തിരുവനന്തപുരം: ശമ്പള പ്രതിസന്ധിയിൽ പ്രതിഷേധിച്ച് കെ എസ് ആർ ടി സിയിൽ വിവിധ തൊഴിലാളി യൂണിയനുകൾ പ്രഖ്യാപിച്ച പണിമുടക്ക് തുടങ്ങി. അർദ്ധരാത്രി തുടങ്ങിയ പണിമുടക്ക് വെള്ളിയാഴ്ച രാത്രി 12 മണി വരെ തുടരും. സമരത്തെ നേരിടാൻ മാനേജ്മെൻറ് ഡയസ് നോൺ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പണിമുടക്കിൽ ഉറച്ച് നിൽക്കുന്നതായി ഐ എൻ ടി യു സി, ബി എം എസ്, എ ഐ ടി യു സി യൂണിയനുകൾ അറിയിച്ചു. സംസ്ഥാനത്ത് 93 യുണിറ്റുകളിൽ നിന്ന് പ്രതിദിനം 3700 ഷെഡ്യുളുകളാണ് കെ എസ് ആർ ടി സിക്ക് ഉള്ളത്. ഇതിൽ 40% ത്തോളം ഷെഡ്യൂളുകളെയെങ്കിലും സമരം ബാധിക്കും എന്നാണ് അനുമാനം. ഭരണാനുകൂല സംഘടനയായ സി ഐ ടി യു സമരത്തിൽ നിന്ന് വിട്ടു നിൽക്കുന്നുണ്ടെങ്കിലും കൂടുതൽ ജീവനക്കാർ സമരത്തിന് ഇറങ്ങുകയാണ്. അതുകൊണ്ടുതന്നെ യാത്രാ പ്രതിസന്ധി രൂക്ഷമാകും. തെക്കൻ ജില്ലകളിലെയും മലയോര മേഖലകളിലെയും യാത്രക്കാരെയാവും പണിമുടക്ക് കാര്യമായി ബാധിക്കുക.
ശമ്പള വിതരണം അടക്കമുള്ള വിഷയങ്ങളിൽ കെ എസ് ആർ ടി സിയിലെ പ്രതിപക്ഷ സംഘടനകളും മാനേജ്മെന്റും നടത്തിയ ചർച്ച പരാജയമായതോടെയാണ് ഇന്നലെ വൈകിട്ട് പണിമുടക്ക് പ്രഖ്യാപിച്ചത്. 24 മണിക്കൂർ പണിമുടക്കുമെന്നാണ് പ്രതിപക്ഷ സംഘടനകൾ അറിയിച്ചത്. മന്ത്രി മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞ വാക്ക് പാലിച്ചില്ലെന്നും അവർ കുറ്റപ്പെടുത്തി. ഈ മാസം 10 ന് ശമ്പളം നൽകാമെന്നാണ് വ്യാഴായ്ച നടന്ന ചർച്ചയിൽ കോർപറേഷൻ സി എം ഡി ബിജു പ്രഭാകർ പറഞ്ഞത്. എന്നാൽ 10 ന് ശമ്പളം കിട്ടുമെന്ന് ഉറപ്പില്ലെന്ന് പ്രതിപക്ഷ സംഘടനകൾ പറഞ്ഞു. ശമ്പളം നൽകാൻ സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് ആത്മാർത്ഥമായ ശ്രമമില്ല. ഗതികേട് കൊണ്ടാണ് സമരം ചെയ്യേണ്ടി വരുന്നതെന്ന് യാത്രക്കാർ മനസിലാക്കണം. ഇപ്പോൾ സൂചന സമരമാണ് പ്രഖ്യാപിച്ചിരിക്കുന്നതെന്നും ഫലമില്ലെങ്കിൽ വലിയ പ്രക്ഷോഭം നടത്തുമെന്നും സംഘടനാ നേതാക്കൾ തിരുവനന്തപുരത്ത് അറിയിച്ചു.
കെഎസ്ആർടിസിയിൽ ഡയസ്‌നോൺ പ്രഖ്യാപിച്ചു; സമരം ചെയ്യുന്ന ജീവനക്കാർക്ക് ഒരു ദിവസത്തെ വേതനം കിട്ടില്ല
അതേസമയം പണിമുടക്കിനെ നേരിടാൻ കെ എസ് ആർ ടി സിയിൽ ഡയസ്നോൺ പ്രഖ്യാപിച്ചിട്ടുണ്ട്. സമരം ചെയ്യുന്ന ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് ഒരു ദിവസത്തെ വേതനം ഈടാക്കും. മാനേജ്മെന്റിന്റെ സമ്മർദ്ദത്തിന് വഴങ്ങാതെ സമരവുമായി മുന്നോട്ട് പോകുകയാണ് പ്രതിപക്ഷ യൂണിയനുകൾ.
ഒരു മാസത്തെ ശമ്പള വിതരണത്തിന് കെ എസ് ആർടിസിക്ക് വേണ്ടത് ഏകദേശം 82 കോടിയോളം രൂപയാണ്.
ഏപ്രിൽ മാസം കെ എസ് ആർ ടി സിയുടെ വരുമാനം ഏതാണ്ട് 167 കോടിയാണ്. എന്നിട്ടും ശമ്പളം നൽകാനാകുന്നില്ല. ഇന്ധന വില വർദ്ധന കണക്ക് കൂട്ടലുകൾ തെറ്റിക്കുന്നുവെന്നാണ് ഔദ്യോഗിക വിശദീകരണം. ഗതാഗത മന്ത്രിയും അത് ആവർത്തിക്കുന്നു. പ്രതിദിന വരുമാനത്തിന്റെ മൂന്നിൽ രണ്ട് ഭാഗവും ഇന്ധന ചെലവിനായി നീക്കി വക്കുന്നു. ദീർഘകാല വായ്പപയുടെ തിരിച്ചടവിനായി ഒരു കോടിയോളം പ്രതിദിനം മാറ്റി വക്കണം. ഇതെല്ലാം കിഴിച്ചാൽ മാസാവസാനം ശമ്പളം കൊടുക്കാൻ പണമില്ലെന്നാണ് കെ എസ് ആർ ടി സി വ്യക്തമാക്കുന്നത്.
പൊതു മേഖല സ്ഥാപനങ്ങളുടെ ശമ്പള ബാധ്യത അവർ തന്നെ വഹിക്കണമെന്നാണ് സർക്കാർ നിലപാട്. കെ എസ് ആർ ടി സി സേവന മേഖലയായതിനാൽ സർക്കാർ സഹായം നൽകും.
ബജറ്റിൽ ആയിരം കോടി വകയിരുത്തിയിട്ടുണ്ട്. ഇതിൽ 750 കോടിയോളം സഹകരണ ബാങ്കുകൾ വഴി വിതരണം ചെയ്യുന്ന പെൻഷനു വേണ്ടിയാണ്. അത് കിഴിച്ചാൽ ഇനി പ്രതിമാസം പരമാവധി 30 കോടിയിലധികം സഹായം നൽകാൻ ആകില്ലെന്നാണ് ധനവകുപ്പിന്റെ നിലപാട്.
സർക്കാർ സഹായമായി കിട്ടിയ 30 കോടിക്ക് പുറമേ 45 കോടി ബാങ്ക് ഓവർ ഡ്രാഫ്റ്റെടുത്താണ് കഴിഞ്ഞ മാസം കെ എസ് ആർ ടി സി യിൽ ശമ്പളം വിതരണം ചെയ്തത്. ഈ ബാധ്യത തീർക്കാതെ ഇനി ഈ മാസം ഓവർ ഡ്രാഫ്റ്റെടുക്കാനാകില്ല. ഈ മാസം അനുവദിച്ച 30 കോടി അക്കൗണ്ടിലെത്തിയാലും ശമ്പള വിതരണം നീളുമെന്നുറപ്പ്. ഇനി വിട്ടുവിഴ്ചക്കില്ലെന്നാണ് ജീവനക്കാരുടെ സംഘടനകൾ ഒന്നടങ്കം പറയുന്നത്. പ്രതിപക്ഷ ട്രേഡ് യൂണിയനുകൾ മെയ് 6 മുതൽ പ്രഖ്യാപിച്ച പണിമുടക്ക് ഒഴിവാകണമെങ്കിൽ ഇനി അത്ഭുതങ്ങൾ സംഭവിക്കണം.