തിരുവനന്തപുരം: സിപിഎം സംസ്ഥാന നേതൃത്വം ഔദ്യോഗികമായി ഏറ്റെടുത്ത് കോടിയേരി ബാലകൃഷ്ണൻ. ഇന്ന് ചേർത്ത സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് പാർട്ടി സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണനെ തിരികെ നിയമിക്കാൻ തീരുമാനിച്ചത്. മയക്കുമരുന്ന് ഫണ്ട് കേസിൽ അറസ്റ്റിലായിരുന്ന മകൻ ബിനീഷ് കോടിയേരി ജാമ്യം നേടി പുറത്തിറങ്ങിയതോടെയാണ് സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി തിരിച്ചെത്തുന്നത്.
ബിനീഷിന് ജാമ്യം ലഭിച്ചതോടെ കോടിയേരിക്ക് പദവിയിലേക്ക് തിരികെ വരാൻ പാർട്ടി പച്ചക്കൊടി കാണിച്ചിരുന്നുവെങ്കിലും അൽപം സമയമെടുത്താണ് കോടിയേരിയുടെ മടക്കം. ബിനീഷിൻ്റെ ജയിൽവാസം അനിശ്ചിതമായി നീണ്ടത് കോടിയേരിയുടെ മടങ്ങിവരവ് നീളാൻ കാരണമായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കോടിയേരിയുടെ മടങ്ങിവരവ് പാർട്ടി പ്രതീക്ഷിക്കുന്നുണ്ടായിരുന്നു.
തദ്ദേശതെരഞ്ഞെടുപ്പിന് തൊട്ടുമുൻപായി 2020 നവംബർ പത്തിനാണ് ആരോഗ്യപരമായ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കോടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്. കോടിയേരിക്ക് പകരക്കാരനായി പല പേരുകളും ഉയർന്നു കേട്ടെങ്കിലും കേന്ദ്രകമ്മിറ്റി അംഗം എ.വിജയരാഘവന് ആക്ടിംഗ് സെക്രട്ടറിയുടെ ചുമതല നൽകുകയായിരുന്നു സിപിഎം നേതൃത്വം ചെയ്തത്. തദ്ദേശതെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും മുന്നണി മികച്ച വിജയം നേടുമ്പോൾ പാർട്ടിക്ക് സ്ഥിരം സെക്രട്ടറിയുണ്ടായിരുന്നില്ല.
മയക്കുമരുന്ന് കേസിലായിരുന്നു ബിനീഷ് അറസ്റ്റ് ചെയ്യപ്പെട്ടതെങ്കിലും പിന്നീട് കേസിൻ്റെ സ്വഭാവം മാറി. അന്വേഷണ ഏജൻസി കോടതിയിൽ നൽകിയ റിപ്പോർട്ട് അനുസരിച്ച് കള്ളപ്പണക്കേസിലാണ് നിലവിൽ ബിനീഷ് പ്രതിയായിട്ടുള്ളത്. ഒരു വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ബിനീഷിന് ജാമ്യം ലഭിച്ചതെങ്കിലും തൊട്ടുപിന്നാലെ സംസ്ഥാനസെക്രട്ടറി സ്ഥാനം ഏറ്റെടുക്കേണ്ടതില്ല എന്ന തീരുമാനമാണ് കോടിയേരി എടുത്തത്.
പാർട്ടി സെക്രട്ടറി സ്ഥാനത്ത് നിന്നൊഴിഞ്ഞെങ്കിലും ഇക്കാലയളവിൽ പാർട്ടിയുടെ കടിഞ്ഞാൺ കോടിയേരിയിൽ തന്നെയായിരുന്നു. മുന്നണി യോഗങ്ങളിലും പാർട്ടിയുടെ നയപരമായ തീരുമാനങ്ങളിലും കോടിയേരിയുടെ വാക്കായിരുന്നു നിർണായകം. ആക്ടിംഗ് സെക്രട്ടറിയായി എ.വിജയരാഘവൻ തുടരുമ്പോൾ തന്നെ എകെജി സെൻ്ററിലെ പാർട്ടി സെക്രട്ടറിയുടെ മുറിയിൽ കോടിയേരി തന്നെയായിരുന്നു ഉണ്ടായിരുന്നത്. പിബി അംഗം എന്ന നിലയിൽ കേരളത്തിലെ പാർട്ടിയുടെ കടിഞ്ഞാൺ കോടിയേരിയിൽ തന്നെയായിരുന്നു. തദ്ദേശതെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും സിപിഎമ്മിൻ്റെ വാർറൂം നിയന്ത്രിച്ചത് കോടിയേരിയാണ്. തുടർച്ചയായി മത്സരിച്ചവരെ മാറ്റിനിർത്താനും മന്ത്രിസഭയിൽ പുതുമുഖങ്ങളെ കൊണ്ടു വരുന്നതും അടക്കം പല നിർണായക തീരുമാനങ്ങളും എടുക്കാനും അതു എതിർശബ്ദങ്ങളില്ലാതെ പാർട്ടിയിൽ നടപ്പാക്കാനും കോടിയേരി മുന്നിൽ നിന്നു.