KeralaNews

തെരഞ്ഞെടുപ്പ്‌ ലോക്‌സഭ;കാസര്‍കോട് സിപിഎമ്മിന് ജീവന്‍മരണ പോരാട്ടം,സ്ഥാനാര്‍ഥി സാധ്യത പട്ടികയില്‍ ഇവര്‍

കാസര്‍കോട്: വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലം തിരിച്ചു പിടിക്കുക എന്നത് സിപിഎമ്മിനെ സംബന്ധിച്ച് ജീവന്‍മരണ പോരാട്ടമാണ്. മണ്ഡലം രൂപീകരിച്ചതു മുതല്‍ കാസര്‍കോട് സിപിഎമ്മിന്റെ ഉറച്ച കോട്ടയാണ്. എകെ ഗോപാലന്‍ എന്ന സാക്ഷാല്‍ എകെജിയെ പാര്‍ലമെന്റിലേക്ക് അയച്ച് തുടങ്ങിയ അന്നുതൊട്ട് ചുകപ്പിനെ നെഞ്ചേറ്റുന്ന മണ്ഡലം. പിന്നീട് ഏതാനും ഇടര്‍ച്ചകള്‍ ഉണ്ടായെങ്കിലും അവയൊക്കെ കരുത്തോടെ വെട്ടിപ്പിടിച്ച ചരിത്രവും സിപിഎമ്മിനുണ്ട്.

2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് അത്തരത്തിലൊരു തിരിച്ചടിയായിരുന്നു. കേരളത്തില്‍ അലയടിച്ച യുഡിഎഫ് തരംഗത്തില്‍ ഒരിക്കലും കൈവിട്ടില്ലെന്നു കരുതിയ കാസര്‍കോടും നഷ്ടമായി. 40438 വോട്ടുകളുടെ ഭൂരിക്ഷത്തില്‍ സിപിഎമ്മിലെ കെ.പി സതീഷ്ചന്ദ്രനെ യുഡിഎഫിന്റെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പരാജയപ്പെടുത്തിയതോടെ നേതൃത്വം ആശ്ചര്യപ്പെട്ടു. അതുകൊണ്ട് തന്നെ ഇനി വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് പാര്‍ട്ടിയുടെ അഭിമാനം സംരക്ഷിക്കാനുള്ള മത്സരമാണ്.

യുഡിഎഫ് സ്ഥാനാര്‍ഥിയായി രാജ് മോഹന്‍ ഉണ്ണിത്താന്‍ തന്നെ വീണ്ടും വരുമെന്ന കാര്യത്തില്‍ തര്‍ക്കമൊന്നുമില്ലാത്തതിനാല്‍ അദ്ദേഹത്തോട് ഏറ്റമുട്ടാനുള്ള എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ പേരുകള്‍ ഇതിനകം പറഞ്ഞു തുടങ്ങിയിട്ടുണ്ട്. ഇതില്‍ മുന്നിലുള്ളത് വിപിപി മുസ്തഫയുടേതാണ്. തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എംബി രാജേഷിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന മുസ്തഫയെ ആ സ്ഥാനത്തു നിന്നും മാറ്റി കാസര്‍കോടിന്റെ സംഘടനാ കാര്യങ്ങളില്‍ ശ്രദ്ധിക്കാനും കൂടുതല്‍ ജനകീയ ഇടപെടല്‍ നടത്താനുമുള്ള അവസരം ഒരുക്കിയത് ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്നാണ് സംസാരം.

നിലവില്‍ സിപിഎം കാസര്‍കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ വിപിപി മുസ്തഫ ഇതിനകം പാര്‍ട്ടി സ്ഥാനാര്‍ഥി പട്ടികയില്‍ മുന്നിലുള്ളയാളാണ്. എന്നാല്‍ ജില്ലാ സെക്രട്ടറിയായ എംവി ബാലകൃഷ്ണന്റെ പേരും ഇതിനു പുറമേ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. നേതൃത്വവുമായി കൂടുതല്‍ അടുപ്പവും ജനകീയ വിഷയങ്ങളിലും സംഘടനാ പ്രവര്‍ത്തനത്തിലും മുന്നിലുള്ള ബാലകൃഷ്ണനും സ്ഥാനാര്‍ഥിയാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

ഇതിനൊക്കെ പുറമേ കാസര്‍കോട് ജില്ലയ്ക്ക് പുറത്തു നിന്നുള്ളതും എന്നാല്‍ ലോക്‌സഭ പരിധിക്കുള്ളിലുള്ളതുമായ കല്യാശേരിയില്‍ നിന്നുള്ള ടിവി രാജേഷിന്റെ പേരും സാധ്യതാ പട്ടികയിലുണ്ട്. നിലവില്‍ സംസ്ഥാന കമ്മിറ്റി അംഗമായ രാജേഷ് പയ്യന്നൂര്‍ ഏരിയയുടെ ആക്ടിങ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം അദ്ദേഹത്തെ ചുമതലയില്‍ നീക്കി പകരം പി സന്തോഷിനെ സെക്രട്ടറിയാക്കിയിരുന്നു. ഇതോടെയാണ് രാജേഷിന്റെ പേരും കാസര്‍കോട് മണ്ഡലത്തില്‍ ഉയര്‍ന്നു കേള്‍ക്കാന്‍ തുടങ്ങിയത്.

പി കരുണാകരന്റെ തുടര്‍ച്ചയായ മൂന്ന് ടേം വിജയത്തിനു ശേഷമാണ് അദ്ദേഹത്തെ മാറ്റി സതീഷ് ചന്ദ്രനെ പാര്‍ട്ടി മത്സരിപ്പിച്ചത്. എന്നാല്‍ എതിരാളിയായി യുഡിഎഫ് ഇറക്കിയത് രാജ്‌മോഹന്‍ ഉണ്ണിത്താനെയും. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പാളിച്ചയില്ലെങ്കിലും ജില്ലയിലെ കല്യാട്ട് നടന്ന ഇരട്ട കൊലപാതകം സിപിഎമ്മിന് കനത്ത തിരിച്ചടിയായി.

ഇതിനു പുറമേ ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ എടുത്ത നിലപാടും
വയനാട്ടില്‍ മത്സരിക്കാനെത്തിയ രാഹുല്‍ ഗാന്ധി പ്രഭാവവും തുടങ്ങി യുഡിഎഫ് തരംഗത്തിനൊപ്പം കാസര്‍കോടും സിപിഎമ്മിനെ കൈവിടുകയായിരുന്നു. കേരളത്തിലെ മറ്റ് ഏത് മണ്ഡലവും നഷ്ടപ്പെടുന്നതു പോലെയല്ല സിപിഎമ്മിന് കാസര്‍കോട്. തരിച്ചടി നേരിട്ടതിനെ കുറിച്ചുള്ള ചര്‍ച്ചയില്‍ മുകളില്‍ പറഞ്ഞ കാരണങ്ങളില്‍ തന്നെയാണ് തോല്‍വിയുടെ കാരണമായി കണക്കാക്കിയത്.

ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങള്‍ക്കു പുറമേ കണ്ണൂര്‍ ജില്ലയിലെ രണ്ട് നിയമസഭാ മണ്ഡലങ്ങളും ഉള്‍പ്പെടുന്നതാണ് കാസര്‍കോട് ലോക്‌സഭ മണ്ഡലത്തിന്റെ പരിധി. കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ എന്നീ മണ്ഡലങ്ങളും കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍, കല്യാശേരി എന്നീ നിയമസഭ മണ്ഡലങ്ങളുമാണത്. കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ശക്തമായ സ്വാധീനമുള്ള മണ്ഡലമാണ് കാസര്‍കോട്. 1957ലെ ആദ്യ തിരഞ്ഞെടുപ്പ് മുതല്‍ 1967 വരേയുള്ള മൂന്ന് ടേമുകളില്‍ മുതിര്‍ന്ന നേതാവായിരുന്ന എകെ ഗോപാലനായിരുന്നു മണ്ഡലത്തില്‍ നിന്നുള്ള ജനപ്രതിനിധി.

1971ലാണ് മണ്ഡലത്തില്‍ ആദ്യമായി കോണ്‍ഗ്രസ് വിജയിച്ചു. ഇന്നത്തെ കേരള കോണ്‍ഗ്രസ് എസ് നേതാവും ഇടതുപക്ഷ എംഎല്‍എയുമായ രാമചന്ദ്രന്‍ കടന്നപ്പള്ളിയാണ് വിജയിച്ചത്. 1977ലും കടന്നപ്പള്ളി കാസര്‍കോടിന്റെ എംപിയായ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 1980ല്‍ രമണ റായിയിലൂടെ സിപിഎം മണ്ഡലം തിരികെ പിടിച്ചു. എന്നാല്‍ 1984ല്‍ കോണ്‍ഗ്രസിലെ രാമറായി വീണ്ടും മണ്ഡലം പിടിച്ചു.

1989ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ രമണറായിലൂടെ വീണ്ടും സിപിഎം വിജയിച്ചു. 1991ലും അദ്ദേഹം വിജയം ആവര്‍ത്തിച്ചു. 1996 മുതല്‍ 99 വരെ മൂന്ന് തവണ പയ്യന്നൂരില്‍ നിന്നുള്ള ടി.ഗോവിന്ദനും 2004 മുതല്‍ 2014 വരെ മൂന്ന് തവണ പി കരുണാകരനും സിപിഎമ്മില്‍ നിന്നും കാസര്‍കോടുകാരുടെ ലോക്‌സഭാംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker