28.4 C
Kottayam
Wednesday, May 15, 2024

കൂടത്തായി കേസ് അട്ടിമറിയ്ക്കാന്‍ രഹസ്യനീക്കം,സര്‍ക്കാര്‍ അഭിഭാഷകരുള്‍പ്പെടെയുള്ളവരുടെ അട്ടിമറിശ്രമത്തേക്കുറിച്ച് എസ്.പി.കെ.ജി.സൈമണിന്റെ റിപ്പോര്‍ട്ട്‌

Must read

തിരുവനന്തപുരം : കൂടത്തായി കൊലപാതകക്കേസുകള്‍ വിചാരണവേളയില്‍ അട്ടിമറിക്കാന്‍ ഗൂഢനീക്കമെന്ന്‌ അന്വേഷണത്തിനു മേല്‍നോട്ടം വഹിച്ച എസ്‌.പി. കെ.ജി. സൈമണിന്റെ രഹസ്യ റിപ്പോര്‍ട്ട്‌. അട്ടിമറിക്കു ശ്രമിക്കുന്ന സംഘത്തില്‍ സര്‍ക്കാര്‍ അഭിഭാഷകരുമുണ്ടെന്ന ഞെട്ടിക്കുന്ന വിവരവും ഇപ്പോള്‍ പത്തനംതിട്ട ജില്ലാ പോലീസ്‌ മേധാവിയായ സൈമണ്‍ മേലുദ്യോഗസ്‌ഥര്‍ക്കു കൈമാറിയ റിപ്പോര്‍ട്ടിലുണ്ട്‌.കൂടത്തായി കേസന്വേഷണ സംഘത്തിനെതിരേ ഒരു കൂട്ടം അഭിഭാഷകരുടെ നേതൃത്വത്തില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായ വ്യാജപ്രചാരണം നടത്തുന്നതു ചൂണ്ടിക്കാട്ടി സൈമണ്‍ നല്‍കിയ റിപ്പോര്‍ട്ട്‌ ആഭ്യന്തര വകുപ്പ്‌ അതീവ ഗൗരവമായാണു കാണുന്നത്‌.

മുഖ്യപ്രതിയായ ജോളിയുടെ ഭര്‍ത്താവ്‌ റോയിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട്‌ നോട്ടറി അഭിഭാഷകന്‍ വിജയകുമാറിനെ പ്രതിചേര്‍ത്തതും ജോളിക്കു നിയമോപദേശം നല്‍കിയ ഒരു പ്രമുഖ അഭിഭാഷകനെ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതിലുള്ള പ്രകോപനവുമാണു വ്യാജപ്രചാരണത്തിനു പിന്നിലെന്നു റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ സുരക്ഷ വര്‍ധിപ്പിക്കുമെന്നാണു സൂചന. വ്യാജപ്രചാരണം വിചാരണയെ സ്വാധീനിക്കുമെന്ന ആശങ്കയാണു സൈമണ്‍ പങ്കുവയ്‌ക്കുന്നത്‌. കോഴിക്കോട്ടെ ചില അഭിഭാഷകരുടെ നേതൃത്വത്തില്‍ രഹസ്യയോഗം ചേര്‍ന്നാണ്‌ പ്രചാരണത്തിനു രൂപം നല്‍കിയത്‌.

ഈ യോഗത്തില്‍ ചില സര്‍ക്കാര്‍ അഭിഭാഷകരുമുണ്ടായിരുന്നു. പത്തനംതിട്ടയിലേക്കു സ്‌ഥലംമാറിയതിനു ശേഷവും കൂടത്തായി അന്വേഷണത്തിനു മേല്‍നോട്ടം വഹിച്ചതിന്റെ പേരില്‍ തനിക്കെതിരെ ആരോപണവുമായി ഒരു സംഘം രംഗത്തുവന്നിരുന്നു. ചിലരെ പ്രതിപ്പട്ടികയില്‍നിന്ന്‌ മനഃപൂര്‍വം ഒഴിവാക്കിയെന്ന പ്രചാരണവുമുണ്ട്‌. ഇതൊന്നും പ്രമുഖ മാധ്യമങ്ങളിലൂടെയല്ല നടക്കുന്നത്‌.

വലിയ വെല്ലുവിളിയായിരുന്ന കേസില്‍ നിയമപരവും ശാസ്‌ത്രീയവുമായ അഭിപ്രായങ്ങള്‍ തേടിയും മേലുദ്യോഗസ്‌ഥന്മാരുമായി ആലോചിച്ചുമാണു കുറ്റപത്രം സമര്‍പ്പിച്ചത്‌. വ്യാജപ്രചാരണം ഇതുവരെ ചെയ്‌ത കാര്യങ്ങളെല്ലാം അട്ടിമറിക്കാനാണെന്ന മുന്നറിയിപ്പും കെ.ജി. സൈമണിന്റെ റിപ്പോര്‍ട്ടിലുണ്ട്‌. മംഗളം ആണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week