CrimeKeralaNews

പോലീസുകാരെ ചുട്ടുകൊല്ലാന്‍ ശ്രമം, അഞ്ചു മണിക്കൂർ കിഴക്കമ്പലത്ത് നടന്നത് കലാപസമാന സംഭവങ്ങൾ

കൊച്ചി:കിഴക്കമ്പലത്ത് അന്യസംസ്ഥാന തൊഴിലാളികൾ നടത്തിയത് കലാപത്തിന് സമാനമായ നീക്കങ്ങളാണ്. പരസ്പരം ആക്രമിച്ച് നാട്ടുകാർക്ക് നേരേയും തിരിഞ്ഞ് സ്ഥലത്തെത്തിയ പോലീസുകാരെ ചുട്ടുകൊല്ലാൻ ശ്രമിക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ നീങ്ങിയത് വളരെ പെട്ടെന്നായിരുന്നു. സ്ഥലത്ത് വൻ പോലീസ് സന്നാഹമെത്തി അക്രമികളെ അറസ്റ്റ് ചെയ്ത് നീക്കിയതോടെയാണ് കാര്യങ്ങൾ നിയന്ത്രണവിധേയമായത്. ഇപ്പോഴും സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.

ഏകദേശം മൂവായിരത്തോളം ഇതരസംസ്ഥാന തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന സ്ഥലമാണ് ഇവിടം. കിറ്റക്സ് കമ്പനി തൊഴിലാളികൾക്കായി നിർമിച്ച ക്യാമ്പിലാണ് അക്രമം നടന്നത്. ക്രിസ്മസ് ദിന ആഘോഷങ്ങളുടെ ഭാഗമായി തൊഴിലാളികൾ മദ്യവും കഞ്ചാവും ഉൾപ്പെടെയുള്ള മയക്കുമരുന്നും ഉപയോഗിച്ചിരുന്നെന്നാണ് സൂചന. ഇവർ തമ്മിൽ പരസ്പരമുണ്ടായ പ്രശ്നങ്ങളാണ് സംഭവങ്ങളുടെ തുടക്കം. തുടർന്ന് പരസ്പരം മർദ്ദിക്കുന്നതിലേക്ക് കാര്യങ്ങൾ എത്തി.

ലേബർ ക്യാമ്പിൽ താമസിക്കുന്ന മണിപ്പൂർ, നാഗലാൻഡ് സ്വദേശികളായ തൊഴിലാളികൾ സ്ഥിരം പ്രശ്നക്കാരാണെന്ന് നാട്ടുകാരും പറയുന്നു. ഇന്നലെ അക്രമം നടക്കുന്നത് ചിത്രീകരിക്കാൻ ശ്രമിച്ച നാട്ടുകാരെ ഇവർ അക്രമിക്കുകയും മൊബൈൽ ഫോണുകൾ നശിപ്പിക്കുകയും ചെയ്തു. പിന്നീട് കൺട്രോൾ റൂം വാഹനത്തിലും കുന്നത്തുനാട് സ്റ്റേഷനിലും നിന്ന് പോലീസുകാർ എത്തി.

സ്ഥലത്തെത്തിയ പോലീസുകാരെ 40ന് മുകളിൽ വരുന്ന അക്രമി സംഘം പോലീസിനെ വളഞ്ഞിട്ട് മർദ്ദിക്കുകയായിരുന്നു. പോലീസിനെ മർദ്ദിച്ചും കല്ലെറിഞ്ഞും ഗുരുതരമായി പരിക്കേൽപ്പിച്ചു. എസ്.ഐ ഉൾപ്പെടെയുള്ള പോലീസുകാരെ ഇവർ കല്ലുകൊണ്ട് തലയ്ക്ക് ഇടിച്ച് പരിക്കേൽപ്പിച്ചിരുന്നു.

പിന്നീട് കൺട്രോൾ റൂം വാഹനം അടിച്ച് തകർത്തു. ഇതിന് ശേഷം സ്റ്റേഷൻ വാഹനത്തിനുള്ളിലെ പോലീസുകാരെ പുറത്തിറങ്ങാൻ സാധിക്കാത്ത രീതിയിൽ ഡോർ ചവിട്ടിപ്പിടിച്ച ശേഷം തീയിട്ടു. ഇതിനിടയിൽ പോലീസുകാർ വാഹനത്തിൽനിന്ന് ഇറങ്ങി ഓടുകയായിരുന്നു. പോലീസുകാരുടെ വയർലെസ് സെറ്റ് ഉൾപ്പെടെ നശിപ്പിച്ചിരുന്നു.

പോലീസുകാരെ ആക്രമിക്കുന്നത് കണ്ട പ്രദേശവാസിയും ടിപ്പർ ലോറി ഡ്രൈവറുമായ സരുൺ സ്ഥലത്തേക്ക് ഓടിയെത്തുകയും കൺട്രോൾ റൂമിലേക്ക് വിളിച്ചറിയിക്കുകയും ചെയ്തത് അനുസരിച്ചാണ് സ്ഥലത്ത് കൂടുതൽ പോലീസുകാരെത്തിയത്. ക്രിസ്മസ് അവധിയായതിനാൽ പോലീസുകാരുടെ എണ്ണവും കുറവായിരുന്നു. പിന്നീട് മറ്റ് സ്ഥലങ്ങളിൽ നിന്ന് കൂടുതൽ പോലീസിനെ വിളിച്ചുവരുത്തി.

കൂടുതൽ പോലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്. ലാത്തിച്ചാർജ് ഉൾപ്പെടെ നടത്തിയാണ് പോലീസ് കാര്യങ്ങൾ നിയന്ത്രിച്ചത്. അക്രമം നടത്തിയ നൂറോളം തൊഴിലാളികളെ പൊലീസ് അറസ്റ്റ് ചെയ്ത് മാറ്റി.

ഈ ക്യാമ്പിലെ തൊഴിലാളികൾ സ്ഥിരം പ്രശ്നക്കാരാണെന്നും പ്രദേശവാസികളോടുള്ള ഇവരുടെ പെരുമാറ്റം വളരെ മോശമാണെന്നും നാട്ടുകാർ പറയുന്നു. പോലീസുകാർക്ക് നേരിടേണ്ടി വന്നത് ക്രൂരമായ മർദ്ദനമാണെന്നും നാട്ടുകാർ പറയുന്നു. ഗുരുതരമായി പരിക്കേറ്റ പോലീസുകാർക്ക് ശസ്ത്രക്രിയ ആവശ്യമാണെന്ന് ഡോക്ടർമാർ അറിയിച്ചു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker