കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ പുഴയില്‍ മരിച്ച നിലയില്‍
മംഗളൂരു: കര്‍ണാടക ആര്‍.ടി.സി കണ്ടക്ടറെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുത്തൂര്‍ ഡിപ്പോയിലെ കണ്ടക്ടര്‍ ബാലകൃഷ്ണ ബിയാണ് മരിച്ചത്. കൂടാതെ അദ്ദേഹത്തിന്റേത് എന്ന് കരുതുന്ന ആത്മഹത്യ കുറിപ്പും പോലീസ് കണ്ടെടുത്തു. മംഗളൂരു നേത്രാവതി പുഴയ്ക്ക് കുറുകെയുള്ള റെയില്‍വേ പാലത്തില്‍ നിന്ന് ചാടിയാണ് ആത്മഹത്യ ചെയ്തതെന്ന് േെപാലീസ് പറഞ്ഞു.
ജോലിസ്ഥലത്തെയും കുടുംബത്തിലേയും പ്രശ്നങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് നല്‍കുന്ന സൂചന. ശമ്പളം ലഭിക്കാത്തതിനാല്‍ അദ്ദേഹം സാമ്പത്തിക പ്രതിസന്ധിയിലായിരുന്നുവെന്ന് പറയപ്പെടുന്നു. സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്നും ഉദ്യോഗസ്ഥര്‍ നിരന്തരം ഉപദ്രവിക്കുന്നുവെന്നും അമ്മയെയും മക്കളെയും നന്നായി പരിപാലിക്കണമെന്നും ആത്മഹത്യ കുറിപ്പിലുണ്ടെന്ന് പോലീസ് പറഞ്ഞു.
മൃതദേഹം കാണാന്‍ ആളുകള്‍ കൂടിയതിനാല്‍ നേത്രാവതി പാലത്തില്‍ കുറെ നേരത്തേക്ക് വാഹനഗതാഗതം തടസ്സപ്പെട്ടു. മിനിറ്റുകള്‍ക്ക് ശേഷം തന്നെ മൃതദേഹം പൊങ്ങിക്കിടന്നിരുന്നു. അഗ്‌നിശമന സേനാംഗങ്ങള്‍ മൃതദേഹം കരയിലെത്തിച്ചു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.