കോഴിക്കോട്:ഉണ്ണികുളം ഗ്രാമപ്പഞ്ചായത്തിലെ വീര്യമ്പ്രത്ത് വാടകവീട്ടിൽ ദുരൂഹസാഹചര്യത്തിൽ യുവതി മരിക്കാനിടയായ സംഭവം കൊലപാതകമെന്ന് പോലീസ്. അതിക്രൂരമായ ശാരീരിക മർദനം കാരണമുള്ള ആന്തരിക രക്തസ്രാവത്തെത്തുടർന്നാണ് മലപ്പുറം കൊണ്ടോട്ടിനെടിയിരുപ്പ് സ്വദേശി ഉമ്മുക്കുൽസു (31) മരിച്ചതെന്നാണ് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായത്.
സംശയരോഗത്തെത്തുടർന്ന് ഭർത്താവ് മലപ്പുറം എടരിക്കോട് കൊയപ്പകോവിലകത്ത് താജുദ്ദീന്റെ ക്രൂരപീഡനമാണ് യുവതിയുടെ ദാരുണമരണത്തിൽ കലാശിച്ചതെന്നും ഇയാൾക്കായി തിരച്ചിൽ ഊർജിതമാക്കിയെന്നും ബാലുശ്ശേരി പോലീസ് ഇൻസ്പെക്ടർ എം.കെ. സുരേഷ് കുമാർ അറിയിച്ചു. ഉമ്മുക്കുൽസുവിന്റെ പേശികളേറെയും മർദനത്തെത്തുടർന്ന് തകർന്നനിലയിലാണെന്നും വായിൽ ഏതോ രാസവസ്തു ഒഴിച്ചതായും പോലീസ് അറിയിച്ചു.
പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടറുടെ മൊഴിയുടെകൂടി അടിസ്ഥാനത്തിൽ അസ്വാഭാവികമരണം കൊലപാതകക്കേസായി ബാലുശ്ശേരി പോലീസ് രജിസ്റ്റർചെയ്തു. സംഭവത്തിനുശേഷം ഒളിവിൽപ്പോയ താജുദ്ദീനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
താജുദ്ദീനുമായി തെറ്റിപ്പിരിഞ്ഞ് ഉമ്മുക്കുൽസു സ്വവസതിയിലായിരുന്നു താമസിച്ചിരുന്നത്. ഒരു മാസം മുമ്പാണ് താജുദ്ദീൻ വീട്ടിലെത്തി ഇവരെ കൂട്ടിക്കൊണ്ടുപോയത്. ചിക്കൻസ്റ്റാൾ നടത്തിവരുന്ന സുഹൃത്ത് മലപ്പുറം സ്വദേശി സിറാജുദ്ദീൻ വീര്യമ്പ്രത്ത് വാടകയ്ക്കെടുത്ത വീട്ടിൽ ഒരാഴ്ചമുമ്പാണ് താജുദ്ദീനും ഭാര്യയുമെത്തിയത്. വെള്ളിയാഴ്ച താജുദ്ദീനൊപ്പം പുറത്തുപോയ ഉമ്മുക്കുൽസു മടങ്ങിയെത്തിയപ്പോൾ അവശനിലയിലായിരുന്നു. സിറാജുദ്ദീന്റെ ഭാര്യയും മക്കളും വീട്ടിലുണ്ടായിരുന്നില്ല. വൈകീട്ട് മടങ്ങിയെത്തിയ സമയത്ത് ഉമ്മുക്കുൽസുവിനെ അവശനിലയിൽക്കണ്ട സിറാജുദ്ദീൻ ആദ്യം ഇവരെ നന്മണ്ടയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തുന്നതിനുമുമ്പെ യുവതിയുടെ മരണം സംഭവിച്ചിരുന്നു.
ദുരൂഹസാഹചര്യത്തിൽ മരിച്ച യുവതിയുടെ മൃതദേഹവുമായി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയ സിറാജുദ്ദീനെ മെഡിക്കൽ കോളേജ് പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്ത് വിട്ടയച്ചു. തുടർന്ന് സംഭവം നടന്നത് ബാലുശ്ശേരി പരിധിയിലായതിനാൽ ബാലുശ്ശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു. പ്രതിയെന്ന് സംശയിക്കുന്ന താജുദ്ദീനെ കസ്റ്റഡിയിലെടുത്താൽ മാത്രമേ നടന്ന സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ വ്യക്തമാവുകയുള്ളൂവെന്ന് ഇൻസ്പെക്ടർ എം.കെ. സുരേഷ് കുമാർ അറിയിച്ചു. ശനിയാഴ്ച ബാലുശ്ശേരി പോലീസും വടകരയിൽനിന്ന് വിരലടയാള വിദഗ്ധരും ഫൊറൻസിക് വിഭാഗം ഉദ്യോഗസ്ഥരുമെത്തി വീര്യമ്പ്രത്തെ വാടകവീട്ടിൽ തെളിവെടുപ്പ് നടത്തി.
ചിറയിൽ ചുങ്കത്ത് പരേതനായ നെയ്യൻ മുഹമ്മദിന്റെയും ജമീലയുടെയും മകളാണ് ഉമ്മുക്കുൽസു. മക്കൾ: സഫ്ന നസ്രിൻ, സഫീദ് ജഹാൻ. സഹോദരങ്ങൾ: ജാഫർ, സുബൈർ, സൈഫുന്നീസ.
കോഴിക്കോട് മെഡിക്കൽ കോളേജിൽനിന്ന് ശനിയാഴ്ച രാത്രി വീട്ടിലെത്തിച്ച മൃതദേഹം രാത്രി ഒമ്പതോടെ ചിറയിൽ ചുങ്കം ജുമാമസ്ജിദിൽ ഖബറടക്കി.