
പൊയിനാച്ചി: കൊളത്തൂര്‍ നിടുവോട്ട് വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ പുലി കുടുങ്ങി. നിടുവോട്ടെ എം.ജനാര്‍ദനന്റെ റബ്ബര്‍ തോട്ടത്തില്‍ സ്ഥാപിച്ചിരുന്ന കൂട്ടിലാണ് പുലി കുടുങ്ങിയത്. ഞായറാഴ്ച രാത്രി ഒന്‍പതോടെയാണ് സംഭവം. പുലിയുടെ വലതുകണ്ണിന് താഴെ മുറിവുണ്ട്. നല്ല വലുപ്പമുള്ള പുലി അകപ്പെട്ടത്. കഴിഞ്ഞദിവസമാണ് നിടുവോട്ട് വനംവകുപ്പ് കൂട് സ്ഥാപിച്ചത്.
നായയെ കൂട്ടില്‍ കെട്ടിയിരുന്നു. ഞായറാഴ്ച രാത്രി നായയുടെ കരച്ചില്‍ കേട്ട് പരിസരവാസികള്‍ ഓടിയെത്തിയപ്പോഴാണ് കൂട്ടില്‍പ്പെട്ട പുലിയെ കണ്ടത്. അതേസമയം പ്രദേശത്ത് ഒന്നില്‍ കൂടുതല്‍ പുലിയുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ഫെബ്രുവരി നാലിന് രാത്രിയില്‍ കൊളത്തൂര്‍ മടന്തക്കോട് ഗുഹയില്‍ കുടുങ്ങിയ ഒരുപുലി മയക്കുവെടിവെക്കാനുള്ള വനംവകുപ്പ് അധികൃതരുടെ ശ്രമത്തിനിടെ രക്ഷപ്പെട്ടിരുന്നു. അതിനുശേഷം വിളക്കുമാടം, ആയംകടവ്, പെനയാല്‍, ശങ്കരങ്കാട് ഭാഗങ്ങളില്‍ പുലിയെ കണ്ടിരുന്നു. ഇതേത്തുടര്‍ന്ന് വനംവകുപ്പ് കളവയല്‍, പെനയാല്‍ എന്നിവിടങ്ങളില്‍ കൂട് സ്ഥാപിച്ചിരുന്നെങ്കിലും ഫലമുണ്ടായിരുന്നില്ല.
പലയിടങ്ങളിലും വളര്‍ത്തുനായകളെയടക്കം പുലി പിടിച്ചിരുന്നത് നാട്ടുകാരെ ആശങ്കയിലാക്കിയിരുന്നു. പുലി കൂട്ടിലായ വിവരമറിഞ്ഞ് നൂറുകണക്കിനാളുകളാണ് രാത്രി നിടുവോട്ടെത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥരും ആര്‍.ആര്‍.ടി. സംഘവും ചേര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ പുലിയെ രാത്രി തന്നെ സ്ഥലത്തുനിന്ന് മാറ്റി. കൂട് മൂടിയാണ് പുലിയെ വാഹനത്തിനടുത്തേക്ക് എത്തിച്ചത്. ഇതോടെ നാട്ടുകാര്‍ പുലിയെ കാണണമെന്ന് ആവശ്യപ്പെട്ട് ബഹളം വെച്ചു.
തുടര്‍ന്ന് മറനീക്കി പുലിയെ കാണിച്ചശേഷം വനം വകുപ്പിന്റെ പള്ളത്തുങ്കാല്‍ ഓഫീസിലേക്ക് കൊണ്ടുപോയി. പരിക്കുള്ളതിനാല്‍ പുലിക്ക് ഇവിടെ ചികിത്സ നല്‍കും.