ന്യൂഡല്‍ഹി: റെക്കോര്‍ഡുകള്‍ തകര്‍ത്തുകൊണ്ട് വിരാട് കോലിയുടെ യാത്ര തുടരുകയാണ്. ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ കോലി മറ്റൊരു റെക്കോര്‍ഡ് കൂടി സ്വന്തം പേരിലാക്കി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 25000 റണ്‍സ് നേടുന്ന താരമെന്ന നേട്ടമാണ് കോലി സ്വന്തമാക്കിയത്.
ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ടെസ്റ്റ് ക്രിക്കറ്റിന്റെ മൂന്നാം ദിനമാണ് കോലി ചരിത്രമെഴുതിയത്. രണ്ട് ഇന്നിങ്‌സുകളിലുമായി 64 റണ്‍സെടുത്തതോടെയാണ് കരിയറില്‍ 25000 റണ്‍സെന്ന നേട്ടത്തില്‍ താരമെത്തിയത്.
549 ഇന്നിങ്‌സില്‍ നിന്നാണ് കോലി 25000 റണ്‍സ് പിന്നിട്ടത്. ഇതോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 25000 റണ്‍സ് നേടിയ സച്ചിന്റെ റെക്കോര്‍ഡ് പഴങ്കഥയായി. സച്ചിന്‍ 577 ഇന്നിങ്‌സുകളില്‍ നിന്നാണ് 25000 റണ്‍സെടുത്തത്. മുന്‍ ഓസ്‌ട്രേലിയന്‍ താരം റിക്കി പോണ്ടിങ് 588 ഇന്നിങ്‌സുകളില്‍ നിന്നും മുന്‍ ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ജാക് കാലിസ് 594 ഇന്നിങ്‌സുകളില്‍ നിന്നുമാണ് ഈ നേട്ടത്തിലെത്തിയത്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ റെക്കോര്‍ഡ് സച്ചിന്റെ പേരിലാണ്. 782 ഇന്നിങ്‌സുകളില്‍ നിന്ന് സച്ചിന്‍ 34,357 റണ്‍സാണ് അടിച്ചെടുത്തത്. പട്ടികയില്‍ ആറാമതാണ് കോലിയുള്ളത്.