KeralaNews

KSRTC കെഎസ്ആർടിസി ദീർഘദൂര ബസ്സുകളുടെ നിരക്കു കുറയ്ക്കും, നടപടി ചാർജ് വർധന തിരിച്ചടിയാക്കാതിരിയ്ക്കാൻ

തിരുവനന്തപുരം: കെഎസ്ആർടിസി (KSRTC) ദീർഘ ദൂര ബസ്സുകളുടെ നിരക്കിൽ കുറവ് വരും എന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ബസ് ചാർജ് നിരക്ക് വർദ്ധന കെഎസ്ആർടിസിക്ക് തിരിച്ചടി ആകുന്നത് ഒഴിവാക്കാൻ ആണിത്. നിരക്ക് വർധന സംബന്ധിച്ച വിജ്ഞാപനം ഇന്ന് ഇറങ്ങുമെന്നും ആന്റണി രാജു പറഞ്ഞു. മെയ് ഒന്ന് മുതലാണ് പുതുക്കിയ ബസ് നിരക്ക് നിലവിൽ വരിക.

സംസ്ഥാനത്ത് ബസ്, ഓട്ടോ, ടാക്സി നിരക്ക് വർധിപ്പിക്കാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം അനുമതി നൽകുകയായിരുന്നു. ബസ്സുകളുടെ മിനിമം നിരക്ക് പത്ത് രൂപയാക്കും. കിലോ മീറ്ററിന് ഒരു രൂപ കൂട്ടും. ഓട്ടോ മിനിമം ചാർജ്ജ് 25 രൂപയിൽ നിന്നും 30 ആക്കും. ടാക്സി മിനിമം ചാർജ്ജ് ഇരുന്നൂറാക്കും.

വിദ്യാർത്ഥികളുടെ നിരക്ക് പരിഷ്ക്കരിക്കുന്നത് പഠിക്കാൻ ഇന്ന് കമ്മീഷനെ വെക്കും. ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ ശുപാർശ പ്രകാരം മാർച്ച് 30 ന് ചേർന്ന എൽഡിഎഫ് യോഗം നിരക്ക് വ‍ർദ്ധനക്ക് അനുകൂലമായി തീരുമാനമെടുത്തിരുന്നു. വിഷു, ഈസ്റ്റർ അടക്കമുള്ള ആഘോഷങ്ങൾ കഴിയാൻ കാത്തിരിക്കുകയായിരുന്നു സർക്കാർ.

വിവാദങ്ങള്‍ക്കിടെ കെ എസ് ആര്‍ ടി സിയുടെ കെ സ്വിഫ്റ്റ് ബസുകള്‍ക്ക് മികച്ച നേട്ടം. സര്‍വീസ് ആരംഭിച്ചതിന് ശേഷം ഏപ്രില്‍ 17 വരെ 35,38,291 രൂപയാണ് കളക്ഷനായി കെ സ്വിഫ്റ്റിന് ലഭിച്ചത്. ഏപ്രില്‍ 11 നാണ് കെ സ്വിഫ്റ്റ് സര്‍വീസ് തുടങ്ങിയത്. ഏപ്രില്‍ 18, 19 തിയതികളില്‍ ലഭിച്ച കളക്ഷന്‍ ക്രോഡീകരിച്ചു വരികയാണെന്ന് അധികൃതര്‍ അറിയിച്ചു. 78,415 കിലോമീറ്ററാണ് സ്വിഫ്റ്റ് ബസുകള്‍ ഏപ്രില്‍ 11 മുതല്‍ 17 വരെ സര്‍വീസ് നടത്തിയത്. കെ സ്വിഫ്റ്റിന്റെ ബെംഗളൂരുവിലേക്കുള്ള സര്‍വീസുകളാണ് കളക്ഷനില്‍ ഒന്നാമത്.

2021 ഫെബ്രുവരി 19നാണ് കെ എസ് ആര്‍ ടി സി സ്വിഫ്റ്റ് കമ്പനി രൂപീകരിക്കാന്‍ തീരുമാനം എടുത്തത്. നിയമനങ്ങളെല്ലാം കരാര്‍ അടിസ്ഥാനത്തിലായിരുന്നു. അതേസമയം കെ എസ് ആര്‍ ടി സിക്ക് സ്വിഫ്റ്റ് സര്‍വീസ് ലാഭമാണോ എന്ന് കുറച്ചു കാലത്തെ പ്രവര്‍ത്തനം നിരീക്ഷിച്ചതിന് ശേഷമേ പറയാന്‍ കഴിയൂ എന്നാണ് മാനേജ്‌മെന്റ് അറിയിക്കുന്നത്. എന്നാല്‍, സ്വിഫ്റ്റ് കമ്പനിക്ക് സര്‍വീസുകള്‍ ലാഭമാണെന്ന് കെ എസ് ആര്‍ ടി സി വ്യക്തമാക്കി. സ്വിഫ്റ്റിന്റെ 30 ബസുകളാണ് ആദ്യ ഘട്ടത്തില്‍ കെ എസ് ആര്‍ ടി സിക്ക് വാടകയ്ക്ക് നല്‍കിയിരിക്കുന്നത്.

മള്‍ട്ടി ആക്‌സില്‍ ബസുകള്‍ക്ക് കിലോമീറ്ററിനു 26 രൂപയും മറ്റുള്ള ബസുകള്‍ക്ക് 20 രൂപയും നല്‍കാനാണ് കെ എസ് ആര്‍ ടി സിയുടെ തീരുമാനം. കെ എസ് ആര്‍ ടി സിയുടെ സേവനങ്ങള്‍ ഉപയോഗിക്കുന്നതിന് സ്വിഫ്റ്റ് ഫീസ് നല്‍കുകയും വേണം. സര്‍ക്കാര്‍ പദ്ധതി ഫണ്ടില്‍ നിന്ന് അനുവദിച്ച 50 കോടി രൂപ കൊണ്ട് 100 ബസുകള്‍ നിരത്തിലിറക്കാനാണ് സ്വിഫ്റ്റ് പദ്ധതിയിടുന്നത്. ഏപ്രിലില്‍ 100 ബസുകളും പുറത്തിറക്കാനാണ് തീരുമാനമെന്ന് സ്വിഫ്റ്റ് ജനറല്‍ മാനേജര്‍ കെ വി രാജേന്ദ്രന്‍ പറയുന്നു. വോള്‍വോയുടെ 8 എ സി സ്ലീപ്പര്‍ ബസുകളും 20 എ സി സെമി സ്ലീപ്പര്‍ ബസുകളും 72 നോണ്‍ എ സി ബസുകളുമാണ് സ്വിഫ്റ്റിന്റെ 100 ബസുകളുടെ കൂട്ടത്തില്‍ ഉള്ളത്.

ഇതില്‍ 8 വോള്‍വോ ബസുകള്‍ ഇതിനോടകം സര്‍വീസിന്റെ ഭാഗമായി കഴിഞ്ഞു. തിരുവനന്തപുരത്ത് നിന്നും ബെംഗളൂരുവിലേക്കും ബെംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്കും എറണാകുളത്ത് നിന്ന് ബെംഗളൂരുവിലേക്കും ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്കും ആണ് വോള്‍വോ ബസുകള്‍ സര്‍വീസ് നടത്തുന്നത്. ദീര്‍ഘദൂര ബസുകള്‍ സ്വിഫ്റ്റിന്റെ ഭാഗമാകുന്നതോടു കൂടി പ്രവര്‍ത്തന ചെലവ് കുറയ്ക്കാന്‍ കഴിയും എന്നാണ് കെ എസ് ആര്‍ ടി സി അധികൃതരുടെ വിലയിരുത്തല്‍.

കണിയാപുരത്ത് നിന്നും തിരുവനന്തപുരം – നാഗര്‍കോവില്‍ വഴി ബെംഗളൂരുവിലേക്ക് പരീക്ഷണാടിസ്ഥാനത്തില്‍ സ്വിഫ്റ്റ് സര്‍വീസ് ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്നും പാലക്കാട് സേലം വഴി ബെംഗളൂരുവില്‍ എത്തുന്നതിനേക്കാള്‍ 4 മണിക്കൂറോളം സമയ ലാഭം നാഗര്‍കോവില്‍ വഴിയുള്ള സര്‍വീസിന് ലഭിക്കും എന്ന് അധികൃതര്‍ പറയുന്നു. കണിയാപുരത്ത് നിന്നും വൈകിട്ട് ഏഴ് മണിക്ക് ആരംഭിക്കുന്ന ഈ സര്‍വീസ് ടെക്‌നോപാര്‍ക്കില്‍ എത്തി ജീവനക്കാരുമായാണ് യാത്ര ആരംഭിക്കുന്നത്.

കെ സ്വിഫ്റ്റിന്റെ വരവ് സ്വകാര്യ ബസുകള്‍ നിരക്ക് കുറയ്ക്കാന്‍ കാരണമായി എന്ന് ദീര്‍ഘ ദൂര യാത്രാക്കൂലി താരതമ്യം ചെയ്ത് കെ എസ് ആര്‍ ടി സി അവകാശപ്പെട്ടിരുന്നു.അന്തര്‍ സംസ്ഥാന റൂട്ടുകളില്‍ അവധി ദിനം പോലെ തിരക്കുള്ള സമയത്ത് കൂടിയ നിരക്കും തിരക്ക് കുറഞ്ഞ മറ്റു ദിവസങ്ങളില്‍ മറ്റൊരു നിരക്കുമാണ് സ്വകാര്യ ടൂര്‍ ഓപറേറ്റര്‍മാര്‍ ഈടാക്കിയരുന്നത്. എന്നാല്‍ കെ സ്വിഫ്റ്റില്‍ എപ്പോഴും ഒരു നിരക്കായിരിക്കും എന്നതിനാല്‍ സ്വകാര്യ ബസ് ഓപറേറ്റര്‍മാരും അതേ രൂപത്തില്‍ നിരക്ക് കുറക്കേണ്ടി വരുമെന്നാണ് കണക്കുകൂട്ടല്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker