KeralaNews

യു.എ.ഇ ഭരണാധികാരിയ്ക്ക് കത്തയച്ചിട്ടുണ്ട്, അബ്ദുൽ ജലീൽ എന്ന പേരിൽ; കാരണമിതാണ്, വിശദീകരിച്ച് കെ.ടി.ജലീൽ

തിരുവനന്തപുരം :സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലെ ആരോപണങ്ങളിൽ പ്രതികരണവുമായി മുൻമന്ത്രി കെ.ടി.ജലീല്‍. സ്വപ്നയുടെ ആരോപണങ്ങളിൽ പുതുമയില്ലെന്ന് ജലീല്‍ പറഞ്ഞു. ആദ്യം മുതൽ പറഞ്ഞ കാര്യങ്ങൾ ആവർത്തിച്ചു. കള്ളക്കടത്തിൽ പങ്കുണ്ടെന്ന ആരോപണം ഇതോടെ അപ്രസക്തമായെന്നും ജലീൽ ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്തു നടത്തിയ വാർത്താ സമ്മേളനത്തിലാണ് സത്യവാങ്‌മൂലത്തിലെ ആരോപണങ്ങളോട് ജലീൽ പ്രതികരിച്ചത്.

‘‘യുഎഇ ഭരണാധികാരിക്ക് ഒന്നിനു വേണ്ടിയും കത്തയച്ചിട്ടില്ല. യുഎഇ കോൺസൽ ജനറലുമായി ബിസിനസിനും ശ്രമിച്ചിട്ടില്ല. ഗൾഫിലോ നാട്ടിലോ ബിസിനസോ ബിസിനസ് പങ്കാളിത്തമോ ഇല്ല. ജീവിതത്തിൽ ഒരു ചെറിയ കാലത്തൊഴികെ ബിസിനസ് ഇടപാട് നടത്തിയിട്ടില്ല. യൂത്ത് ലീഗ് ഭാരവാഹി ആയിരിക്കെ ഒരു ട്രാവൽ ഏജന്‍സി നടത്തിയിരുന്നു’’ – ജലീൽ പറഞ്ഞു.

‘‘നികുതി അടയ്ക്കാത്ത ഒരു രൂപപോലും എന്റെ കൈവശമില്ല. ബാങ്ക് അക്കൗണ്ട് പരിശോധിച്ച എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) ഇതു പണ്ടേ ബോധ്യപ്പെട്ടതാണ്. എല്ലാവരും സ്വപ്നയെപ്പോലെ തനിക്ക് എന്തുകിട്ടും എന്നു ചിന്തിക്കുന്നവരല്ല. അവിഹിത സമ്പാദ്യമോ ബിസിനസ് വിഹിതമോ ഉണ്ടെങ്കിൽ ഞാൻ ഇങ്ങനെയാവില്ല ജീവിക്കുക’’ – ജലീൽ പറഞ്ഞു.

അതേസമയം, മാധ്യമം പത്രത്തിനെതിരെ കോൺസൽ ജനറലിന് കത്തുകൊടുത്തിട്ടുണ്ടെന്ന് ജലീല്‍ സ്ഥിരീകരിച്ചു. ‘‘മാധ്യമം പത്രത്തിന്റെ കോവിഡ് റിപ്പോർട്ടിങ്ങിലെ പ്രശ്നങ്ങളാണ് കത്തിലൂടെ കോൺസൽ ജനറലിനെ അറിയിച്ചത്. ഉചിതമായ നടപടിയെടുക്കാൻ ആവശ്യപ്പെട്ടാണ് കത്തയച്ചത്. പഴ്സനൽ ഐഡിയിൽനിന്ന് ഇ–മെയിലാണ് അയച്ചത്. അബ്ദുൽ ജലീൽ എന്ന പേരിലാണ് അയച്ചത്. അത് എന്റെ ഒദ്യോഗിക നാമമാണ്. ഇതിൽ പ്രോട്ടോക്കോൾ ലംഘനമുണ്ടോ? ഒരു യുഡിഎഫ് എംപിയും ഇതുപോലെ കത്തയച്ചിട്ടുണ്ട്’’ – ജലീൽ വിശദീകരിച്ചു.

സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് ജലീലിനെതിരായ ആരോപണങ്ങൾ ഉൾപ്പെടുന്ന സ്വപ്ന സുരേഷിന്റെ സത്യവാങ്‌മൂലം ഇന്നു പുറത്തായിരുന്നു. യുഎഇ ഭരണാധികാരിയുടെ ‘ഗുഡ്’ ബുക്കിൽ പേരു വരാൻ കെ.ടി.ജലീൽ ശ്രമിച്ചെന്നും പ്രത്യേക പരിഗണന ലഭിച്ചാൽ കൂടുതൽ ബിസിനസ് നടത്താൻ കഴിയുമെന്ന് ജലീൽ പറഞ്ഞുവെന്നും സ്വപ്നയുടെ സത്യവാങ്‌മൂലത്തിലുണ്ട്.

ജലീൽ യുഎഇ കോൺസുലേറ്റ് ജനറലുമായി വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ രഹസ്യ ചർച്ചകൾ നടത്തി. എല്ലാറ്റിനും മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണയുണ്ടെന്ന് ജലീൽ കോൺസൽ ജനറലിന് ഉറപ്പു നൽകിയെന്നും സ്വപ്നയുടെ സത്യവാങ്മൂലത്തിൽ പറയുന്നു. ജലീലുമായി ചേർന്ന് ബിസിനസ് തുടങ്ങുമെന്ന് കോൺസൽ ജനറൽ പറഞ്ഞതായും മാധ്യമം പത്രത്തെ യുഎഇയിൽ നിരോധിക്കാൻ ജലീൽ കോൺസുലേറ്റ് ജനറൽ വഴി ശ്രമിച്ചതായും സത്യവാങ്മൂലത്തിലുണ്ട്. ഈ സാഹചര്യത്തിലാണ് മറുപടിയുമായി ജലീൽ രംഗത്തെത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker