KeralaNews

സംസ്ഥാനത്ത് രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും കൊവിഡ് ബാധ; വീണ്ടും കോവിഡ് കൂട്ടപരിശോധന നടത്താൻ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചതോടെ വിശദ പരിശോധനയ്ക്ക് ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം. സംസ്ഥാനത്ത് പടര്‍ന്നു പിടിക്കുന്നത് ഇരട്ട വകഭേദം വന്ന വൈറസാണോ എന്ന സംശയമാണ് ഉയരുന്നത്. ഇതു കണ്ടെത്താന്‍ ആരോഗ്യവകുപ്പിന് ഉന്നതതല യോഗം നിര്‍ദ്ദേശം നല്‍കി. ഇന്നലെ ചേര്‍ന്ന കോര്‍ കമ്മറ്റി യോഗത്തിലാണ് ഇത്തരത്തില്‍ ഒരു ചര്‍ച്ച ഉണ്ടായത്.

രാജ്യത്ത് കൊവിഡ് രണ്ടാം തരംഗത്തില്‍ അതിവേഗം വ്യാപിക്കുന്നതിനു പിന്നില്‍ ഇരട്ട ജനിതക വകഭേദം വന്ന വൈറസുകളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പത്ത് സംസ്ഥാനങ്ങളിലാണ് ഇത്തരം വൈറസുകള്‍ സജീവമായിരിക്കുന്നത്. ഡല്‍ഹിയില്‍ യു.കെ വകഭേദം വൈറസ് ആണ് ഏറ്റവും സങ്കീര്‍ണമായിരിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു.

മഹാരാഷ്ട്ര, ഡല്‍ഹി, പശ്ചിമ ബംഗാള്‍, ഗുജറാത്ത്, മദ്ധ്യപ്രദേശ് എന്നിവിടങ്ങളിലാണ് ഇരട്ട വകഭേദം വന്ന വൈറസ് ഏറ്റവും പ്രശ്‌നമുണ്ടാക്കുന്നത്. E484Q, L452R എന്നീ വൈറസുകളുടെ സങ്കലനമാണ് ഇന്ത്യയില്‍ കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ L452R കാലിഫോര്‍ണിയയിലും യു.എസിലും കണ്ടെത്തിയവയാണ്. E484Q തദ്ദേശീയമാണ്. ഡല്‍ഹിലാകട്ടെ യു.കെയില്‍ കണ്ടെത്തിയ വകഭേദം വന്ന വൈറസുകളുമായി കൂടിച്ചേര്‍ന്നതാണ് കണ്ടെത്തിയത്. പഞ്ചാബില്‍ യു.കെ വകഭേദം വന്ന വൈറസാണ് 80 ശതമാനം കൊവിഡ് രോഗികളിലും കണ്ടെത്തിയിരിക്കുന്നത്. മഹാരാഷ്ട്രയില്‍ കണ്ടെത്തിയവയില്‍ 60 ശതമാനവും ഇരട്ട വകഭേദം വന്നവയാണ്.

കേരളത്തിലും ഇരട്ടവകഭേദം സംഭവിച്ച വൈറസാണ് രണ്ടാം ഘട്ട കൊവിഡ് വ്യാപനത്തിന് കാരണമാകുന്നതെങ്കില്‍ രോഗവ്യാപനം അതിശക്തമാകുമെന്നാണ് ഭയക്കുന്നത്. ഈ ഘട്ടത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

സംസ്ഥാനത്ത് വീണ്ടും കോവിഡ് കൂട്ടപരിശോധന നടത്താൻ തീരുമാനം ഏപ്രിൽ 21, 22 തീയതികളിലാണ് വീണ്ടും മാസ് ടെസ്റ്റിങ് നടത്തുക. രണ്ട് ദിവസങ്ങളിലായി മൂന്ന് ലക്ഷം ആളുകളെ പരിശോധിക്കും. സംസ്ഥാനത്ത് ഇന്ന് മുതൽ പ്രഖ്യാപിച്ച രാത്രികാല കർഫ്യൂ പൊതുഗതാഗതത്തെ ബാധിക്കില്ല.

അതേസമയം, മാളുകളും, മൾട്ടി പ്‌ളെക്‌സുകളും, തിയേറ്ററുകളും വൈകുന്നേരം 7:30 ഓടെ അടയ്ക്കണമെന്നാണ് നിർദ്ദേശം നൽകി. കോവിഡ് പ്രോട്ടോക്കോൾ പാലിക്കാത്ത സ്ഥാപനങ്ങൾ അടച്ചിടണമെന്ന നിർദ്ദേശവും ഉദ്യോഗസ്ഥ തല ചർച്ചയിൽ ഉണ്ടായി.

ജില്ലാ, നഗര അതിർത്തികളിൽ പ്രവേശിക്കാൻ ആർടിപിസിആർ ടെസ്റ്റ് വേണ്ട. തെരഞ്ഞെടുപ്പ് ഫലം വരുന്ന മേയ് രണ്ടിന് ആഘോഷങ്ങളും ആൾക്കൂട്ടങ്ങളും പാടില്ലെന്നും ചീഫ് സെക്രട്ടറി അടങ്ങിയ സമിതി അറിയിച്ചു. ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കും. ഉദ്യോഗസ്ഥ സമിതിയുടെ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button