തിരുവനന്തപുരം: യാത്രക്കാരെ ആകര്‍ഷിക്കാന്‍ പുതിയ പദ്ധതികളുമായി കെ.എസ്.ആര്‍.ടി.സി. ഓര്‍ഡിനറി ബസുകള്‍ ഇനി യാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്ഥലങ്ങളിലെല്ലാം നിര്‍ത്തുന്നത് ഉള്‍പ്പെടെയാണു പുതിയ പരിഷ്‌കാരങ്ങള്‍. ഇതോടെ എവിടെ നിന്നു വേണമെങ്കിലും ബസില്‍ കയറാം.
അണ്‍ലിമിറ്റഡ് ഓര്‍ഡിനറി സര്‍വീസ് എന്നാണ് ഇത് അറിയപ്പെടുക. ആദ്യഘട്ടത്തില്‍ തെക്കന്‍ ജില്ലകളില്‍ മാത്രമായിരിക്കും ഇതു നടപ്പിലാക്കുക. രാവിലെയും വൈകിട്ട് തിരിച്ചും യാത്രക്കാരെ തീരെ കിട്ടാത്ത ഷെഡ്യൂളുകള്‍ നഗരാതിര്‍ത്തിക്കു പുറത്തേക്കു മാറ്റി സ്റ്റേ സര്‍വീസുകളാക്കും. ഇതിലെ ജീവനക്കാര്‍ക്ക് ഡിപ്പോയില്‍ നിന്നുള്ള ദൂരം കണക്കാക്കി കിലോമീറ്ററിനു രണ്ടു രൂപ വീതം പ്രത്യേക അലവന്‍സ് നല്‍കും.
മാത്രമല്ല, ഓര്‍ഡിനറി ബസുകളുടെ റൂട്ട് നിശ്ചയിക്കേണ്ടതു യാത്രക്കാരുടെ കൂടെ അഭിപ്രായം പരിഗണിച്ചായിരിക്കണമെന്നും യാത്രക്കാരില്ലാത്ത ഷെഡ്യൂളുകള്‍ ഇനി ഓടിക്കാനാകില്ലെന്ന് എംഡി ബിജു പ്രഭാകര്‍ നിര്‍ദേശം നല്‍കി. ഓര്‍ഡിനറി കുറവുള്ള മലബാര്‍ മേഖലയില്‍ സ്റ്റോപ്പുകളില്‍ മാത്രം നിര്‍ത്തുന്ന പഴയ രീതി തുടരാം.
ഇന്ധന ചെലവ് കുറയ്ക്കാന്‍ നഷ്ടത്തിലുള്ള ഷെഡ്യുളുകള്‍ പരമാവധി സ്റ്റേ സര്‍വീസുകളാക്കി മാറ്റും. അഞ്ചു മാസത്തിനുള്ളില്‍ എല്ലാ ബസുകളിലും ജിപിഎസ് ഘടിപ്പിക്കാനും കാഷ് ലെസ് ടിക്കറ്റ് മെഷീനുകള്‍ ഏര്‍പ്പെടുത്താനും തീരുമാനിച്ചു. ഡെബിറ്റ് ക്രെഡിറ്റ് കാര്‍ഡുകള്‍ സൈ്വപ് ചെയ്യാന്‍ കഴിയുന്ന ടിക്കറ്റ് മെഷീനുകളും ബസുകളില്‍ ഏര്‍പ്പെടുത്താനും തീരുമാനമായി.