CrimeKeralaNews

ദഹിയ്ക്കാത്ത കടലയും ചോറും പിടിവള്ളിയായ കേസ്,കൂടത്തായി കൊലക്കേസിന് രണ്ടുവയസ്,ഇനിയും ആരംഭിയ്ക്കാത്ത വിചാരണ

കോഴിക്കോട്: എല്ലാ ദിവസവും നല്ല രീതിയിൽ തന്നെ പൊറോട്ടയും ബീഫും കഴിക്കുന്നത് മാത്രമായിരുന്നു പൊന്നാമറ്റത്തെ ജോളിയുടെ ആദ്യ ഭർത്താവ് റോയ് തോമസിന്റെ ഏക ദുശ്ശീലമെന്ന് ഇന്നുമോർക്കുന്നു സുഹൃത്തുക്കൾ. സ്ഥിരം മദ്യപാനിയാണെന്നും ബോധമില്ലാതെ അഴിഞ്ഞാടുന്നവനാണെന്നുമൊക്കെയുള്ള ജോളിയുടെ മൊഴി പോലീസ് പറയുന്നത് കേട്ട് അവർ പലപ്പോഴും അത്ഭുതപ്പെട്ടിട്ടുണ്ട്. സാമ്പത്തികമായി ഒരു ബാധ്യതയുമില്ലാത്ത, കൂട്ടുകാരിൽ നിന്ന് പണം കടം വാങ്ങിയാൽ പോലും ഒറ്റ ദിവസത്തിനുള്ളിൽ തിരിച്ച് കൊടുക്കുന്ന റോയ് തോമസ് ആത്മഹത്യ ചെയ്യില്ലെന്ന് ഏറ്റവും അടുത്ത് നിൽക്കുന്നവർക്ക് അറിയാമായിരുന്നു. ആ ഒറ്റ വിശ്വാസം, ഒപ്പം തുടർന്നുള്ള കൊലപാതകത്തിലെ ജോളിയുടെ സാന്നിധ്യം. അവിടെ ജോളിയുടെ കള്ളത്തരങ്ങൾ ഓരോന്നായി പൊളിയാൻ തുടങ്ങുകയായിരുന്നു. കേരളം ഞെട്ടിയ കൂടത്തായി കൂട്ട കൊലപാതക കേസ് രണ്ട് വർഷം പിന്നിട്ടിട്ടും വിചാരണ പോലും തുടങ്ങാൻ കഴിഞ്ഞില്ലെങ്കിലും റോയ് തോമസിന്റെ മരണമാണ് ജോളിയുടെ ഉള്ളിലെ കൊലപാതകിയെ പുറത്ത് ചാടിച്ചതെന്ന് പറയുന്നു റോയിയുടെ ഉറ്റ സുഹൃത്തും തൊട്ടടുത്ത വീട്ടുകാരനുമായ ബാവ.

പക്ഷെ റോയിയുടെ മരണവുമായി ബന്ധപ്പെട്ട സംശയവും തുടർന്നുള്ള അന്വേഷണവും തന്നിലേക്ക് എത്തുന്നതിൽ നിന്നും ബന്ധുക്കളേയും മറ്റുള്ളവരേയും വളരെ വിദഗ്ധമായി മാറ്റി നിർത്താൻ ജോളിക്കായി എന്നത് സത്യമാണ്. അത് നഷ്ടപ്പെടുത്തിയത് കൊലപാതക പരമ്പരയിലെ 2011 ന് ശേഷമുള്ള മൂന്ന് ജീവനുകളാണ്. പക്ഷെ അതേ റോയിയുടെ മരണം തന്നെ കള്ളത്തരങ്ങളെ പിന്നീട് പുറത്തെടുത്തിടുകയും ചെയ്തു.

റോയി മരിക്കുന്ന ദിവസം ചോറും കടലയും എടുത്ത് വെച്ചിരുന്നുവെന്നും റോയി വരുന്ന സമയത്ത് താൻ ഓംലെറ്റ് ഉണ്ടാക്കുകയായിരുന്നുവെന്നുമാണ് ജോളി ആദ്യം പോലീസിന് മൊഴി കൊടുത്തത്. റോയ് വീടിന്റെ മുകളിലേക്ക് കയറുകയും പിന്നെ ബാത്ത്റൂമിൽ കയറി വാതിലടച്ച് ആത്മഹത്യ ചെയ്യുകയുമായിരുന്നുവെന്നാണ് ജോളി ബന്ധുക്കളേയും നാട്ടുകാരേയും അറിയിച്ചിരുന്നത്. ഭക്ഷണം കഴിച്ചില്ലെന്നും വരുത്തി തീർത്തു. ആദ്യം ഹൃദയാഘാതമെന്ന് പറഞ്ഞെങ്കിലും പിന്നീട് ആത്മഹത്യയിലേക്ക് വഴിമാറ്റി. പക്ഷെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ ദഹിക്കാത്ത കടലയുടേയും ചോറിന്റേയും സാന്നിധ്യം ആദ്യ കള്ളം പൊളിക്കുന്നതിന് വഴിവെക്കുകയായിരുന്നു. പോസ്റ്റ് മോർട്ടം റിപ്പോർട്ട് താനല്ലാതെ മറ്റാരും കാണാതിരിക്കാൻ ജോളി പടിച്ച പണി പതിനെട്ടും പയറ്റി. പക്ഷെ സംഭവ ബഹുലമായ 14 വർഷത്തെ കൊലപാതക പരമ്പര പുറത്ത് വരിക തന്നെ ചെയ്തു.

മൂന്ന് മാസത്തോളമാണ് നേരിട്ടും അല്ലാതേയും പോലീസ് കേസിന് പുറകെ കൂടിയത്. ആദ്യ ഘട്ടത്തിൽ 35 സംഘങ്ങൾ. ട്രെയിനി ഐ.പി.എസ് ഉദ്യോഗസ്ഥർ വരെ കേസിന്റെ പുറകെയെത്തി. എന്നെങ്കിലും തന്നിലേക്ക് അന്വേഷണം എത്തിയാൽ പിടിക്കപ്പെടാതിരിക്കാനുള്ള വഴി സമാന്തരമായി ജോളിയും നടത്തിക്കൊണ്ടിരുന്നു. പക്ഷെ സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട പോലീസ് കേസ് അങ്ങനെ കൊലപാതക പരമ്പരയിലേക്ക് വഴിവെച്ചതും പള്ളിയിലെ കല്ലറകൾ വരെ തുറന്നതും കേരളം ഒരു സിനിമാക്കഥ പോലെ നോക്കി നിന്നു.

2019 ഒക്ടോബർ നാലിനായിരുന്നു കല്ലറ തുറന്നുള്ള പരിശോധന. ഒക്ടോബർ അഞ്ചിന് ജോളിയുടേയും മറ്റ് മൂന്ന് പേരുടേയും അറസ്റ്റും രേഖപ്പെടുത്തി. പത്താംക്ലാസ് മാത്രം യോഗ്യതയുള്ള വീട്ടമ്മ എൻ.ഐ.ടി പ്രഫസറായി 12 വർഷത്തോളം അഭിനയിച്ചതും സയനൈഡ് ഉപയോഗിച്ച് കൊച്ചു കുഞ്ഞിനെ വരെ കൊലപ്പെടുത്തിയതും കൊല നടത്താനുള്ള നീണ്ട പ്ലാനിങ്ങുകളുടെ കഥയും കേരളം ഒരു റിയലിസ്റ്റിക്ക് സിനിമ പോലെ കണ്ടു.

ജോളിയുടെ ഭർത്തൃമാതാവ് അന്നമ്മയിൽ തുടങ്ങിയതാണ് ജോളിയുടെ കൊലപാതകങ്ങൾ. 2002 സെപ്റ്റംബർ 22-നായിരുന്നു അന്നമ്മയുടെ മരണം. പൊന്നാമറ്റം വീട്ടിലെ എല്ലാ കാര്യങ്ങളും നിയന്ത്രിച്ചിരുന്നത് അന്നമ്മയായിരുന്നു. ഇവർ മരിച്ചാൽ ‘മണിപവർ’ തനിക്ക് കിട്ടുമെന്നു കരുതി. ആട്ടിൻസൂപ്പ് കഴിച്ചശേഷമാണ് അന്നമ്മ കുഴഞ്ഞുവീണത്. ഇതിനുമുമ്പും ഒരിക്കൽ ഇതേപോലെ ആട്ടിൻസൂപ്പ് കഴിച്ച് അന്നമ്മയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. അന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. എല്ലാ പരിശോധനയും നടത്തിയെങ്കിലും മനസ്സിലായില്ല. പിന്നീടാണ് അന്നമ്മ മരിക്കുന്നത്. ഭാര്യ മരിച്ചത് ആശുപത്രിയധികൃതർക്കു രോഗം കണ്ടുപിടിക്കാൻ കഴിയാത്തതുമൂലമാണെന്ന് ആരോപിച്ച് ടോം തോമസ് ആശുപത്രിക്കെതിരേ പരാതിയും നൽകിയിരുന്നു.

2008 സെപ്റ്റംബർ 26ന് ആണ് ജോളിയുടെ ഭർത്തൃപിതാവ് ടോം തോമസ് മരിക്കുന്നത്. ഇദ്ദേഹവുമായി നല്ല ബന്ധമുണ്ടായിരുന്നു ജോളിക്ക്. എന്നാൽ, ഇദ്ദേഹം വസ്തുവിറ്റ് ഒരു തുക റോയിയുടെ വിഹിതമായി നൽകി. ഇനി ഒരു സ്വത്തും നൽകില്ലെന്നു പറഞ്ഞു. ഇതോടെ ഇദ്ദേഹവുമായുള്ള ബന്ധം വഷളായി. ഇതാണ് ഇദ്ദേഹത്തിന്റെ കൊലയിലേക്ക് നയിച്ചത്. ഭക്ഷണത്തിൽ പലപ്പോഴായി സയനൈഡ് നൽകിയായിരുന്നു കൊല.

2011 ഒക്ടോബർ 30 ന് ആണ് ജോളിയുടെ ആദ്യ ഭർത്താവ് റോയ് മരിക്കുന്നത്. ടോം തോമസിന്റെ മരണത്തെ തുടർന്ന് ജോളിയും റോയി തോമസുമായുള്ള ബന്ധം വഷളായി. ഇതു രൂക്ഷമായതാണു കൊലയ്ക്കു പ്രേരകമായത്. ഭർത്താവിനുവേണ്ടി ഭക്ഷണം പാകംചെയ്യുമ്പോഴാണ് അദ്ദേഹത്തിനു ഹൃദയാഘാതം വന്നതെന്നാണു ജോളി പറഞ്ഞത്. എന്നാൽ, പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ദഹിക്കാത്ത ചോറും കടലയും വയറ്റിലുണ്ടെന്നു കണ്ടെത്തിയിരുന്നു. ഈ ഭക്ഷണത്തിൽ കലർത്തി നൽകിയ സയനൈഡാണ് മരണത്തിനിടയാക്കിയതെന്നാണു കണ്ടെത്തൽ.

ഭർതൃമാതാവിന്റെ സഹോദരനായ മഞ്ചാടിയിൽ മാത്യു കൊല്ലപ്പെട്ടത് 2014 ഏപ്രിൽ 24 ന് ആയിരുന്നു. റോയി തോമസിന്റെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യണമെന്നു ശക്തമായി വാദിച്ചത് മാത്യുവായിരുന്നു. ഇതാണ് ഇദ്ദേഹത്തോടുള്ള ദേഷ്യത്തിനു കാരണം.
ഭർതൃപിതാവിന്റെ സഹോദരന്റെ മകനും തന്റെ രണ്ടാമത്തെ ഭർത്താവുമായ ഷാജിയുടെ മകളായ അൽഫൈൻ 2014 മേയ് മൂന്നിനാണ് കൊല്ലപ്പെടുന്നത്. ഷാജുവിനെ സ്വന്തമാക്കുകയായിരുന്നു ജോളിയുടെ ലക്ഷ്യം. ഷാജുവിനൊത്തുള്ള ജീവിതത്തിന് ആൽഫൈൻ തടസ്സമാവുമെന്ന് ജോളി കരുതി. അൽഫൈന്റെ തൊണ്ടയിൽ ഭക്ഷണം കുരുങ്ങിയെന്നാണ് എല്ലാവരോടും പറഞ്ഞത്. എന്നാൽ, എല്ലാവരും മരണസമയത്തു കാണിച്ച ലക്ഷണങ്ങൾ സയനൈഡ് കഴിച്ചതിനു സമാനമാണെന്നു ഡോക്ടർമാരും മറ്റും സ്ഥിരീകരിച്ചു.

ജോളിയുടെ രണ്ടാമത്തെ ഭർത്താവിന്റെ ആദ്യ ഭാര്യയായ സിലി 2016 ജനുവരി 11 ന് ആണ് കൊല്ലപ്പെട്ടത്. ഇതും ഷാജുവിനെ ഭർത്താവായി കിട്ടാനുള്ള പദ്ധതിയുടെ ഭാഗമായിരുന്നു. ഇതിനായി കുടിവെള്ളത്തിൽ സയനൈഡ് കലർത്തി നൽകി.

അറസ്റ്റിലേക്കുള്ള വഴി

തന്റെ കൊലപാതക പരമ്പരയ്ക്ക് ശേഷം ജോളി ഷാജുവിനെ വിവാഹം ചെയ്തു. പിന്നീട് കുടുംബത്തിന്റെ സ്വത്ത് വ്യാജ രേഖകളുണ്ടാക്കി ജോളിയുടെ പേരിലേക്കു മാറ്റി. ഇതാണു പരാതിക്കിടയാക്കിയത്. ഇതിനെതിരേ റോയിയുടെ സഹോദരൻ അമേരിക്കയിലുള്ള റോജോ തോമസ് കോഴിക്കോട് റൂറൽ എസ്.പി.ക്കു പരാതി നൽകി.

ആറുപേരുടെ മരണത്തിൽ സംശയം പ്രകടിപ്പിക്കുകയും ചെയ്തു. ഈ പരാതിയാണ് കേസ് വീണ്ടും തുറക്കുന്നതിലേക്ക് നയിച്ചത്. എല്ലാവരുടെയും മരണത്തിൽ സമാനത കാണുകയും മരണസമയത്ത് ജോളിയുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെടുകയും ചെയ്തതോടെ കോടതിയുടെ അനുമതിയോടെ റൂറൽ എസ്.പി. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു.

മൂന്ന് മാസമായി നടത്തിയ അന്വേഷണത്തിനൊടുവിൽ പലതവണ ജോളിയിൽനിന്നും മറ്റു ബന്ധുക്കളിൽനിന്നും മൊഴിയെടുത്തിരുന്നു. പലതവണ ജോളിയുടെ മൊഴികളിൽ വൈരുധ്യം കണ്ടു. ഇതാണ് സംശയമുന ജോളിയിലേക്കു നീണ്ടത്. ജോളിയെ കുടുക്കി കല്ലറ തുറന്ന് മൃതദേഹത്തിൽനിന്ന് തെളിവുകൾ ശേഖരിച്ചു. അപ്പോഴേക്കും ജോളിക്ക് ഇനി കള്ളം പറഞ്ഞ് പിടിച്ച് നിൽക്കാൻ കഴിയാതായി. ഇത് പോലീസ് കൃത്യമായി നിരീക്ഷിച്ചു. തുടർന്ന് ജോളിയെ വീട്ടിൽനിന്നു കസ്റ്റഡിയിലെടുത്ത് വീണ്ടും ചോദ്യംചെയ്തപ്പോഴാണ് കുറ്റസമ്മതം നടത്തിയത്.

കൂടത്തായി കൂട്ട കൊലക്കേസിലെ മുഖ്യ പ്രതി ജോളിക്കായി അഡ്വ.ആളൂർ ഹാജരാവാനെത്തിയതും അതിനിടെ ജോളി ജില്ലാ ജയിലിൽ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതും കേരളം കണ്ടു. ജയിലിൽ വെച്ച് കൈയിലെ ഞെരമ്പ് മുറിച്ചാണ് ജോളി ആത്മഹത്യക്ക് ശ്രമിച്ചത്. രക്തം വാർന്ന നിലയിൽ കണ്ടെത്തിയ ജോളിയെ ജയിൽ അധികൃതർ തന്നെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

അന്വേഷം പൂർത്തിയാക്കി ആറ് കുറ്റപത്രവും സമർപ്പിച്ചെങ്കിലും ഇതവുവരെ പ്രാരംഭ വാദം പോലും തുടങ്ങിയിട്ടില്ല. കോവിഡ് രൂക്ഷമായതായിരുന്നു പ്രധാന കാരണം. ജോളിയും എം.എസ്. മാത്യുവും ജയിലിൽ തന്നെയാണ്. മൂന്നാംപ്രതി പ്രജികുമാറിന് ജാമ്യം ലഭിക്കുകയും ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button