കണ്ണൂർ: ക്രിസ്മസ് പുതുവത്സരത്തോടനുബന്ധിച്ച് ബെംഗളൂരുവിൽനിന്ന് സ്പെഷ്യൽ സർവീസുകളുമായി കെഎസ്ആർടിസി. തലശ്ശേരി – ബെംഗളൂരു സ്വിഫ്റ്റ് സൂപ്പർ ഡീലക്സ് എയർ ബസ്. ബെംഗളൂരു – പാലക്കാട് സൂപ്പർ ഡീലക്സ് ബസ് എന്നിവയാണ് യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കെഎസ്ആർടിസി പ്രഖ്യാപിച്ചിരിക്കുന്നത്. ബെംഗളൂരൂ മലയാളികൾക്ക് വേണ്ടിയും, വിദ്യർഥികൾക്കായുമാണ് സർവീസ് ഒരുക്കിയിരിക്കുന്നത്.
തലശ്ശേരി ബെംഗളൂരു ബസ് സർവീസ് രാത്രി 09:30ന് തലശ്ശേരിയിൽ നിന്ന് പുറപ്പെട്ട് പുലർച്ചെ 04:45 ന് ബെംഗളൂരു എത്തി ബെംഗളൂരുവിൽനിന്ന് രാത്രി 09:45 ന് തലശ്ശേരിയിലേക്ക് തിരിക്കുന്ന തരത്തിലാണ് ക്രമീകരിച്ചിട്ടുള്ളത്. തലശ്ശേരി – 21:30 (പിഎം), ഇരിട്ടി – 22:30 (പിഎം), മൈസൂർ-02:50 (എഎം), ബെംഗളൂരു – 04:45 (എഎം) എന്നിങ്ങനെയാണ് ബെംഗളൂരു സർവീസ്.
ബെംഗളൂരു – തലശ്ശേരി സർവീസ് ബെംഗളൂരു – 21:45 (പിഎം), മൈസൂർ – 01:00 (എഎം), ഇരിട്ടി – 04:45 (എഎം), തലശ്ശേരി – 06:00 (എഎം) എന്നിങ്ങനെയാണ് ക്രമീകരിച്ചിട്ടുള്ളത്. ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാൻ www.onlineksrtcswift.com എന്ന ഓൺലൈൻ വെബ്സൈറ്റുവഴി സാധിക്കും. ente ksrtc neo oprs എന്ന മൊബൈൽ ആപ്പുവഴിയും ടിക്കറ്റ് ബുക്കിങ്ങുണ്ട്. കൂടുതൽ വിവരങ്ങൾക്ക് കെഎസ്ആർടിസി തലശ്ശേരി ഫോൺ: 0490-2343333 നമ്പറിൽ ബന്ധപ്പെടാം.
ബെംഗളൂരു – പാലക്കാട് സൂപ്പർ ഡീലക്സ് സ്പെഷ്യൽ സർവീസ്. ക്രിസ്തുമസ് പുതുവത്സരത്തോടനുബന്ധിച്ചാണ് ക്രമീകരിച്ചിരിക്കുന്നത്. ഡിസംബർ 22 ,23 തീയതികളിൽ രാത്രി 08:30ന് ബെംഗളൂരു – പാലക്കാട് സൂപ്പർ ഡീലക്സ് സ്പെഷ്യൽ സർവീസ് ലഭ്യമാക്കിയത്. നിലവിലെ സർവീസുകൾക്കു പുറമെയാണ് ഈ സർവീസ് ക്രമീകരിച്ചിട്ടുള്ളത്. ടിക്കറ്റുകൾ സ്വിഫ്റ്റിന്‍റെ സൈറ്റ് വഴി തന്നെ മുൻകൂട്ടി ബുക്ക് ചെയ്യാൻ കഴിയും.
കെഎസ്ആർടിസി നേരത്തെ തന്നെ വിവിധ നഗരങ്ങളിലേക്ക് ക്രിസ്മസ് സ്പെഷ്യൽ സർവീസുകൾ പ്രഖ്യാപിച്ചിരുന്നു. കർണാടക ആർടിസി കേരളത്തിലെ വിവിധ നഗരങ്ങളിലേക്ക് 59 സർവീസുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ക്രിസ്മസ് തിരക്ക് പരിഗണിച്ചാണ് ഈ സർവീസുകളെല്ലാം പ്രഖ്യാപിച്ചിരിക്കുന്നത്.