30.6 C
Kottayam
Tuesday, May 7, 2024

കുഴൽപ്പണ കേസ്; കൂടുതൽ പണം പോലീസ് പിടിച്ചെടുത്തു

Must read

തൃശ്ശൂര്‍: കൊടകരയിലെ കുഴൽപ്പണക്കവർച്ചാക്കേസിൽ കൂടുതൽ പണം പോലീസ് പിടിച്ചെടുത്തു. പ്രതികളിൽ നിന്നും പണം കൈപ്പറ്റിയവരിൽ ചിലർ പണം പൊലീസിനെ തിരിച്ചേൽപ്പിക്കുകയായിരുന്നു ഉണ്ടായത്. പണം തിരിച്ചേൽപ്പിച്ചില്ലെങ്കിൽ പ്രതിപ്പട്ടികയിൽ ഇടം നേടുമെന്ന പൊലീസിന്‍റെ മുന്നറിയിപ്പിനെ തുടർന്നാണ് ഈ നീക്കം ഉണ്ടായിരിക്കുന്നത്.

പ്രതികൾ പണം ഏല്‍പ്പിച്ചതായി പറഞ്ഞ പലരും പണം വാങ്ങിയെന്ന് പോലീസിനോട് സമ്മതിച്ചിരുന്നില്ല. കണ്ണൂരിൽ നടന്ന തെളിവെടുപ്പിനിടെ കവർച്ച മുതൽ സ്വീകരിച്ചവരെ കൂട്ടു പ്രതി ആക്കും എന്നു പോലീസ് വ്യക്തമാക്കിയതോടെയാണ് ചിലർ പണം തിരികെ നൽകിയത്. ആകെ തുക എത്രയുണ്ടെന്നു പോലീസ് വ്യക്തമാക്കിയില്ലെങ്കിലും 10 ലക്ഷത്തിൽ അധികം ഉണ്ടെന്നാണ് വിവരം ലഭിക്കുന്നത്.

ഇവരെ കൂട്ടു പ്രതിയാക്കുന്ന കാര്യത്തിൽ പോലീസ് ഇനിയും തീരുമാനം എടുത്തിട്ടില്ല. കസ്റ്റഡിയിൽ വാങ്ങിയ നാല് പ്രതികളുമായി പൊലീസ് കണ്ണൂർ, കൂത്തുപറമ്പ്, മട്ടന്നൂർ എന്നിവിടങ്ങളിലെത്തി തെളിവെടുപ്പു നടത്തുകയുണ്ടായി. വെള്ളിയാഴ്ച ഇവരെ വയനാട്ടിലെത്തിച്ച് തെളിവെടുക്കും. ഇതിനിടെ ചില പ്രതികൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനാൽ കേസിൽ ചോദ്യം ചെയ്യൽ പ്രതിസന്ധിയിൽ ആയിട്ടുണ്ട്‌.

കൊടകര കുഴല്‍ പണക്കേസില്‍ കഴിഞ്ഞ ദിവസം പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. പണം തട്ടാനുള്ള പ്രതികളുടെ യാത്ര പുനരാവിഷ്‌കരിച്ചായിരുന്നു തെളിവെടുപ്പ്. കവര്‍ച്ച നടത്തുന്നതിന്റെ തലേന്ന് രാത്രിയില്‍ തൃശ്ശൂരില്‍ തങ്ങി പുലര്‍ച്ചെയാണ് കൊടകര വരെ പോയി സംഘം കവര്‍ച്ച നടത്തിയത്. ഈ യാത്രയാണ് പ്രതികളുമായി പൊലീസ് നടത്തിയത്.

താമസിച്ച ലോഡ്ജ് മുതല്‍ കൊടകര മേല്‍പ്പാലം കഴിഞ്ഞ് നൂറ് മീറ്ററോളം യാത്ര നടത്തി. അപകടമുണ്ടാക്കി കവര്‍ച്ച നടത്തിയ രീതിയും ആസൂത്രണവുമടക്കം പ്രതികളില്‍ നിന്നും ചോദിച്ചറിഞ്ഞു. തെളിവെടുപ്പിനിടയില്‍ കൊരട്ടി സ്റ്റേഷനില്‍ എത്തിച്ച് പ്രതികളെ ചോദ്യം ചെയ്യുകയും ചെയ്തു. രഞ്ജിത്, ദീപക്, മാര്‍ട്ടിന്‍, ബാബു എന്നിവരെയാണ് തെളിവെടുപ്പിനെത്തിച്ചത്.

ഏപ്രില്‍ മൂന്നിനാണ് മൂന്നര കോടിയോളം രൂപയും കാറും കൊടകരയില്‍ ഗുണ്ടാ സംഘം കവര്‍ച്ച ചെയ്തത്. എന്നാല്‍ 25 ലക്ഷം നഷ്ടപ്പെട്ടുവെന്നാണ് കോഴിക്കോട്ടെ വ്യവസായിയും ആര്‍എസ്എസ് പ്രവര്‍ത്തകനുമായ ധര്‍മരാജന്‍ ഡ്രൈവര്‍ ഷംജീര്‍ വഴി പൊലീസിന് പരാതി നല്‍കിയത്.

കൊടകര കുഴല്‍പ്പണക്കേസില്‍ ബി.ജെ.പി-ആര്‍.എസ്.എസ് നേതൃത്വത്തിലേക്കും അന്വേഷണം നീളുന്നുണ്ട്. യുവമോര്‍ച്ചാ നേതാവ് സുനില്‍ നായിക്കിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു.കെ. സുരേന്ദ്രന്‍ യുവമോര്‍ച്ച പ്രസിഡന്റായിരുന്നപ്പോള്‍ ട്രഷറര്‍ ആയിരുന്നു സുനില്‍. സുനില്‍, ധര്‍മ്മരാജന് നല്‍കിയ പണമാണ് നഷ്ടപ്പെട്ടത്.

കുഴല്‍പ്പണം നഷ്ടപ്പെട്ടു എന്ന് പരാതിപ്പെട്ട വാഹന ഉടമ ധര്‍മരാജന്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനാണെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. തൃശൂര്‍ റൂറല്‍ എസ്. പി പൂങ്കുഴലിയാണ് ഇക്കാര്യം അറിയിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week