FeaturedKeralaNews

ഉദ്ഘാടനത്തിന് ക്ഷണിച്ചില്ല, പോലീസുകാരന് സസ്പെൻഷൻ,കൊച്ചി ഡിസിപി ഐശ്വര്യ ഡോങ്റെ വീണ്ടും വിവാദത്തിൽ

കൊച്ചി:കളമശേരി പൊലീസ് സ്റ്റേഷനിൽ ടീ വൈൻഡിങ് മെഷീൻ ഉൾപ്പടെ സ്ഥാപിച്ച് അഭിനന്ദനങ്ങൾ കൂമ്പാരമായെത്തിയതിനു പിന്നാലെ അതിനു പിന്നിൽ പ്രവർത്തിച്ച സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ പി.എസ്. രഘുവിന് സസ്പെൻഷൻ.

കൊച്ചി ഡിസിപി ഐശ്വര്യ ഡോങ്റെയുടേതാണ് നടപടി. പരിപാടിയെക്കുറിച്ച് മേലുദ്യോഗസ്ഥരുടെ അനുമതിയില്ലാതെ മാധ്യമങ്ങൾക്ക് അഭിമുഖം കൊടുത്തു എന്ന പേരിലാണ് നടപടി. അതേസമയം, ഉദ്ഘാടന ചടങ്ങിൽ ഡിസിപിയെ ക്ഷണിക്കാതിരുന്നതിന്റെ ദേഷ്യം തീർക്കലാണ് നടപടിക്കു പിന്നിലെന്നാണ് പൊലീസുകാർക്കിടയിലെ സംസാരം. സംഭവത്തിൽ ജില്ലാ സ്പെഷൽ ബ്രാഞ്ച് മേലധികാരികൾക്ക് റിപ്പോർട്ട് നൽകിയിരുന്നു

സംസ്ഥാനത്ത് ആദ്യമായി ഒരു പൊലീസ് സ്റ്റേഷൻ കൂടുതൽ ജനസൗഹൃദമാക്കാൻ സ്റ്റേഷനിൽ എത്തുന്നവർക്ക് ചായയും ബിസ്കറ്റും തണുത്ത വെള്ളവും നൽകുന്ന പദ്ധതി നടപ്പാക്കിയതിന് ഉയർന്ന ഉദ്യോഗസ്ഥരിൽ നിന്നുൾപ്പെടെ അഭിനന്ദനങ്ങൾ ലഭിച്ചിരുന്നു. തൊട്ടു പിന്നാലെ ഉച്ചയോടെയെത്തിയ സസ്പെൻഷൻ ഓർഡർ പൊലീസുകാരെ ഞെട്ടിച്ചിട്ടുണ്ട്.

സ്വന്തം പോക്കറ്റിൽനിന്നും സഹപ്രവർത്തകരിൽനിന്നും പണം കണ്ടെത്തിയായിരുന്നു രഘു പദ്ധതി നടപ്പാക്കിയത്. മേലുദ്യോഗസ്ഥരെ വിവരം അറിയിക്കുകയും ചെയ്തിരുന്നതായാണു വിവരം. പൊലീസ് പൊതുജനങ്ങളുമായി സൗഹൃദത്തിലാകണമെന്ന ഡിജിപി ലോക്നാഥ് ബെഹ്റയുടെ നിർദേശം പാലിക്കുക കൂടിയാണ് ചെയ്തിരിക്കുന്നതായിരുന്നു ഇക്കാര്യത്തിൽ പൊലീസ് നിലപാട്.

നേരത്തേ കോവിഡ് ഭീതി രൂക്ഷമായിരിക്കെ തെരുവിൽ ഭക്ഷണമില്ലാതെ കഴിയുന്നവർക്കും തെരുവു നായകൾക്കും ഭക്ഷണം നൽകി കളമശേരി പൊലീസ് സ്റ്റേഷൻ മാതൃകയായിരുന്നു. ഹോട്ടലുകൾ ഇല്ലാതിരുന്നതിനാൽ നിരവധിപ്പേർക്കും മിണ്ടാപ്രാണികൾക്കും പദ്ധതി ഏറെ സഹായകമായിരുന്നു. ഈ സമയത്തു തന്നെ നെടുമ്പാശേരി വിമാനത്താവള പരിസരത്തു വച്ച് പഴ്സ് നഷ്ടപ്പെട്ട ഫ്രഞ്ച് വനിതയെ സഹായിച്ച സംഭവത്തിൽ രഘുവിന് അന്ന് കൊച്ചി ഐജിയായിരുന്ന വിജയ് സാഖറെ കാഷ് അവാർഡും പ്രശസ്തി പത്രവും നൽകിയിരുന്നു.

കോവിഡ് ഉണ്ടെന്നു ഭയന്ന് ആളുകൾ അകറ്റി നിർത്തുക കൂടി ചെയ്ത ഇവർക്ക് ഭക്ഷണം വാങ്ങി നൽകുകയും വിവരം ഫ്രഞ്ച് എംബസിയെ അറിയിച്ച് സഹായമെത്തിക്കുകയുമായിരുന്നു. ഇവർ കയറിയ ഓട്ടോ സിസിടിവി ദൃശ്യങ്ങൾ ഉപയോഗിച്ച് കണ്ടെത്തി പഴ്സ് കണ്ടെത്തുകയും അത് ഇവർക്ക് അയച്ചു കൊടുക്കുകയും ചെയ്തിരുന്നു.

ജനുവരി ആദ്യ ആഴ്ചയിൽ ഡിസിപി ഐശ്വര്യ ഡോങ്റെ ചുമതലയേറ്റതിനു പിന്നാലെ എറണാകുളം നോർത്തിലെ വനിതാ സ്റ്റേഷനിൽ മഫ്തിയിൽ എത്തിയപ്പോൾ പാറാവുനിന്ന ഉദ്യോഗസ്ഥ തിരിച്ചറിഞ്ഞില്ലെന്ന കാരണത്താൽ വിശദീകരണം ചോദിച്ചതും തുടർന്ന് ശിക്ഷാനടപടി സ്വീകരിച്ചതും വിവാദമായിരുന്നു. പാറാവു നിന്ന ഉദ്യോഗസ്ഥ ശ്രദ്ധാലുവായിരുന്നില്ല എന്നായിരുന്നു അന്ന് ശിക്ഷാ നടപടി സ്വീകരിച്ചതിനെ ന്യായീകരിച്ച് ഐശ്വര്യ ഡോങ്റെ ഐപിഎസ് പറഞ്ഞത്.

ഒരു തവണ പോലും നേരിൽ കണ്ടിട്ടില്ലാത്ത ഓഫിസർ യൂണിഫോമിലല്ലാതെ സ്റ്റേഷനിൽ എത്തിയപ്പോൾ ഈ കോവിഡ് കാലത്ത് തടഞ്ഞതിന് അഭിനന്ദിക്കേണ്ടതിനു പകരം ശിക്ഷാ നടപടി സ്വീകരിച്ചതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. പൊലീസുകാർക്കിടയിലും ഇക്കാര്യത്തിൽ അഭിപ്രായ വ്യത്യാസമുണ്ടായതോടെ കമ്മിഷണർ ഇവരെ താക്കീതു നൽകുന്ന സാഹചര്യവുമുണ്ടായി

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker