കോട്ടയം കറുകച്ചാലിൽ മലവെള്ളപ്പാച്ചിൽ; വീടുകളിൽ വെള്ളം കയറി, പാലം മുങ്ങി

കോട്ടയം: കറുകച്ചാൽ പുലിയിളക്കാലിൽ മലവെള്ളപ്പാച്ചിൽ. മാന്തുരുത്തിയിൽ വീടുകളിൽ വെള്ളംകയറി. നെടുമണ്ണി – കോവേലി പ്രദേശങ്ങളിൽ ജലനിരപ്പ് ഉയർന്നു. രണ്ടുവീടിന്റെ മതിലുകൾ തകർന്നു. നെടുമണ്ണി പാലം വെള്ളത്തിൽ മുങ്ങി. വാഹന ഗതാഗതം തടസപ്പെട്ടു. 9-ാം വാർഡിലെ ഇടവട്ടാൽ പ്രദേശങ്ങൾ വെള്ളത്തിലായി.
വാഴൂർ റോഡിൽ പന്ത്രണ്ടാം മൈലിൽ മുട്ടറ്റം വെള്ളം കയറി. വാഹന ഗതാഗതം തടസ്സപ്പെട്ടു. കറുകച്ചാൽ പനയമ്പാല തോട് കര കവിഞ്ഞ് ഒട്ടേറെ വീടുകളിൽ വെള്ളം കയറി. വെള്ളൂർ പൊന്നരികുളം അമ്പലം ഭാഗത്ത് വെള്ളം കയറി. പത്തനംതിട്ട കോട്ടാങ്ങലിൽ വീടുകളിൽ വെള്ളം കയറി. ചുങ്കപ്പാറ ടൗണിൽ വെള്ളം കയറിയതിനെത്തുടർന്ന് കടകളിൽ നാശനഷ്ടം ഉണ്ടായി.
മൂന്നിലവ് – വാകക്കാട് മണ്ണൂർ പാലം, കവണാർ റബ്ബർ ഫാക്ടറി ഭാഗത്തേക്കു പോകുന്ന വഴിയും പുലർച്ചെ വെള്ളം കയറി ഒലിച്ച് പോയി.
അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിൽ മിതമായ മഴയ്ക്കും മറ്റു ജില്ലകളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.