തിരുവനന്തപുരം: കെ.എസ്.ഇ.ബി സമരക്കാരെ പരിഹസിച്ച് ചെയര്‍മാന്‍ ബി അശോക്. സമരക്കാര്‍ വെറുതെ വെയിലും മഴയും കൊണ്ട് നില്‍ക്കുകയേ ഉള്ളൂ. സമരക്കാരോട് വാത്സല്യമുണ്ട്. വൈദ്യുതി ബോര്‍ഡില്‍ പ്രശ്നങ്ങളില്ലെന്നും അശോക് പറഞ്ഞു. കെ എസ്ഇബി ഒരു ബിസിനസ് സ്ഥാപനമാണ്. എല്ലാവരും സഹകരിച്ചാലേ മുന്നോട്ടു പോകൂ. പരസ്പര ബഹുമാനത്തോടെ സമവായത്തിന്റെ ഭാഷയാണ് മാനേജ്മെന്റിന്റേതെന്നും അശോക് പറഞ്ഞു.
ചെയര്‍മാന്‍ കടുത്ത നിലപാട് തുടരുന്നതിന് പിന്നില്‍ മന്ത്രിയുടെ പിന്തുണയാണെന്നാണ് സിപിഎമ്മിന്റെ വിശ്വാസം. സമരം എത്രയും വേഗം ഒത്തുതീര്‍പ്പാക്കണമെന്ന് മുഖ്യമന്ത്രി വൈദ്യുതമന്ത്രിക്ക് നിര്‍ദേശം നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്. സസ്പെന്‍ഷനിലുള്ള കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിസന്റ് എംജി സുരേഷ് കുമാര്‍ അടക്കമുള്ളവര്‍ വഹിച്ചിരുന്ന പദവികളിലേക്ക് പുതിയവരെ നിയമിച്ചു.
സുരേഷ് കുമാര്‍ വഹിച്ച പവര്‍ സിസ്റ്റം എന്‍ജിനീയറിങ്ങില്‍ പുതിയ ഇ ഇ യെയും ജാസ്മിന്‍ ബാനുവിന്റെ സീറ്റായ തിരുവനന്തപുരം ഡിവിഷണില്‍ പുതിയ ഇ ഇയെയും നിയമിച്ച് ഉത്തരവിറക്കി. സ്ഥാനക്കയറ്റം ലഭിച്ച എഇഇമാരെയാണ് പകരമായി നിയമിച്ചിരിക്കുന്നത്. സംഘടന ജനറല്‍ സെക്രട്ടറി ബി ഹരികുമാറിന് പ്രൊമോഷന്‍ നല്‍കിയിട്ടില്ല.
സമരം അവസാനിപ്പിക്കുന്നതിനായി ബോര്‍ഡ് മാനേജ്മെന്റും അസോസിയേഷനും തമ്മില്‍ നടത്തിയ ഇന്നലെ ചര്‍ച്ചയിലും തീരുമാനമായില്ല. ചര്‍ച്ചയില്‍ സിഎംഡി ബി അശോക് പങ്കെടുത്തിരുന്നില്ല. ബോര്‍ഡ് അംഗങ്ങളും സംഘടനാ പ്രതിനിധികളുമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. അശോക് അരസംഘിയാണെന്ന് സിഐടിയു സംസ്ഥാന സെക്രട്ടറി ആരോപിച്ചിരുന്നു.