24.7 C
Kottayam
Monday, May 20, 2024

കിഴക്കമ്പലം അതിക്രമം,2 കേസുകളിലായി 24 പേർ അറസ്റ്റിൽ,വധശ്രമം അടക്കം കുറ്റങ്ങൾ

Must read

കൊച്ചി: എറണാകുളം കിഴക്കമ്പലത്ത് ക്രിസ്തുമസ് ആഘോഷത്തിന്റെ പേരിൽ കിറ്റക്സിലെ (Kitex) അതിഥി തൊഴിലാളികൾ പൊലീസിനെ ആക്രമിച്ച (Police Attack) സംഭവത്തിൽ 24 പേർ അറസ്റ്റിൽ. സംഭവത്തില്‍ രണ്ട് ക്രിമിനൽ കേസുകളാണ് രജിസ്റ്റർ ചെയ്തത്. വധശ്രമത്തിന് 18 പേരും പൊതുമുതൽ നശിപ്പിച്ചതിന് ആറ് അതിഥി തൊഴിലാളികളുമാണ് പിടിയിലായത്. പൊലീസ് വാഹനങ്ങൾ തീകത്തിച്ചവരെയടക്കം ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഇതിനിടെ പെരുമ്പാവൂർ എ എസ് പിയുടെ നേതൃത്വത്തിൽ പത്തൊൻപതംഗ പ്രത്യേക അന്വേഷണസംഘവും രൂപീകരിച്ചു.

ഒരു രാത്രി മുഴുവൻ കിഴക്കമ്പലത്തെ മുൾമുനയിൽ നിർത്തിയായിരുന്നു അതിഥിത്തൊഴിലാളികളുടെ അഴിഞ്ഞാട്ടം. ക്രിസ്തുമസ് കരോൾ നടത്തുന്നതിനെച്ചൊല്ലി കിറ്റക്സിന്റെ ലേബർ കാമ്പിൽ തൊഴിലാളികൾ തമ്മിൽ തർക്കമായി. മദ്യലഹരിയിൽ വാക്കേറ്റം തമ്മിൽത്തല്ലിൽ എത്തി.  കയ്യാങ്കളി റോഡിലേക്ക് നീണ്ടതോടെയാണ് നാട്ടുകാർ പൊലീസിനെ അറിയിച്ചത്. പൊലീസെത്തിയിതോടെ തൊഴിലാളികൾ അവർക്കെതിരെ തിരിഞ്ഞു. കുന്നത്തുനാട് ഇൻസ്പെക്ടർ അടക്കമുളളവരെ കല്ലെറിഞ്ഞും മറ്റും ആക്രമിച്ചു. ഒടുവിൽ പൊലീസ് വാഹനം ഉപേക്ഷിച്ച് ഉദ്യോഗസ്ഥർക്ക് രക്ഷപെടേണ്ടിവന്നു.

ഒരു പൊലീസ് വാഹനം കത്തിച്ച അക്രമികൾ രണ്ടെണ്ണം അടിച്ചു തകർത്തു. തുടർന്ന് റൂറൽ എസ്പി അടക്കമുളളവ‍ സ്ഥലത്തെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്. തൊഴിലാളികളുടെ താമസസ്ഥലത്തടക്കം പരിശോധന നടത്തിയാണ് നൂറ്റിയൻപത്തിയാറ് പേരെ കസ്റ്റിഡിയിൽ എടുത്തത്. തുടർന്ന് വീഡിയോ ദൃശ്യങ്ങളുടെ സഹായത്തോടെയാണ് അക്രമികളെ തിരിച്ചറിഞ്ഞത്. പൊലീസ് തീകത്തിച്ചവരെ അടക്കം തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തു.

കൂടുതൽ പേരെ വരും ദിവസങ്ങളിൽ ചോദ്യം ചെയ്യാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം. സംഭവത്തിൽ പരിക്കേറ്റ കുന്നത്തുനാട് ഇൻസ്പെക്ടർ അടക്കം അഞ്ച് പൊലീസുദ്യോഗസ്ഥർ ചികിത്സയിലാണ്. വാഹനം കത്തിച്ചവരെയടക്കം പിടികൂടി പൊലീസിൽ ഏൽപിച്ചത് കിറ്റെക്സ് ജീവനക്കാർ തന്നെയാണെന്നും അന്വേഷണത്തോട് പൂർണമായി സഹയകരിക്കുമെന്നും  കിറ്റെക്സ് എം ‍ഡി സാബു എം ജേക്കബ് അറിയിച്ചു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week