BusinessKeralaNews

കിറ്റെക്‌‌സ് ഓഹരി വില വീണ്ടും ഇടിഞ്ഞു

കൊച്ചി:കിറ്റെക്‌സ് ​ഗാർമെൻറിൻറെ ഓഹരി വില തുടർച്ചയായ രണ്ടാം ദിവസവും ഇടിഞ്ഞു. 4.71 ശതമാനമാണ് ഇടിവ് നേരിട്ടത്. മുൻ ദിവസത്തെ 183.65 രൂപയിൽ നിന്നും വില 175 രൂപയിലെത്തി. 8. 65 രൂപയാണ് കുറഞ്ഞത്. വ്യാഴാഴ്ച 10 ശതമാനമാണ് ഇടിഞ്ഞത്. അതിനു മുമ്പുള്ള ദിവസങ്ങളിൽ തുടർച്ചയായി വില കയറുകയായിരുന്നു.

സംസ്ഥാന സർക്കാരിനെതിരെ നിരവധി ആരോപണങ്ങൾ ഉന്നയിച്ച കമ്പനി ചെയർമാൻ തെലങ്കാനയിൽ ആയിരം കോടിയുടെ നിക്ഷേപം നടത്തും എന്ന് പ്രഖ്യാപിച്ചതോടെ ഓഹരി വില നാലു ദിവസം കൊണ്ട് 74 ശതമാനത്തോളം ഉയർന്നു. അസാധാരണമായി വില കയറുന്നതിനെക്കുറിച്ച് ബോംബെ സ്റ്റോക് എക്സ്ചേഞ്ച് കമ്പനിയോട് വിശദീകരണം ആവശ്യപ്പെട്ടതായി 14 ന് വാർത്ത പുറത്തു വന്നിരുന്നു. അടുത്ത ദിവസം മുതലാണ് വില ഇടിഞ്ഞു തുടങ്ങിയത്.

അതിനിടെ മദ്ധ്യപ്രദേശിൽ കിറ്റെക്‌സ് വസ്ത്ര നിർമ്മാണ യൂണിറ്റിൽ നിക്ഷേപിക്കണമെന്ന അഭ്യർത്ഥനയുമായി സർക്കാരിന്റെ ഉന്നത ഉദ്യോഗസ്ഥ സംഘം കിറ്റെക്‌സ് സന്ദർശിച്ചു. മദ്ധ്യപ്രദേശ് ഇന്റസ്ട്രിയൽ കോർപ്പറേഷൻ എം.ഡി ജോൺ കിംഗ്‌സ്‌ലി ഐ.എ.എസ്, മാനേജർ ഹിമാൻഷു ശർമ്മ, വൈസ് പ്രസിഡന്റ് അനീഷ് പടേരിയ, മദ്ധ്യപ്രദേശ് ഡെപ്യൂട്ടി സെക്രട്ടറി അനുരാഗ് വർമ്മ ഐ.എ.എസ് എന്നിവരാണ് ഇന്ന് രാവിലെ കിറ്റെക്‌സിലെത്തിയത്.

എം.ഡി സാബു എം ജേക്കബുമായി 2 മണിക്കൂർ കൂടിക്കാഴ്ച നടത്തിയ സംഘം നിരവധി വാഗ്ദാനങ്ങളും മുന്നോട്ട് വച്ചു. വസ്ത്രനിർമ്മാണത്തിന് അനുയോജ്യമായ സംസ്ഥാനമാണ് മദ്ധ്യപ്രദേശെന്നും മറ്റ് സംസ്ഥാനങ്ങൾ നൽകുന്നതിനെക്കാൾ കൂടുതൽ ആനുകൂല്യങ്ങൾ നൽകാമെന്നും സംഘം കിറ്റെക്‌സ് മാനേജ്‌മെന്റിനെ അറിയിച്ചു. തുടർന്ന് കിറ്റെക്‌സ് പ്ലാന്റും സംഘം സന്ദർശിച്ചു.

കേരളത്തിൽ 3500 കോടിയുടെ നിക്ഷേപ പദ്ധതി ഉപേക്ഷിക്കുന്നുവെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നിക്ഷേപമാകർഷിച്ച് മദ്ധ്യപ്രദേശ് സംഘം എത്തിയത്. തെലങ്കാന സർക്കാരുമായി നടന്ന ചർച്ചക്ക് ശേഷം ആയിരം കോടിയുടെ നിക്ഷേപം വാറങ്കലിൽ നടത്താൻ ധാരണയായിരുന്നു. 9 സംസ്ഥാനങ്ങളാണ് ഇതുവരെ നിക്ഷേപസാധ്യത തേടി കിറ്റെക്‌സിനെ സമീപിച്ചിട്ടുള്ളത്. ബംഗ്ലാദേശും കിറ്റെക്‌സിനെ സമീപിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker