കൊച്ചി: കൊച്ചി പനമ്പിള്ളി നഗറിൽ നടുറോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ കേസിൽ അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തിയത് പൊലീസ് ഇന്ന് കോടതിയെ അറിയിക്കും. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതിയുടെ ആരോഗ്യനില തൃപ്തികരമായ ശേഷം ജുഡീഷ്യൽ കസ്റ്റഡി ആവശ്യപ്പെടാനാണ് പൊലീസിന്റെ നീക്കം. പിന്നീട് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ചാണെന്ന് യുവതി പൊലീസിന് മൊഴി നൽകി. കുഞ്ഞ് കരഞ്ഞാൽ പുറത്ത് കേൾക്കാതിരിക്കാൻ വായിൽ തുണി തിരുകി. 8 മണിയോടെ അമ്മ വാതിൽ മുട്ടിയപ്പോൾ പരിഭ്രാന്തിയിലായി കൈയിൽ കിട്ടിയ കവറിൽ കുഞ്ഞിനെ പൊതിഞ്ഞ് താഴോട്ട് ഇട്ടു. പരിഭ്രാന്തിയിൽ ആത്മഹത്യ ചെയ്യാൻ തുനിഞ്ഞുവെന്നും യുവതി പൊലീസിന് മൊഴി നൽകി.
നവജാതശിശു മരിച്ചത് തലയോട്ടി തകര്‍ന്നെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക കണ്ടെത്തല്‍. ഫ്‌ലാറ്റില്‍നിന്നും കുഞ്ഞിനെ താഴേക്ക് എറിഞ്ഞപ്പോഴാണ് കുഞ്ഞിന്റെ തലയോട്ടി തകര്‍ന്നതെന്നും ശരീരത്തിലാകെ ബലപ്രയോഗം നടത്തിയതിന്റെ പാടുകള്‍ ഉള്ളതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
തലയോട്ടിക്കേറ്റ പരിക്കാണ് കുട്ടിയെ മരണത്തിലേക്ക് നയിച്ചത് എന്നാണ് പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ പോലീസിന് നല്‍കിയ വിവരം. ഫ്‌ലാറ്റിന്റെ അഞ്ചാം നിലയില്‍നിന്ന് കുട്ടിയെ കുറിയര്‍ കവറില്‍ പൊതിഞ്ഞ് താഴേക്ക് എറിഞ്ഞപ്പോള്‍ ഉണ്ടായ ആഘാതത്തിലായിരിക്കാം തലയോട്ടി തകര്‍ന്നിട്ടുള്ളത്. പ്രസവത്തിന് ശേഷം, കുഞ്ഞിന്റെ ശരീരമാസകലം ബലപ്രയോഗം നടത്തിയതിന്റെ ലക്ഷണവുമുണ്ട്. കുഞ്ഞിന്റെ കീഴ്ത്താടിക്ക് പൊട്ടലേറ്റതായും പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ വകുപ്പുകള്‍ ചേര്‍ത്ത് അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് പോലീസ് കടന്നേക്കും. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികളിലേക്ക് കടക്കാനാണ് പോലീസ് ഒരുങ്ങുന്നത്.
പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയത് ആര് എന്ന് കണ്ടെത്താനുള്ള ശ്രമവും പോലീസിന്റെ ഭാഗത്ത് ശ്രമങ്ങള്‍ നടക്കുന്നുണ്ട്. പീഡനം നടന്നിട്ടുണ്ട് എന്ന നിഗമനത്തിലാണ് പോലീസ്. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട ഒരാളാണ് ഇതിന് പിന്നില്‍ എന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. ആ വഴിക്കും പോലീസ് അന്വേഷണം പുരോഗമിക്കുന്നുണ്ട്.
യുവതിയുടെ മൊഴി എതിരാണെങ്കിൽ മാത്രം ആൺ സുഹൃത്തിനെതിരെ കേസെടുക്കാനാണ് നിലവിൽ അന്വേഷണസംഘം ഉദ്ദേശിക്കുന്നത്. സംഭവത്തിൽ കേസെടുത്ത ബാലാവകാശ കമ്മീഷൻ ജില്ലാ പൊലീസ് മേധാവിയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.
ഇന്നലെ രാവിലെ എട്ട് മണിയോടെയാണ് കൊച്ചി നഗരത്തെയാകെ ഞെട്ടിച്ച സംഭവം ഉണ്ടായത്. ശുചീകരണത്തൊഴിലാളികളാണ് നടുറോഡില്‍ പൊക്കിൾക്കൊടിപോലും മുറിച്ചുമാറ്റാത്ത നിലയില്‍ നവജാത ശിശുവിന്‍റെ ശരീരം ആദ്യം കണ്ടത്. റോഡിലേക്ക് വീണ കുഞ്ഞിനെ പൊതിഞ്ഞിരുന്ന കവർ കേന്ദ്രീകരിച്ചായിരുന്നു തുടർ അന്വേഷണം.
ആമസോണിൽ ഉത്പന്നങ്ങൾ വാങ്ങിയ കവറിലെ വിലാസം പരിശോധിച്ചാണ് ഫ്ലാറ്റിന്‍റെ അഞ്ചാം നിലയിൽ പൊലീസ് എത്തിയത്. അപ്പോൾ മാത്രമാണ് യുവതിയുടെ മാതാപിതാക്കൾ സംഭവമറിയുന്നത്. തുടർന്ന് യുവതിയെ ചോദ്യംചെയ്തതിൽ നിന്നാണ് ഏകദേശ ചിത്രം പുറത്തുവന്നത്.