News

എന്റെ പെണ്‍മക്കളെയും വിവാദങ്ങളിലേക്ക് വലിച്ചിട്ട് വ്യക്തിപരമായി ഉപദ്രവിക്കുന്നു, അച്ഛനെന്ന നിലയില്‍ വിഷമമുണ്ട്; കൃഷ്ണ കുമാര്‍

തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിയായതിനെ തുടര്‍ന്ന് തന്റെ പെണ്‍മക്കളെ മനപ്പൂര്‍വ്വം വിവാദത്തിലേക്ക് വലിച്ചിടുകയാണ് ബിജെപി സ്ഥാനാര്‍ത്ഥിയും നടനുമായ കൃഷ്ണ കുമാര്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ജീവിതത്തിലെ ഏറ്റവും വലിയ ശക്തി നാല് പെണ്മക്കളടങ്ങുന്ന ഈ സന്തുഷ്ട കുടുംബമാണ്.

ഒരു കലാകാരന്‍ എന്ന നിലയിലും പൊതു പ്രവര്‍ത്തകന്‍ എന്ന നിലയിലും ബുദ്ധിമുട്ടുകള്‍ വന്നപ്പോള്‍ അവരുടെ പിന്തുണ ഇല്ലായിരുന്നെങ്കില്‍ ജീവിതം മറ്റൊന്നായേനെ. ഇപ്പോള്‍ തെരഞ്ഞെടുപ്പിന്റെ പേരില്‍ മക്കളെ വിവാദത്തിലേക്ക് വലിച്ചെഴക്കുന്നത് കാണുമ്പോള്‍ അച്ഛനെന്ന നിലയില്‍ ബുദ്ധിമുട്ടുണ്ടെന്നും കൃഷ്ണകുമാര്‍ കുറിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

ജീവിതത്തിലെ ഏറ്റവും വലിയ ശക്തി നാല് പെണ്മക്കളടങ്ങുന്ന ഈ സന്തുഷ്ട കുടുംബമാണ്. ഒരു കലാകാരന്‍ എന്ന നിലയിലും പൊതു പ്രവര്‍ത്തകന്‍ എന്ന നിലയിലും ബുദ്ധിമുട്ടുകള്‍ ഏറിയ ഓരോഘട്ടത്തിലും അവരുടെ പിന്തുണയില്ലായിരുന്നുവെങ്കില്‍ ജീവിതകഥ മറ്റൊന്നാകുമായിരുന്നു. ഇപ്പോള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെടുകയും, പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യാന്‍ ആരംഭിച്ചപ്പോള്‍ സ്വതന്ത്ര വ്യക്തികളായ എന്റെ പെണ്‍മക്കളെയും വിവാദങ്ങളിലേക്ക് വലിച്ചിട്ട് വ്യക്തിപരമായി ഉപദ്രവിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്.

ഒരു പൊതു പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഈ ഘട്ടത്തെ അതിജീവിക്കുകയും നേരിടുകയും തന്നെ ചെയ്യും. പക്ഷേ ഒരു അച്ഛന്‍ എന്ന നിലയില്‍ ഈ വിവാദങ്ങള്‍ ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. പക്ഷേ ആരോടും പരിഭവിക്കാതെ പറയാനുള്ള നിലപാടുകള്‍ ഉറച്ചു പറഞ്ഞുകൊണ്ട് മുന്നോട്ടു പോവുക തന്നെ ചെയ്യും. മക്കളുടെ പേരില്‍ വിവാദം ഉണ്ടാക്കിയാല്‍ വേദനിക്കുന്ന കൃഷ്ണകുമാര്‍ എന്ന അച്ഛനെ മാത്രമേ നിങ്ങള്‍ക്ക് അറിയൂ. എന്ത് പ്രതിസന്ധി വന്നാലും നിലപാടുകളില്‍ ഉറച്ചു നില്‍ക്കുകയും, പറയുന്ന നിലപാടിനോട് സത്യസന്ധത പുലര്‍ത്തുകയും ചെയ്യുന്ന കൃഷ്ണകുമാര്‍ എന്ന പൊതുപ്രവര്‍ത്തകനെ ഇപ്പോഴും വിവാദ കമ്മറ്റിക്കാര്‍ക്ക് മനസ്സിലായിട്ടില്ല എന്ന് തോന്നുന്നു.

അതേസമയം കൃഷ്ണകുമാര്‍ പൂര്‍ണരാഷ്ട്രീയക്കാരനാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നു അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ സിന്ധു കൃഷ്ണ. കല്യാണം കഴിക്കുന്നതുവരെ രാഷ്ട്രീയവുമായി ബന്ധപ്പെട്ട് യാതൊരു അറിവും എനിക്കില്ലായിരുന്നു. കൃഷ്ണകുമാര്‍ ജയിച്ചാല്‍ ഈ മണ്ഡലത്തിലെ ജനങ്ങള്‍ ജയിച്ചതുപോലെയാണെന്ന് സിന്ധു കൃഷ്ണ പറഞ്ഞു. അദ്ദേഹം ജയിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും സിന്ധു മാധ്യമങ്ങളോട് പ്രതികരിച്ചു. കൃഷ്ണകുമാര്‍ ജയിച്ചുകഴിഞ്ഞാല്‍ ഒരുപാട് കാര്യങ്ങള്‍ അദ്ദേഹത്തിനു ചെയ്യാനാകും. കേന്ദ്രത്തില്‍ നിന്നാണ് ഫണ്ട് വരുന്നത് അപ്പോള്‍ അദ്ദേഹം ജയിച്ചു കഴിഞ്ഞാല്‍ ഒരുപാട് വികസനങ്ങള്‍ ഉണ്ടാകും. മറ്റ് പാര്‍ട്ടിയിലെ ആളുകള്‍ ജയിച്ചാല്‍ പഴയ സ്ഥിതി തന്നെ തുടരും. അങ്ങനെയാണ് ഞാന്‍ രാഷ്ട്രീയത്തെ നിരീക്ഷിക്കുന്നത്. ഇതെന്റെ കാഴചപ്പാടാണ് സിന്ധു പറഞ്ഞു.

സിന്ധുവിന്റെ വാക്കുകള്‍

കിച്ചു (കൃഷ്ണകുമാര്‍) പൂര്‍ണരാഷ്ട്രീയക്കാരനാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. സുഹൃത്തുക്കള്‍ക്കും അല്ലെങ്കില്‍ മറ്റാര്‍ക്കെങ്കിലും വേണ്ടി ഇലക്ഷന്‍ പ്രചാരണത്തിനു പോകുമെന്നല്ലാതെ അതിനപ്പുറത്തേയ്ക്ക് ഞാനും ഒന്നും വിചാരിച്ചിരുന്നില്ല. എനിക്ക് വലുതായി രാഷ്ട്രീയമില്ല. കിച്ചുവിനെ കല്യാണം കഴിക്കുന്നതുവരെ രാഷ്ട്രീയവുമായി ബന്ധപ്പെട്ട് യാതൊരു അറിവും എനിക്കില്ലായിരുന്നു.

കേരളത്തില്‍ വന്ന ശേഷം പത്തൊന്‍പത് വയസ്സുള്ളപ്പോഴാണ് കോളജില്‍ ചേരുന്നത്. ഞങ്ങളുെട കോളജില്‍ രാഷ്ട്രീയം ഇല്ലായിരുന്നു. അതുകൊണ്ടാണ് ഇതിനെക്കുറിച്ച് വലിയ അറിവില്ലായിരുന്നത്. വിവാഹശേഷമാണ് ഞാന്‍ ആദ്യമായി വോട്ട് ചെയ്യുന്നത് തന്നെ. വോട്ടിങ് നമ്മുടെ അവകാശമാണെന്ന് പറഞ്ഞുതരാന്‍ പോലും അന്നൊന്നും ആരുമില്ലായിരുന്നു. കാലങ്ങള്‍ കഴിഞ്ഞപ്പോള്‍ രാഷ്ട്രീയം മനസിലായി തുടങ്ങി.

ഇപ്പോള്‍ കുറച്ചുകാലങ്ങളായി നമ്മള്‍ കാണുന്നതും അനുഭവിക്കുന്നതുമൊക്കെ വച്ച് എനിക്ക് എന്റേതായ ചില ധാരണകള്‍ ഉണ്ട്. നമ്മുടെ നികുതിപ്പണം എടുത്താണ് ഇവിടെ അഴിമതി നടക്കുന്നത്. ഇതൊന്നും ശരിയല്ല എന്നത് പതുക്കെയാണ് മനസിലായി തുടങ്ങിയത്. ആരൊക്കെ ഭരിച്ചാലും നമ്മള്‍ അതിജീവിക്കും.
കൃഷ്ണകുമാര്‍ ജയിക്കണം, ഇവിടെ അദ്ദേഹത്തിനെതിരെ മത്സരിക്കുന്നവര്‍ വളരെ അനുഭവസമ്പത്തുള്ളവരാണ്. ചിലരെ വ്യക്തിപരമായി അറിയാം. കൃഷ്ണകുമാര്‍ എന്റെ ഭര്‍ത്താവായതുകൊണ്ട് പറയുകയല്ല, ഇവരേക്കാളൊക്കെ മികച്ച സ്ഥാനാര്‍ഥി അദ്ദേഹം തന്നെയാണ്. കിച്ചുവിനെതിരെ പ്രവര്‍ത്തിക്കുന്ന ഓരോത്തുര്‍ക്കും ഇക്കാര്യം അറിയാം.

പ്രചാരണത്തിന് മുഴുവന്‍ സമയം അദ്ദേഹത്തിന്റെ കൂടെ നില്‍ക്കാനാകില്ല. എങ്കിലും അദ്ദേഹത്തിന്റെ കാര്യങ്ങള്‍ നോക്കാന്‍ ശ്രമിക്കാറുണ്ട്. എംഎല്‍എ കൃഷ്ണകുമാറിന്റെ ഭാര്യ എന്ന അലങ്കാരം വയ്ക്കണമെന്ന് ഒരിക്കലും ആഗ്രഹിക്കാത്ത ആളാണ് ഞാന്‍. കൃഷ്ണകുമാര്‍ ജയിച്ചാല്‍ ഈ മണ്ഡലത്തിലെ ജനങ്ങള്‍ ജയിച്ചതുപോലെയാണ്. കൃഷ്ണകുമാറിനെ തോല്‍പിച്ചാല്‍ എല്ലാവരും വീണ്ടും തോല്‍ക്കുന്നു. നമ്മുടെ ഈയൊരു മണ്ഡലത്തിലെ അവസ്ഥവച്ച് കൃഷ്ണകുമാര്‍ ജയിച്ചുകഴിഞ്ഞാല്‍ ഒരുപാട് കാര്യങ്ങള്‍ പരിഹരിക്കാന്‍ സാധിക്കും. കേന്ദ്രത്തില്‍ നിന്നാണ് ഫണ്ട് വരുന്നത്. അപ്പോള്‍ ഒരുപാട് വികസനങ്ങള്‍ ഉണ്ടാകും. മറ്റ് പാര്‍ട്ടിയിലെ ആളുകള്‍ ജയിച്ചാല്‍ പഴയ സ്ഥിതി തന്നെ തുടരും. അങ്ങനെയാണ് ഞാന്‍ രാഷ്ട്രീയത്തെ നിരീക്ഷിക്കുന്നത്. ഇതെന്റെ കാഴചപ്പാടാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker