മുംബൈ: ക്യാപ്റ്റനെന്ന നിലയില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ പ്രകടനം മോശമെന്ന് ഇംഗ്ലണ്ട് മുന്‍ ക്രിക്കറ്റ് താരം കെവിന്‍ പീറ്റേഴ്‌സന്‍. ചെന്നൈയ്‌ക്കെതിരെ മികച്ച ക്യാപ്റ്റന്‍സിയല്ല പാണ്ഡ്യയുടേതെന്ന് പീറ്റേഴ്‌സന്‍ പറഞ്ഞു. ”അഞ്ച് മണിക്കൂര്‍ മുന്‍പ് ടീം മീറ്റിങ്ങിലുള്ള പ്ലാന്‍ എയുമായാണ് ക്യാപ്റ്റന്‍ കളിക്കാനിറങ്ങുന്നത്. എന്നാല്‍ ആവശ്യമുള്ളപ്പോള്‍ പോലും പ്ലാന്‍ ബിയിലേക്കു പോകാന്‍ ക്യാപ്റ്റന്‍ തയാറാകുന്നില്ല.”
”പേസ് ബോളര്‍മാര്‍ 20 റണ്‍സൊക്കെ വഴങ്ങുമ്പോള്‍ സ്പിന്നര്‍മാര്‍ക്കു പന്തു നല്‍കാതിരിക്കുന്നത് എങ്ങനെയാണ്? പന്തെറിയാന്‍ സാധിക്കുന്ന സ്പിന്നര്‍മാര്‍ ഇവിടെയുണ്ട്. നിങ്ങള്‍ മത്സരത്തിന്റെ ഗതി മാറ്റണമായിരുന്നു.”- പീറ്റേഴ്‌സന്‍ ഒരു സ്‌പോര്‍ട്‌സ് മാധ്യമത്തോടു പറഞ്ഞു. ആരാധകരുടെ രോഷ പ്രകടനം ഹാര്‍ദിക്കിനെ കാര്യമായി ബാധിക്കുന്നുണ്ടെന്നും പീറ്റേഴ്‌സന്‍ വ്യക്തമാക്കി. പ്രശ്‌നം എത്രയും പെട്ടെന്നു പരിഹരിക്കുകയാണു വേണ്ടതെന്നും ഇംഗ്ലണ്ട് മുന്‍ ക്യാപ്റ്റന്‍ പറഞ്ഞു.
”ടോസ് ഇടാന്‍ എത്തുമ്പോഴൊക്കെ ഹാര്‍ദിക് വളരെയധികം ചിരിക്കുന്നുണ്ട്. സന്തോഷത്തോടെയുണ്ടെന്ന് അഭിനയിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. അദ്ദേഹത്തിന് സന്തോഷമില്ല, അത് എനിക്ക് അറിയാം. പാണ്ഡ്യയ്ക്ക് എന്താണു സംഭവിക്കുന്നത്? ഗ്രൗണ്ടിലെ പ്രതിഷേധമെല്ലാം നമ്മള്‍ കേള്‍ക്കുന്നതാണ്. പാണ്ഡ്യയെ ധോണി ഗാലറിയിലേക്ക് അടിക്കുമ്പോള്‍ എല്ലാവരും ആഘോഷിക്കുകയാണ്. അതു നിങ്ങളെ വേദനിപ്പിക്കും.”
”പാണ്ഡ്യയ്ക്കും വികാരങ്ങളുണ്ട്. അദ്ദേഹമൊരു ഇന്ത്യന്‍ താരമാണ്. ഇങ്ങനെയല്ല അദ്ദേഹത്തെ കൈകാര്യം ചെയ്യേണ്ടത്. പ്രതിഷേധങ്ങള്‍ ക്രിക്കറ്റിനെ ബാധിക്കുന്നുണ്ട്. പ്രശ്‌നത്തിനു പരിഹാരം കാണണം.”- പീറ്റേഴ്‌സന്‍ വ്യക്തമാക്കി. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തിലും പാണ്ഡ്യയ്‌ക്കെതിരെ ഗാലറിയില്‍നിന്ന് ആരാധകരുടെ പരിഹാസം ഉയര്‍ന്നിരുന്നു. ബാറ്റിങ്ങിലും ക്യാപ്റ്റന്‍ പാണ്ഡ്യയ്ക്കു തിളങ്ങാനായില്ല. ആറു പന്തില്‍ വെറും രണ്ട് റണ്‍സാണു നേടിയത്. തുഷാര്‍ ദേശ്പാണ്ഡെയുടെ പന്തില്‍ രവീന്ദ്ര ജഡേജ ക്യാച്ചെടുത്താണ് പാണ്ഡ്യയെ പുറത്താക്കിയത്.