്റ്റോപ്പില്ലാത്തതിൽ പ്രതിഷേധിച്ച് തവനൂർ എംഎൽകെ കെ ടി ജലീൽ. 45 ലക്ഷം ആളുകൾ ജീവിക്കുന്ന ജില്ല‌യാണ് മലപ്പുറം.  എല്ലാവരെയും പോലെ മലപ്പുറത്തുകാരും നികുതി കൊടുക്കുന്നവരാണ്. ആ ഓർമ്മ ജില്ലയെ അവഗണിക്കുന്ന ഇന്ത്യൻ റെയിൽവേക്ക് ഉണ്ടാകണമെന്നും കെ ടി ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.

മലപ്പുറം ജില്ലയിലൂടെ കടന്ന് പോകുന്ന പ്രധാനപ്പെട്ട 14 ട്രെയിനുകൾക്ക് തിരൂർ ഉൾപ്പടെ ജില്ലയിലെ ഒരു സ്റ്റേഷനിലും സ്റ്റോപ്പില്ലെന്നും ഇത്രമാത്രം അവഗണിക്കപ്പെടാൻ മലപ്പുറം ജില്ലക്കാർ എന്ത് തെറ്റ് ചെയ്തുവെന്നും അദ്ദേഹം ചോദിച്ചു. വന്ദേ ഭാരതിന് തുടക്കത്തിൽ തിരൂരിൽ സ്റ്റോപ് അനുവദിച്ചിരുന്നു. എന്നാൽ, ഷൊറണൂരിന് സ്റ്റോപ് നൽകിയപ്പോൾ തിരൂരിനെ ഒഴിവാക്കുകയായിരുന്നു. 

കെ ടി ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പ് പൂർണ രൂപത്തിൽ

വന്ദേഭാരതിന് മലപ്പുറം ജില്ലയിൽ മാത്രം സ്റ്റോപ്പില്ല!!! മലപ്പുറത്തുകാരെന്താ കടലാസിൻ്റെ ആളുകളോ?
വന്ദേഭാരത്, രാജധാനി ഉൾപ്പടെ 13 ട്രൈനുകൾക്ക് മലപ്പുറം ജില്ലയിൽ സ്റ്റോപ്പില്ല. കേരളത്തിൽ ഏറ്റവുമധികം ജനസംഖ്യയുള്ള ജില്ലയാണ് മലപ്പുറം. അവസാനം നടന്ന സെൻസസ് പ്രകാരം 45 ലക്ഷം മനുഷ്യരാണ് ഇവിടെ ജീവിക്കുന്നത്. എല്ലാവരെയും പോലെ മലപ്പുറത്തുകാരും നികുതി കൊടുക്കുന്നവരാണ്. ആ ഓർമ്മ ജില്ലയെ അവഗണിക്കുന്ന ഇന്ത്യൻ റെയിൽവേക്ക് ഉണ്ടാവണം.

 
കേന്ദ്രസർക്കാറിൻ്റെയും ഇന്ത്യൻ റെയിൽവേയുടെയും ക്രൂരമായ അവഗണനക്കെതിരെ ജില്ലയിൽ ശക്തമായ പ്രതിഷേധമുയരണം. മലപ്പുറം പൊന്നാനി എം.പിമാർ കാര്യങ്ങളുടെ നിജസ്ഥിതി   ജനങ്ങളോട് തുറന്ന് പറയണം. ബി.ജെ.പി നയിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ പ്രത്യക്ഷ സമരത്തിന് എന്തെങ്കിലും പരിമിതികൾ അവർക്കുണ്ടെങ്കിൽ വ്യക്തമാക്കണം. 


മലപ്പുറം ജില്ലയിലൂടെ കടന്ന് പോകുന്ന താഴെ പറയുന്ന 14 ട്രൈനുകൾക്ക് തിരൂർ ഉൾപ്പടെ ജില്ലയിലെ ഒരു സ്റ്റേഷനിലും സ്റ്റോപ്പില്ല. ഇത്രമാത്രം അവഗണിക്കപ്പെടാൻ മലപ്പുറം ജില്ലക്കാർ എന്ത് തെറ്റ് ചെയ്തു?


1) ട്രൈൻ നമ്പർ: 12217, 
കേരള സമ്പർക് ക്രാന്തി എക്സ്പ്രസ്
2) നമ്പർ: 19577, തിരുനൽവേലി-ജാം നഗർ എക്സ്പ്രസ്
3) നമ്പർ: 22630, തിരുനൽവേലി-ദാദർ എക്സ്പ്രസ്സ്
4) നമ്പർ: 22659, കൊച്ചുവേളി-ഋഷികേശ് എക്സപ്രസ്സ്
5) നമ്പർ: 22653, തിരുവനന്തപുരം- ഹസ്രത്ത് നിസാമുദ്ദീൻ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്
6) നമ്പർ: 02197,  ജബൽപൂർ സ്പെഷൽ ഫെയർ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്
7) നമ്പർ: 20923, 
ഗാന്ധിധാം ഹംസഫർ എക്സ്പ്രസ്,
😎 നമ്പർ: 22655, എറണാങ്കുളം-ഹസ്രത്ത് നിസാമുദ്ധീൻ സൂപ്പർ ഫാസ്റ്റ്  എക്സപ്രസ്
9) നമ്പർ: 12483, അമൃതസർ വീക്ക്ലി സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്സ്
10) നമ്പർ: 22633, തിരുവനന്തപുരം-ഹസ്രത്ത് നിസാമുദ്ദീൻ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്,
11) നമ്പർ: 20931,  ഇൻഡോർ വീക്ക്ലി സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്സ്
12) നമ്പർ: 12431,  ഹസ്രത്ത് നിസാമുദ്ദീൻ രാജധാനി എക്സ്പ്രസ്സ്
13) നമ്പർ: 22476, ഹിസർ എ.സി സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്
മലപ്പുറം ജില്ലക്കാരെന്താ കടലാസിൻ്റെ ആളുകളോ? 

കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്‌സ്പ്രസിന്‍റെ സ്റ്റോപ്പുകളുടെ പട്ടിക പുറത്തുവന്നപ്പോള്‍, തിരൂരിനെ ഒഴിവാക്കിയത് ഒരുതരത്തിലും നീതീകരിക്കാനാവാത്തതെന്ന് പൊന്നാനി എം.പി. ഇ.ടി. മുഹമ്മദ് ബഷീര്‍. ഇത് മലപ്പുറം ജില്ലയോടുള്ള കടുത്ത അനീതിയാണ്. അവഗണനയ്‌ക്കെതിരെ ബഹുജനങ്ങളെ അണിനിരത്തി ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

രണ്ടാമത്തെ പരീക്ഷണ ഓട്ടത്തില്‍ തിരൂരില്‍ നിര്‍ത്താതെ പോയപ്പോള്‍ തന്നെ അവഗണനയുടെ സൂചന ലഭിച്ചിരുന്നു. അന്നുതന്നെ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനെ ബന്ധപ്പെടുകയും സ്റ്റോപ്പ് അനുവദിക്കണമെന്ന് കത്തെഴുതുകയും ചെയ്തിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നേരത്തേ, ചെങ്ങന്നൂരിനേയും തിരൂരിനേയും ഒഴിവാക്കി വന്ദേഭാരത് എക്‌സ്പ്രസിന്റെ സ്‌റ്റോപ്പുകളുടെ പട്ടിക പുറത്തുവന്നിരുന്നു. തിരുവനന്തപുരവും കാസര്‍കോടുമടക്കം ഒമ്പത് സ്റ്റേഷനുകളാണ് പട്ടികയിലുള്ളത്. തിരൂരിനെ ഒഴിവാക്കി ഷൊര്‍ണൂരില്‍ സ്റ്റോപ്പ് അനുവദിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker