കോട്ടയം: നവംബർ ഏഴിനു കോടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന സെക്രട്ടറിയായി തിരിച്ച് ചുമതലയേറ്റെടുക്കാൻ സാധ്യത. കഴിഞ്ഞ ഒരു വർഷമായി അസുഖം മൂലം ചികിത്സയിലായിരുന്ന കോടിയേരി, മകൻ ബിനീഷുമായി ബന്ധപ്പെട്ടു മയക്കുമരുന്ന് കേസും പോലീസ് കസ്റ്റഡിയും ഉണ്ടായതോടെയാണ് ചുമതലയിൽനിന്നു താത്കാലികമായി ഒഴിവായത്.
തന്‍റെ ചികിത്സയുടെ കൂടെ മകന്‍റെ കേസും കൂടിയായതോടെ തന്നെ സെക്രട്ടറി പദവിയിൽനിന്നു തത്ക്കാലം ഒഴിവാക്കണമെന്നാവശ്യപ്പെട്ടു സംസ്ഥാന സെക്രട്ടേറിയറ്റിനു കത്തു നൽകുകയായിരുന്നു. സ്ഥാനത്തുനിന്നു മാറിനിന്നെങ്കിലും പാർട്ടിയിലെ വിഷയങ്ങളിൽ അദ്ദേഹം സജീവമായി ഇടപെടുന്നുണ്ടായിരുന്നു. പകരം നിയോഗിച്ച എ.വിജയരാഘവനെ ആക്ടിംഗ് സെക്രട്ടറിയായിട്ടാണ് നിയോഗിച്ചത്.
പി.ബി അംഗമായ കോടിയേരി ഇക്കാര്യം യച്ചൂരിയുമായി സംസാരിച്ചതോടെ ഉടനെ അവൈലബിൾ പി.ബി കൂടി തീരുമാനം നടപ്പിലാക്കി കേന്ദ്രക്കമ്മിറ്റി അംഗമായ എ. വിജയരാഘവനു ചുമതല കൈമാറുകയായിരുന്നു.
ഇപ്പോൾ ബിനീഷിന് കേസിൽനിന്നു ജാമ്യം ലഭിച്ച പശ്ചാത്തലത്തിൽ അദ്ദേഹം ഉടൻ തിരികെ എത്തിയേക്കും. ഡിസംബർ മുതൽ തുടങ്ങുന്ന പാർട്ടി ജില്ലാ സമ്മേളനങ്ങളും 2022 മാർച്ചിൽ എറണാകുളത്ത് സംസ്ഥാന സമ്മേളനവും ഏപ്രിലിൽ പാർട്ടി കോണ്‍ഗ്രസും നടക്കുന്ന സാഹചര്യത്തിൽ തെരഞ്ഞെടുത്ത സംസ്ഥാന സെക്രട്ടറിയുടെ സാന്നിധ്യം സമ്മേളനങ്ങളിൽ ഉണ്ടാകേണ്ടത് അനിവാര്യമാണെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ.
പ്രത്യേകിച്ചു ചില ജില്ലകളിൽ നിലനിൽക്കുന്ന വിഭാഗീയത ഒഴിവാക്കാൻ കോടിയേരിയുടെ സേവനം അത്യാവശ്യമാണെന്നു പിബി കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ നവംബർ 6, 7 തീയതികളിൽ നടക്കുന്ന സംസ്ഥാന കമ്മിറ്റി ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുമെന്ന് അറിയുന്നു.
കൂടാതെ കഴിഞ്ഞ ബ്രാഞ്ച്, ലോക്കൽ, ഏരിയ സമ്മേളനങ്ങൾ നടന്ന ചില സ്ഥലങ്ങളിലെ സംഘടനാ പ്രശ്നങ്ങളും സംസ്ഥാന സെക്രട്ടറിയുടെ മേൽനോട്ടത്തിൽ ചർച്ച ചെയ്യാനും സാധ്യതയുണ്ട്.