കെജിഎഫിലെ നായിക ഒറ്റയടിക്ക് പ്രതിഫലം ഇരട്ടിയാക്കി; ശ്രീനിധി വാങ്ങിക്കുന്ന കോടികളുടെ കണക്ക് പുറത്ത് വന്നു
ബെംഗലൂരു:ഒരൊറ്റ സിനിമയിലൂടെ തന്നെ കരിയര്‍ മാറിയ താരങ്ങള്‍ നിരവധിയാണ്. കന്നട സിനിമയില്‍ നടന്‍ യഷിനും നടി ശ്രീനിധിയ്ക്കും കരിയറില്‍ വഴിത്തിരിവായ ചിത്രമാണ് കെജിഎഫ്. പ്രശാന്ത് നീല്‍ തിരക്കഥ ഒരുക്കി സംവിധാനം ചെയ്ത സിനിമയുടെ ആദ്യ രണ്ട് ഭാഗങ്ങള്‍ പുറത്തിറങ്ങി. ഇനി മൂന്നാമത്തെ ഭാഗത്തിന് വേണ്ടി കാത്തിരിക്കുകയാണ് തെന്നിന്ത്യന്‍ സിനിമാലോകം.
കെജിഎഫില്‍ റോക്കി ഭായിയ്ക്ക് ലഭിച്ച അതേ പിന്തുണയാണ് അദ്ദേഹത്തിന്റെ കാമുകിയായ റീനയ്ക്കും ലഭിച്ചത്. റീനയെ തന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമാക്കാന്‍ ശ്രീനിധിയ്ക്കും സാധിച്ചു. ഇത് സാമ്പത്തികമായും നടിയെ ഉയരങ്ങളിലേക്ക് എത്തിച്ചുവെന്നതാണ് പുതിയ റിപ്പോര്‍ട്ട്. അടുത്തതായി ശ്രീനിധി അഭിനയിക്കാനൊരുങ്ങുന്ന സിനിമയുടെ പ്രതിഫലത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ് പ്രചരിക്കുന്നത്.
ചിയാന്‍ വിക്രം നായകനാവുന്ന കോബ്ര എന്ന ചിത്രത്തില്‍ ശ്രീനിധിയാണ് പ്രധാനപ്പെട്ട നായിക വേഷത്തില്‍ എത്തുന്നത്. കെജിഎഫ് ഇന്ത്യയില്‍ തന്നെ വലിയ തരംഗം സൃഷ്ടിച്ചതിനാല്‍ ശ്രീനിധിയുടെ ഗ്രാഫും ഉയര്‍ന്നു. മികച്ച കഥാപാത്രങ്ങളും നടിയെ തേടി എത്തി തുടങ്ങി. തമിഴ് സിനിമയിലേക്കുള്ള ശ്രീനിധിയുടെ അരങ്ങേറ്റം തന്നെ സൂപ്പര്‍താരം വിക്രത്തിന്റെ നായികയായിട്ടാണെന്നതും ശ്രദ്ധേയമാണ്.
അതേ സമയം തമിഴിലെ അരങ്ങേറ്റ സിനിമയ്ക്ക് ശ്രീനിധി റെക്കോര്‍ഡ് തുകയാണ് പ്രതിഫലമായി വാങ്ങിക്കുന്നതെന്നാണ് മറ്റൊരു റിപ്പോര്‍ട്ട്. 6 മുതല്‍ 7 കോടി വരെയുള്ള തുക കോബ്രയില്‍ അഭിനയിക്കാനായി നടി വാങ്ങിയെന്നാണ് അഭ്യൂഹം. കെജിഎഫ് ചാപ്റ്റര്‍ രണ്ടില്‍ മൂന്ന് കോടി രൂപയായിരുന്നു പ്രതിഫലം. കെജിഎഫ് വിജയിച്ചതിന് ശേഷം ശ്രീനിധി ചെയ്യുന്ന അടുത്ത സിനിമ ചെയ്യുന്നത് അതിന്റെ ഇരട്ടി പ്രതിഫലവുമായിട്ടാണ്. ശ്രീനിധിയ്ക്ക് ഇത്രയുമുണ്ടെങ്കില്‍ വിക്രത്തിന്റെ പ്രതിഫലം എന്തായിരിക്കുമെന്ന അഭ്യൂഹങ്ങളുമെത്തി.
പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം 25 കോടി രൂപയാണ് ചിയാന്‍ വിക്രം കോബ്രയ്ക്ക് വേണ്ടി വാങ്ങിക്കുന്നത്. സിനിമയുടെ ടോട്ടല്‍ ബജറ്റില്‍ നിന്നും ഇരുപത്തിരണ്ട് ശതമാനം നടന്റെ പ്രതിഫലമായി വരും. കോബ്രയില്‍ നിന്നും അടുത്തിടെ പുറത്തിറങ്ങിയ ലിറിക്കല്‍ വീഡിയോയും റെക്കോര്‍ഡ് നേടി.
വിക്രമും ശ്രീനിധിയുമാണ് പാട്ടിലുള്ളത്. ഇത് പുറത്തിറങ്ങി പന്ത്രണ്ട് മണിക്കൂറിനുള്ളില്‍ പത്ത് ലക്ഷം പേരാണ് യൂട്യൂബിലൂടെ കണ്ടിരിക്കുന്നത്. പുറത്തിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ ലക്ഷക്കണക്കിന് ആള്‍ക്കാരുടെ മനസില്‍ കയറാന്‍ പാട്ടിന് സാധിച്ചിരിക്കുകയാണ്.
മോഡലിങ് രംഗത്ത് നിന്നുമാണ് ശ്രീനിധി ഷെട്ടി വെള്ളിത്തിരയിലേക്ക് എത്തുന്നത്. മിസ് സൂപ്പര്‍നാഷ്ണല്‍ ഇന്ത്യ അടക്കം പല സൗന്ദര്യ മത്സരങ്ങൡും വിജയിക്കാന്‍ സാധിച്ചതിലൂടെയാണ് നടി സിനിമയിലേക്ക് കടന്ന് വരുന്നത്. ആദ്യമായി അഭിനയിക്കാനുള്ള അവസരം 2018 ല്‍ കെജിഎഫിലൂടെയാണ് സാധിച്ചത്. ആദ്യമായി അഭിനയിച്ച സിനിമ ഇന്ത്യയിലാകെ തരംഗമായതോടെയാണ് ശ്രീനിധിയ്ക്ക് ജനപ്രീതി ലഭിച്ചത്. രണ്ടാമതും കെജിഎഫിന്റെ രണ്ടാം ഭാഗത്തില്‍ തന്നെയാണ് നടി അഭിനയിച്ചത്.