KeralaNews

Kodakara Black money: കുഴല്‍പ്പണം എത്തിയത് കര്‍ണാടകത്തില്‍ നിന്നും; കോടികള്‍ സംഘടിപ്പിച്ചത് ബംഗളുരുവിലെ ‘ഉന്നതന്‍’തെരഞ്ഞെടുപ്പ് കാലത്ത് കേരളത്തിലേക്ക് ഒഴുകിയത് 41 കോടി

കൊച്ചി: കൊടകര കുഴല്‍പ്പണ കേസിലെ അന്വേഷണം അട്ടിമറിച്ചെന്ന ആരോപണം കുറച്ചുകാലമായി തന്നെ കേരളത്തില്‍ ഉയരുന്നുണ്ട്. ബിജെപി- സിപിഎം ഒത്തുതീര്‍പ്പിന്റെ വഴിയിലേക്ക് എത്തിയത് ഈ കേസിനെ തുടര്‍ന്നാണെന്നാണ് പുറത്തുവന്ന വിവരം. അതേസമയം കേസില്‍ പോലീസ് അന്വേഷണം കര്‍ണാടകത്തിലെ ഉന്നതിലേക്ക് എത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം ഇഡിയുടെ പക്കലുണ്ട് താനും. എന്നിട്ടും രാഷ്ട്രീയത്തില്‍ തട്ടിയാണ് അന്വേഷണം നിലച്ചത്.

കൊടകര കുഴല്‍പ്പണത്തിന്റെ ഉറവിടം കര്‍ണാടകയിലെ ഉന്നതനാണെന്ന് സൂചിപ്പിച്ചു കൊണ്ടാണ് പ്രത്യേക അന്വേഷണസംഘം ഇ.ഡിക്ക് നല്‍കിയ റിപ്പോര്‍ട്ട്. സംസ്ഥാനത്തെ മൂന്ന് ബിജെപി നേതാക്കളുടെ പേരും ഉണ്ടെന്നാണ് മാതൃഭൂമി റിപ്പോര്‍ട്ടു ചെയ്യുന്നത്. ബംഗളൂരുവില്‍ നിന്ന് കോടികള്‍ സംഘടിപ്പിച്ച് കൊടുത്തത് ബെംഗളൂരുവിലെ ഉന്നതനാണെന്നാണ് വിവരം അക്കം ഉള്‍പ്പെടുത്തിയാണ് വാര്‍ത്ത. ടവര്‍ ലൊക്കേഷനുകളടക്കമുള്ള നിര്‍ണായക വിവരങ്ങളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് കേരളത്തിലേക്ക് ഒഴുകിയത് 41 കോടി 20 ലക്ഷം രൂപയാണെന്നും പുറത്തുവരാത്ത റിപ്പോര്‍ട്ടിലുണ്ട്. കേസില്‍ അന്വേഷണവുമായി മുമ്പോട്ട് പോയാല്‍ പല ബിജെപി നേതാക്കളിലേക്കും എത്തുമെന്നാണ് റിപ്പോര്‍ട്ടില്‍ നിന്ന് മനസ്സിലാകുന്നത്. പണം നല്‍കിയ ഉന്നതനിലേക്കും അന്വേഷണം എത്തും. പണം നല്‍കിയ ആ ഉന്നതന്‍ ആരാണ് എന്നത് സംസ്ഥാന പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇ.ഡിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ഇക്കാര്യങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

41 കോടി 20 ലക്ഷം രൂപയാണ് ധര്‍മ്മരാജന്‍ വഴി കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് കേരളത്തിലേക്ക് എത്തിയത്. ഓരോ ദിവസവും എങ്ങനെയാണ് പണം എത്തിയത്, ആരൊക്കെയാണ് കൊണ്ടുവന്നത്, ഏതൊക്കെ വാഹനത്തിലാണ് കൊണ്ടുവന്നത്… തുടങ്ങിയ വിവരങ്ങള്‍ വിശദമായിത്തന്നെ പ്രത്യേകാന്വേഷണ സംഘം ഇ.ഡി.ക്ക് നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്. അത് ഇതുവരെ പുറത്തുവന്നിട്ടില്ല. റിപ്പോര്‍ട്ട് പ്രത്യേകാന്വേഷണത്തിന്റെയും ഇഡിയുടേയും കൈവശമാണ് ഉള്ളത്. ഇതുവരെ റിപ്പോര്‍ട്ടിന്മേല്‍ ഒരു നടപടിയും ഇഡിഎടുത്തിട്ടില്ല. ഇതോടെ ഈ അവസരം പ്രതിപക്ഷത്തിന് ആയുധമാക്കാനും വഴിയൊരുങ്ങുകയാണ്.

സംസ്ഥാനത്തെ ബിജെപി നേതാക്കളുടെ പേരുടകളും ആരാണ് കേരളത്തില്‍ പണമിടപാടുകള്‍ നിയന്ത്രിച്ചിരുന്നത് തുടങ്ങിയവയടക്കം റിപ്പോര്‍ട്ടില്‍ ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം. കൊടകരയില്‍ കുഴല്‍പ്പണം കൊള്ളയടിക്കപ്പെടുന്ന ദിവസം ആറര കോടി രൂപ തൃശ്ശൂരില്‍ എത്തിയിരുന്നു. ഇതോടൊപ്പം മൂന്നര കോടി രൂപ തൃശ്ശൂരില്‍ നിന്ന് ആലപ്പുഴയിലേക്ക് കൊണ്ടു പോകുന്ന വഴിക്ക് വെച്ച് കൊള്ളയടിക്കുന്നത്. മറ്റൊരു ആറര കോടി രൂപ നേരത്തെ തന്നെ കേരളത്തില്‍ എത്തിച്ചിരുന്നു.

പിഎംഎല്‍എയുടെ പരിധിയില്‍ പെടുന്ന വിവരങ്ങള്‍ മറ്റൊരു റിപ്പോര്‍ട്ട് ആയാണ് ഇഡിക്ക് കൈമാറിയിരിക്കുന്നത്. ബെംഗളൂരുവില്‍ എങ്ങനെയാണ് ഹവാല ഇടപാടുകള്‍ നടക്കുന്നത് എന്നതടക്കമുള്ള വിശദാംശങ്ങളുണ്ട്. ടവര്‍ ലൊക്കേഷനുകളടക്കം ഉള്‍പ്പെടുത്തിയിട്ടുണ്ട്. രണ്ട് ഹവാല ഓപ്പറേറ്റര്‍മാരില്‍ നിന്നാണ് ധര്‍മ്മരാജനിലേക്ക് പണം എത്തിയത്. ഓരോ തവണയും ബെംഗളൂരുവില്‍ എത്തുമ്പോള്‍ ഓരോ മൊബൈല്‍ നമ്പറുകളാണ് ഇവര്‍ ഉപയോഗിച്ചിരുന്നു. ഇതെല്ലാം റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുന്നുണ്ടെന്നാണ് ലഭിക്കുന്ന സൂചന.

അതേസമയം കെ സുരേന്ദ്രനെ അടക്കം വെട്ടിലാക്കുന്ന വെളിപ്പെടുത്തലാണ് തിരൂര്‍ സതീശില്‍ നിന്നും ഉണ്ടായത്. തൃശൂരിലെ ബിജെപി ഓഫീസില്‍ കുഴല്‍പ്പണം എത്തിച്ചെന്ന ആരോപണത്തില്‍ ഉറച്ചു നില്‍ക്കുകയാണ് സതീശ്. കൊടകര കുഴല്‍പ്പണ കേസിലെ മുഴുവന്‍ സത്യങ്ങളും പൊലീസിനോട് പറയും. പണം കൈകാര്യ ചെയ്തതിന്റെ തെളിവുകള്‍ കയ്യിലുണ്ട്. പണമെത്തിച്ച ധര്‍മരാജ് വരുമ്പോള്‍ കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഓഫിസിലുണ്ടായിരുന്നെന്നും തിരൂര്‍ സതീശ് മാധ്യമങ്ങളോട് പറഞ്ഞു.

കോടിക്കണക്കിന് രൂപ അവിടെ വന്നതിന് കാവല്‍ നിന്നയാളാണ് ഞാന്‍. പണം എത്തിക്കുന്ന സമയത്ത് അവിടെ ഞാനും ജില്ലാ ട്രഷററും ഉണ്ടായിരുന്നു. താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാതെ തന്നെ വ്യക്തിഹത്യ ചെയ്യുന്നത് ഒളിച്ചോട്ടമാണ്. സാമ്പത്തിക ക്രമേക്കേടില്‍ നടപടി എടുത്തെന്ന വാദം തെറ്റാണ്. തന്നെ പാര്‍ട്ടിയില്‍ നിന്ന് ഇതുവരെ ആരും പുറത്താക്കിയിട്ടില്ലെന്നും തന്നെ ആര്‍ക്കും വിലക്കെടുക്കാനാകില്ലെന്നും സതീശ് പറഞ്ഞു.

തൃശൂരിലെ ബിജെപി ഓഫീസില്‍ ആറ് ചാക്കുകളിലായാണ് കള്ളപ്പണം എത്തിച്ചെന്ന് ഇന്നലെ സതീശ് വെളിപ്പെടുത്തിയിരുന്നു. തൃശൂര്‍ ജില്ലയിലേക്കുള്ള പണം ഓഫീസില്‍ ഇറക്കി, ബാക്കി പണവുമായി ആലപ്പുഴയ്ക്കു പോകുമ്പോഴാണ് കൊടകരയില്‍ മൂന്നരക്കോടി രൂപ കൊള്ളയടിച്ചതെന്നും സതീശ് പറഞ്ഞു.

രാത്രി തെരഞ്ഞെടുപ്പ് സാമഗ്രികള്‍ വരുമെന്നും ഓഫീസ് അടയ്ക്കരുതെന്നും സംഭവ ദിവസം ബിജെപി ജില്ലാ നേതാക്കള്‍ അറിയിച്ചു. സാമഗ്രികളുമായെത്തിയ ധര്‍മരാജ് ഉള്‍പ്പെടെയുള്ളവര്‍ക്ക് ജില്ലാ ട്രഷറര്‍ സുജയസേനന്റെ നിര്‍ദേശപ്രകാരം ലോഡ്ജില്‍ മുറിയെടുത്തുനല്‍കി. ഓഫീസില്‍ ഇറക്കിയ സാമഗ്രികള്‍ തുറന്നുനോക്കിയപ്പോള്‍ പണമാണെന്ന് മനസ്സിലായി. പിറ്റേദിവസം കൊടകരയിലെ കവര്‍ച്ചാവിവരം പുറത്തുവന്നതോടെയാണ് കുഴല്‍പ്പണമാണെന്ന് മനസ്സിലായത്.

നേരത്തെ ഒരുതവണ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍, ജില്ലാ പ്രസിഡന്റ് കെ കെ അനീഷ് കുമാര്‍ എന്നിവര്‍ക്കൊപ്പം ധര്‍മരാജന്‍ തൃശൂരിലെ ഓഫീസിലെത്തിയിരുന്നു. പൊലീസിനുമുന്നില്‍ നേതാക്കളുടെ നിര്‍ദേശപ്രകാരമാണ് മൊഴി നല്‍കിയത്. വിചാരണ സമയത്ത് കോടതിയില്‍ എല്ലാം തുറന്നുപറയുമെന്നും സതീശ് പറഞ്ഞു. കൊടകര കുഴല്‍പ്പണ കവര്‍ച്ചാകേസ് അന്വേഷണം നടക്കുന്നതിനിടെ സതീശിനെ ഓഫീസ് സെക്രട്ടറിസ്ഥാനത്തുനിന്ന് നീക്കിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker