തിരുവനന്തപുരം : ഡ്യൂട്ടി പരിഷ്കരണമടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ കെഎസ്ആർടിസി സിഎംഡി വിളിച്ച അംഗീകൃത തൊഴിലാളി സംഘടനാ നേതാക്കളുമായുള്ള യോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കും.വൈകീട്ട് നാലരയോടെ ചീഫ് ഓഫീസിലെ കോൺഫറൻസ് ഹാളിലാണ് യോഗം.
ആഴ്ചയിൽ 6 ദിവസവും 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി നടപ്പാക്കൽ,അക്കൗണ്ട്സ് വിഭാഗം ജീവനക്കാരുടെ ഓഫീസ് സമയ മാറ്റം,ഓപ്പറേഷൻ വിഭാഗം ജീവനക്കാരുടെ കളക്ഷൻ ഇൻസെന്റീവ് പാറ്റേൺ പരിഷ്കരണം അടക്കമുള്ള കാര്യങ്ങളാണ് പ്രധാന അജണ്ട.ഒക്ടോബർ 1 മുതൽ ഘട്ടം ഘട്ടമായി പരിഷ്കരണ നടപടികൾ നടപ്പാക്കിത്തുടങ്ങാനാണ് മാനേജ്മെന്റ് തീരുമാനം.
എന്നാൽ സിഐടിയു ഒഴികെയുള്ള യൂണിയനുകൾ 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടിയിൽ അടക്കം പ്രത്യക്ഷമായി എതിർപ്പ് അറിയിച്ചിട്ടുണ്ട്. ഒക്ടോബർ1 മുതൽ കോൺഗ്രസ് അനുകൂല ടിഡിഎഫ് അനിശ്ചിതകാല സമരം അടക്കം പ്രഖ്യാപിച്ച് മുന്നോട്ടു പോകുന്നതിനിടയിലാണ് ജീവനക്കാരെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ മാനേജ്മെന്റ് യോഗം വിളിച്ചത്