ഓണം റിലീസുകള്‍ക്ക് തുടക്കം, കൊത്തയെത്തുന്നത് കേരളത്തില്‍ മാത്രം 502 സ്ക്രീനുകള്‍! ഓപണിംഗില്‍ റെക്കോഡിടാന്‍ ദുല്‍ഖര്‍ ചിത്രം
കൊച്ചി:മലയാളത്തില്‍ ഇത്തവണത്തെ ഓണം റിലീസുകള്‍ക്ക് തുടക്കമിട്ട് ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുന്ന കിംഗ് ഓഫ് കൊത്ത തിയറ്ററുകളിലേക്ക്. പ്രീ റിലീസ് ബുക്കിംഗില്‍ റെക്കോര്‍ഡിട്ട ചിത്രം ഓപണിംഗിലും റെക്കോര്‍ഡ് ഇടുമോ എന്നാണ് ചലച്ചിത്രലോകം ഉറ്റുനോക്കുന്നത്. അഡ്വാന്‍സ് ബുക്കിംഗിലൂടെ കേരളത്തില്‍ നിന്ന് മാത്രം 3 കോടിയിലധികവും ആഗോള തലത്തില്‍ ആറ് കോടിയില്‍ അധികവുമാണ് ചിത്രം നേടിയിരിക്കുന്നത്.
50 ല്‍ പരം രാജ്യങ്ങളിലായി 2500 ല്‍ അധികം സ്ക്രീനുകളിലാണ് ചിത്രം വ്യാഴാഴ്ച എത്തുന്നത്. ഇതില്‍ കേരളത്തിലെ തിയറ്റര്‍ ലിസ്റ്റ് അണിയറക്കാര്‍ പുറത്ത് വിട്ടപ്പോള്‍ 502 സ്ക്രീനുകളില്‍ ചിത്രമുണ്ട്. രാവിലെ 7 മണി മുതലാണ് കേരളത്തിലെ ആദ്യ പ്രദര്‍ശനങ്ങള്‍.
സമീപകാലത്ത് ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പോടെ എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അഭിലാഷ് ജോഷി ആണ്. സംവിധായകന്‍ ജോഷിയുടെ മകന്‍റെ സംവിധാന അരങ്ങേറ്റമാണ് ചിത്രം. ബിഗ് ബജറ്റില്‍, വലിയ കാന്‍വാസില്‍ പൂര്‍ത്തീകരിക്കപ്പെട്ടിരിക്കുന്ന ചിത്രം സീ സ്റ്റുഡിയോസും ദുൽഖറിന്റെ വേഫെറർ ഫിലിംസും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്.
ദുൽഖറിനോടൊപ്പം ഐശ്വര്യ ലക്ഷ്മി, ഷബീർ കല്ലറയ്ക്കല്‍, പ്രസന്ന, ഗോകുൽ സുരേഷ് , ഷമ്മി തിലകൻ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രൻ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്. ഛായാഗ്രഹണം നിമീഷ് രവി, ജേക്സ് ബിജോയ്, ഷാൻ റഹ്മാൻ എന്നിവർ ചിത്രത്തിന് സംഗീതമൊരുക്കുന്നു.
സംഘട്ടനം രാജശേഖർ, തിരക്കഥ അഭിലാഷ് എൻ ചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ നിമേഷ് താനൂർ, എഡിറ്റർ ശ്യാം ശശിധരൻ, കൊറിയോഗ്രഫി ഷെറീഫ്, വി എഫ് എക്സ് എഗ്ഗ് വൈറ്റ്, മേക്കപ്പ് റോണെക്സ് സേവിയർ, വസ്ത്രാലങ്കാരം പ്രവീൺ വർമ്മ, സ്റ്റിൽ ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ, മ്യൂസിക് സോണി മ്യൂസിക്, പി ആർ ഒ പ്രതീഷ് ശേഖർ.