KeralaNews

കൊവിഡ് കാലത്തെ മാതൃകപരമായ പ്രവര്‍ത്തനം; കേരള ടൂറിസത്തിന് വേള്‍ഡ് ട്രാവല്‍ മാര്‍ട്ട് അവാര്‍ഡ്

തിരുവനന്തപുരം: കൊവിഡ് കാലത്തെ മാതൃകപരമായ പ്രവര്‍ത്തനത്തിന് കേരള ടൂറിസത്തിന്റെ ഉത്തരവാദിത്ത ടൂറിസം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വേള്‍ഡ് ട്രാവല്‍ മാര്‍ട്ട് ലണ്ടന്റെ ഹൈലി കമന്‍ഡഡ് അവാര്‍ഡ്. മീനിംഗ് ഫുള്‍ കണക്ഷന്‍സ് എന്ന വിഭാഗത്തിലാണ് സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്‍ ഈ അംഗീകാരം നേടിയത്.

കൊവിഡ് ലോക്ഡൗണ്‍ കാലത്ത് ഉത്തരവാദിത്ത ടൂറിസം മിഷന്‍ സംസ്ഥാനത്തെ മിഷന്റെ യൂണിറ്റുകളുമായി ചേര്‍ന്ന് യൂണിറ്റുകളെക്കൊണ്ട് തയ്യാറാക്കി അവതരിപ്പിച്ച വര്‍ക്ക് അറ്റ് ഹോം വീഡിയോകള്‍, സ്റ്റോറി ടെല്ലിംഗ് ഓഡിയോ, വീഡിയോ സീരീസ് തുടങ്ങിയ അതിനൂതന പ്രവര്‍ത്തനങ്ങളാണ് അവാര്‍ഡിന് അര്‍ഹമായത്. ലോക്ഡൗണ്‍ കാലത്ത് സുരക്ഷിതരായി വീട്ടില്‍ ഇരിക്കാനും എന്നാല്‍ നിരാശരായി ഇരിക്കാതെ കൊവിഡ് പ്രതിരോധത്തിന് മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ച് സ്വയംതൊഴില്‍ പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ ഉത്തരവാദിത്ത ടൂറിസം മിഷന്‍ സംരഭകരോട് അഭ്യര്‍ത്ഥിച്ചു. കൊവിഡ് മാറിയാലുടന്‍ തൊഴില്‍ പ്രവര്‍ത്തനങ്ങള്‍ കാണാന്‍ കേരളത്തിലേക്കും തങ്ങളുടെ വീടുകളിലേക്കും എത്താന്‍ വിനോദ സഞ്ചാരികളോടും അഭ്യര്‍ത്ഥിച്ച് കൊണ്ടാരംഭിച്ച വീഡിയോകള്‍ ആയിരുന്നു വര്‍ക്ക് അറ്റ് ഹോം വീഡിയോകള്‍.

സാനിറ്റൈസറോ സോപ്പോ ഉപയോഗിച്ച് കൈ കഴുകി സ്വയം തൊഴില്‍ ചെയ്ത് അവ വീഡിയോ ഡോക്കുമെന്റാക്കി അവതരിപ്പിക്കുകയായിരുന്നു മിഷന്റെ നിര്‍ദ്ദേശാനുസരണം യൂണിറ്റ് അംഗങ്ങള്‍ ചെയ്തത്. തുടര്‍ന്ന് ഓരോരുത്തരുടേയും പ്രദേശത്തെക്കുറിച്ചുള്ള സ്റ്റോറി ടെല്ലിംഗ് ഓഡിയോകളും അതിന് ശേഷം ഓരോ നാടിനെയും അവിടുത്തെ ഉത്സവങ്ങളെയും കുറിച്ചുള്ള സ്റ്റോറി ടെല്ലിംഗ് വീഡിയോകളും അവതരിപ്പിച്ചു. തുടര്‍ന്ന് മിഷനിലെ കലാപ്രവര്‍ത്തകരുടെ സോപാന സംഗീതം, ഇടക്ക വാദനം, കളംപാട്ട് എന്നിവ പുറത്തിറക്കി. പിന്നീട് വിവിധ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന പരിശീലന വീഡിയോകള്‍ തുടങ്ങി ആകെ 1048 ഓഡിയോ വീഡിയോകളുടെ ശേഖരമാണ് ഇതിന്റെ ഭാഗമായി തയ്യാറാക്കിയത്.

മുഴുവന്‍ വീഡിയോകളും മിഷനിലെ യൂണിറ്റ് അംഗങ്ങള്‍ സ്വയം നിര്‍മ്മിച്ചതും എഡിറ്റ് ചെയ്തവയും ആയിരുന്നു. ആയിരക്കണക്കിന് ആളുകളാണ് ഇവ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ കണ്ടത്. ലോക ഫോക്ലോര്‍ ദിനത്തില്‍ ഫോക്കത്തോണ്‍ എന്ന പരിപാടിയില്‍ ഒന്നര മണിക്കൂര്‍ ഇവ തുടര്‍ച്ചയായി സംപ്രേക്ഷണം ചെയ്തു.

മഹാമാരിയില്‍ വിറങ്ങലിച്ച് നില്‍ക്കുന്ന ടൂറിസം മേഖലയിലെ സംരഭകര്‍ക്കും ടൂറിസ്റ്റുകള്‍ക്കും ആത്മവിശ്വാസം പകര്‍ന്ന ലോകത്തെ ഏറ്റവും ജനകീയമായ ഇടപെടലാണിതെന്ന് അവാര്‍ഡ് ജൂറി അഭിപ്രായപ്പെട്ടു. ഒരേ മനസോടെ പ്രവര്‍ത്തിച്ച് ഏത് പ്രതിസന്ധിയേയും മറികടക്കാനാകുമെന്ന സന്ദേശമാണ് ഈ മുന്നേറ്റം നല്‍കുന്നതെന്ന് അവാര്‍ഡ് ജൂറി കൂട്ടി ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button