
തിരുവനന്തപുരം: ലഹരി ഉപയോഗം തടയുന്നതിന്റെ ഭാഗമായി പുതിയ നീക്കവുമായി കേരള സർവകലാശാല. സർവകലാശാലക്ക് കീഴിലുള്ള കോളേജുകളിൽ അഡ്മിഷൻ ലഭിക്കണമെങ്കിൽ ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം നൽകണമെന്നാണ് നിർദേശം. എല്ലാ അഫിലിയേറ്റഡ് കോളേജുകളിലും സൗഹൃദ ക്ലബുകൾ സ്ഥാപിക്കുമെന്നും ലഹരി വിരുദ്ധ കോളേജുകൾക്ക് അവാർഡ് നൽകുമെന്നും സർവകലാശാല അറിയിച്ചു.
ബുധനാഴ്ച ചേർന്ന സെനറ്റ് യോഗത്തിലാണ് കേരള സർവകലാശാലക്ക് കീഴിലുള്ള ക്യാമ്പസുകളിൽ ലഹരി പൂർണ്ണമായും ഒഴിവാക്കുന്നതിനുള്ള സുപ്രധാന തീരുമാനം കൈക്കൊണ്ടത്. അഫിലിയേറ്റഡ് കോളേജുകളിൽ അഡ്മിഷൻ ലഭിക്കണമെങ്കിൽ താൻ ലഹരി ഉപയോഗിക്കുന്നില്ലെന്ന് ഓരോ വിദ്യാർഥിയും സത്യവാങ്മൂലം എഴുതി നൽകണം. അടുത്ത അധ്യായന വർഷം മുതൽ നിർദേശങ്ങൾ നടപ്പിലാക്കുമെന്നാണ് വിവരം.
സംസ്ഥാനത്ത് ക്യാമ്പസുകൾ കേന്ദ്രീകരിച്ച് ലഹരി മാഫിയ പിടിമുറുക്കുന്നതിനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ഇതിന് തടയിടുന്നതിന് പോലീസും എക്സൈസും ശ്രമങ്ങൾ നടത്തിവരികയാണ്. എന്നാൽ ക്യാമ്പസുകൾക്കുള്ളിലെ ലഹരി ഉപയോഗം പൂർണ്ണതോതിൽ തടയിടുന്നതിന് വെല്ലുവിളികളുണ്ട്.