തിരുവനന്തപുരം: കെഎസ്ആർടിസിയുടെ പ്രതിദിന വരുമാനം സർവകാല റെക്കോർഡിലേക്ക്. മണ്ഡലകാല, വിനോദ സഞ്ചാര സീസണുകൾ അടുത്തതോടെയാണ് കെഎസ്ആർടിസിയുടെ വരുമാനം കുതിച്ചുയരുന്നത്. ഈ തിങ്കളാഴ്‌ചയാണ് കെഎസ്ആർടിസി ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിദിന വരുമാനം സ്വന്തമാക്കിയത്. ഗണ്യമായ വരുമാനം വർധനയാണ് ഒറ്റയടിക്ക് കോർപ്പറേഷനിൽ ഉണ്ടായിരിക്കുന്നത്.
തിങ്കളാഴ്‌ച മാത്രം പ്രതിദിന വരുമാനം 9.22 കോടി എന്ന റെക്കോർഡ് ഉയരത്തിലേക്ക് എത്തിയിരുന്നു. കഴിഞ്ഞ വർഷം ഡിസംബറിൽ സ്ഥാപിച്ച റെക്കോർഡാണ് ഇക്കുറി പഴങ്കഥയായത്. 9.02 കോടി രൂപയായിരുന്നു കഴിഞ്ഞ വർഷം നേടിയ റെക്കോർഡ് വരുമാനം. ഇതിൽ നിന്ന് ഗണ്യമായ വർധനവാണ് ഇക്കുറി ഉണ്ടായിരിക്കുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം.
ശബരിമല സീസൺ ആയതിനാൽ തന്നെ ഇവിടുത്തേക്കുള്ള സ്‌പെഷ്യൽ സർവീസുകൾക്ക് ഒപ്പം മറ്റിടങ്ങളിലേക്കുള്ള സർവീസുകളുടെ കാര്യത്തിലും കൃത്യത പുലർത്തി കൊണ്ടാണ് കോർപ്പറേഷൻ വരുമാനത്തിൽ റെക്കോർഡ് നേടിയിരിക്കുന്നത്. മുൻകൂട്ടിയുള്ള ഓൺലൈൻ റിസർവേഷൻ സംവിധാനം ഉൾപ്പെടെ കളക്ഷനെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.
ഇതിന് പുറമേ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലെ അധിക സര്‍വീസുകളും വാരാന്ത്യ സര്‍വീസുകളും ഓപ്പറേറ്റ് ചെയ്‌തത് യാത്രക്കാര്‍ക്ക് ഏറെ ഗുണകരമായെന്ന് കെഎസ്ആര്‍ടിസി പുറത്തുവിട്ട വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. തിരുവനന്തപുരം-കോഴിക്കോട്-കണ്ണൂര്‍ സര്‍വീസുകള്‍ യാത്രക്കാര്‍ വലിയ രീതിയിൽ ഏറ്റെടുത്തതും വരുമാനം ഉയരാൻ കാരണമായി എന്നാണ് കണക്കുകൂട്ടുന്നത്.
അധികം ആളുകൾ ഇല്ലാതെ റൂട്ടുകളിൽ സർവീസുകൾ വെട്ടിച്ചുരുക്കിയും കടുത്ത നഷ്‌ടത്തിലുള്ള ട്രിപ്പുകൾ ഒഴിവാക്കിയും ഒക്കെയാണ് കെഎസ്ആർടിസി വരുമാനം തിരിച്ചുപിടിച്ചിരിക്കുന്നത്. ഇത്തവണ ശബരിമല വരുമാനം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. എന്നിട്ടും കഴിഞ്ഞ വർഷം സ്ഥാപിച്ച റെക്കോർഡ് 20 ലക്ഷം രൂപയുടെ വ്യത്യാസത്തിൽ മറികടക്കാൻ കോർപ്പറേഷന് കഴിഞ്ഞു.
ഈ നേട്ടത്തിനായി രാപ്പകല്‍ വ്യത്യാസം ഇല്ലാതെ പ്രവര്‍ത്തിച്ച മുഴുവന്‍ ജീവക്കാരെയും കൂടാതെ സൂപ്പര്‍വൈര്‍മാരെയും ഓഫീസര്‍മാരെയും ഗതാഗത വകുപ്പ് മന്ത്രിയും കെഎസ്ആർടിസി സിഎംഡിയും അഭിനന്ദിച്ചു. തൽസ്ഥിതി തുടർന്നാൽ ദിവസ വരുമാനം 10 കോടി കടക്കുക എന്ന കോർപ്പറേഷന്റെ സ്വപ്‌നം അധികം അകലെയാവില്ല.
അതേസമയം, കെഎസ്ആർടിസിയിൽ കൂടുതൽ പരിഷ്‌കാരങ്ങൾ നടപ്പിലാക്കാൻ ഒരുങ്ങുകയാണ് ഗതാഗത വകുപ്പ്. കുടുംബസമേതമുള്ള യാത്രക്കാരെ കൂടുതലായി ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതികൾ അണിയറയിൽ ഒരുങ്ങുന്നതെന്ന് മന്ത്രി കെബി ഗണേഷ് കുമാർ അറിയിച്ചിരുന്നു. പുതിയ യാത്രാ സംസ്‌കാരം കേരളത്തിൽ കൊണ്ടുവരുമെന്നും ഗണേഷ് പറഞ്ഞു.