കോട്ടയം: അദ്ധ്യാപിക മാനസികമായി പീഡിപ്പിക്കുന്നുവെന്ന് കോട്ടയം മെഡിക്കൽ കോളേജ് വിദ്യാർത്ഥി. ഫോറൻസിക് വിഭാഗം മേധാവി ഡോ. ലിസ ജോണിനെതിരെയാണ് ഫോറൻസിക് മൂന്നാം വർഷ വിദ്യാർത്ഥി വിനീത് കുമാർ പരാതി നൽകിയത്.
തെറിയും അശ്ലീലവും കലർന്ന പരാമർശങ്ങളും ഡോ. ലിസ പറഞ്ഞതായും പരാതിയിൽ വിനീത് പറഞ്ഞിട്ടുണ്ട്. തനിക്കെതിരെ നിന്നാൽ പീഡനക്കേസിൽ കുടുക്കുമെന്നും പരീക്ഷയിൽ തോൽപ്പിക്കുമെന്നും ലിസ ഭീഷണിപ്പെടുത്തിയതായും വിനീത് ആരോപിച്ചു.
ഇക്കഴിഞ്ഞ നവംബർ എട്ടാം തീയതിയാണ് സംഭവം നടന്നത്. ലിസ ജോൺ തന്നെ പട്ടിയെന്ന് വിളിച്ച് മുഖത്തടിക്കാൻ വന്നുവെന്നാണ് വിനീത് പറയുന്നത്. വ്യാജ സ്ത്രീപീഡന കേസ് നല്‍കുമെന്നും ലിസ ജോണ്‍ വിനീതിനെ ഭീഷണിപ്പെടുത്തി. ഇത് നാലാം തവണയാണ് ഡോ.ലിസ ജോണിനെതിരേ വിനീത് കുമാര്‍ പരാതി നല്‍കുന്നത്. ആദ്യത്തെ സംഭവത്തെ തുടര്‍ന്ന് കോളേജ് പ്രിന്‍സിപ്പളിന് പരാതി നല്‍കിയിരുന്നു. അതിന്റെ അന്വേഷങ്ങൾ നടന്നുവെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് വിനീത് പറഞ്ഞു.
2023 നവംബറിലാണ് ആദ്യമായി പരാതി നൽകിയത്. അന്ന് മോർച്ചറിയിൽ ഓട്ടോപ്‌സിക്കിടെ ഡോ. ലിസ ജോൺ തന്നോട് ദേഷ്യപ്പെട്ട് സംസാരിച്ചുവെന്നും. രണ്ട് തവണ തനിക്ക് മോർച്ചറിയിൽ ബാൻ നേരിടേണ്ടി വന്നതായും വിനീത് കുമാർ പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ കേസ് തരില്ല, പോസ്റ്റ്‌മോര്‍ട്ടം കാണാന്‍ പറ്റില്ല എന്നീ പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നുവെന്നും വിനീത് പറഞ്ഞു.