BusinessKeralaNews

വ്യവസായ ഇടനാഴി പദ്ധതിക്ക് സമഗ്ര ഭരണാനുമതി; തുടർ നടപടികൾ വേഗത്തിലാകും

തിരുവനന്തപുരം:കൊച്ചി – ബംഗളൂരു വ്യവസായ ഇടനാഴി പദ്ധതിക്ക് 2608 കോടി രൂപയുടെ സമഗ്ര ഭരണാനുമതി ലഭ്യമായ സാഹചര്യത്തിൽ തുടർനടപടികൾക്ക് വേഗം കൂടും.

പദ്ധതിക്കാവശ്യമായ 2185 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിന് കിഫ്ബി അനുവദിച്ച വായ്പയുടെ തിരിച്ചടവിനാണ് അനുവദിക്കപ്പെട്ട തുക ചെലവഴിക്കുക. ഇതിൽ 850 കോടി രൂപ എറണാകുളം ജില്ലയിലെ അയ്യമ്പുഴയിൽ ഗിഫ്റ്റ് സിറ്റിയുടെ ഭൂമി ഏറ്റെടുക്കുന്നതിന് ആവശ്യമായ തുകയാണ്. കിൻഫ്രയാണ് ഏറ്റെടുക്കൽ നോഡൽ ഏജ൯സി.

കേരളത്തിൽ 10,000 കോടി രൂപയുടെ നിക്ഷേപം കൊണ്ടുവരുന്ന കൊച്ചി – ബംഗളൂരു വ്യവസായ ഇടനാഴിക്കായുള്ള 82% സ്ഥലവും സംസ്ഥാന സർക്കാർ ഇതിനോടകം ഏറ്റെടുത്തിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് 50 ശതമാനം വീതം പങ്കാളിത്തമുള്ള കമ്പനിയാണ് വ്യവസായ ഇടനാഴി പ്രോജക്ട് നടപ്പാക്കുന്നത്. ഇന്ത്യയിലെ തന്നെ രണ്ടാമത്തെ ഗിഫ്റ്റ് സിറ്റിയാണ് പദ്ധതിയുടെ ഭാഗമായി അയ്യമ്പുഴയിൽ വരുന്നത്.

160 കിലോമീറ്റർ ദൈർഘ്യമുള്ള വ്യവസായ ഇടനാഴിയുടെ ഭാഗമായി സംരംഭങ്ങള്‍ തുടങ്ങാനുള്ള നടപടികളും ആരംഭിച്ചു. ഇവിടെ ആരംഭിക്കുന്ന വ്യവസായങ്ങള്‍ക്ക് ഏകജാലക സംവിധാനത്തിലൂടെ അനുമതി നല്‍കും.

ഉത്തരവാദ വ്യവസായം, ഉത്തരവാദ നിക്ഷേപം എന്ന നയത്തിലൂന്നിക്കൊണ്ട് പരിസ്ഥിതിക്ക് അനുയോജ്യമായ വ്യവസായങ്ങള്‍ സ്ഥാപിച്ച് കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കുകയാണ് ലക്ഷ്യം.

കൊച്ചി – ബംഗളുരു വ്യവസായ ഇടനാഴി യാഥാർഥ്യമാകുമ്പോൾ പതിനായിരം കോടി രൂപയുടെ നിക്ഷേപവും പതിനായിരം തൊഴിലവസരങ്ങളുമാണുണ്ടാകുക. ഭക്ഷ്യ സംസ്‌കരണം, ലൈറ്റ് എഞ്ചിനീയറിംഗ്, ജ്വല്ലറി, പ്ലാസ്റ്റിക്, ഇ-മാലിന്യങ്ങളുടെയും മറ്റ് ഖരമാലിന്യങ്ങളുടെയും പുനരുപയോഗം, എണ്ണ-വാതക ഇന്ധനങ്ങള്‍, ഇലക്ട്രോണിക്‌സ്, ഐ.ടി, ലോജിസ്റ്റിക്, ഓട്ടോമോട്ടീവ് തുടങ്ങിയ മേഖലകളിൽ ക്ലസ്റ്ററുകൾ വികസിപ്പിക്കാനാണ് ഇടനാഴിയുടെ ഭാഗമായി ലക്ഷ്യമിടുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker