തിരുവനന്തപുരം: ഹെലികോപ്റ്റര്‍ വീണ്ടും വാടകയ്ക്കെടുക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഇതിനായുള്ള സാങ്കേതിക ലേല നടപടികള്‍ ആരംഭിച്ചു. ഡിസംബര്‍ നാലിന് ഡിജിപി അധ്യക്ഷനായ സമിതി ദര്‍ഘാസ് പരിശോധിക്കും. ഹെലികോപ്റ്റര്‍ മൂന്നുവര്‍ഷത്തേക്കാണ് വാടകക്ക് എടുക്കുക.
കേരളാ പോലീസ് വീണ്ടും ഹെലികോപ്റ്റര്‍ വാടകയ്ക്കെടുക്കുകയാണ്. ഇതിനായി ഓപണ്‍ ടെണ്ടര്‍ ക്ഷണിച്ചിട്ടുണ്ട്. ആറം തിയതി ഫിസിക്കല്‍ ബിഡ് പേരൂര്‍ക്കട എഫ്സിബി ഗ്രൗണ്ടില്‍ നടക്കും. നേരത്തെ പവന്‍ ഹാന്‍സ് കമ്പനിയില്‍ നിന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ വാടകയ്ക്കെടുത്തിരുന്നത്. വാടകയ്ക്കും, ഹെലികോപ്റ്റര്‍ സംരക്ഷണത്തിനുമായി ചെലവാക്കിയിരുന്നത് 22.21കോടി രൂപയായിരുന്നു. വാടക മാത്രം 21.64 കോടി രൂപയായിരുന്നു.
20 മണിക്കൂര്‍ പറത്താന്‍ ഒരു കോടി 40 ലക്ഷം രൂപ വാടകയ്ക്കാണ് പവന്‍ ഹാന്‍സ് കമ്പനിക്ക് സര്‍ക്കാര്‍ കരാര്‍ നല്‍കിയിരുന്നത്. ഇതിനേക്കാള്‍ കുറഞ്ഞ തുകയ്ക്ക് ഹെലികോപ്റ്റര്‍ വാടകയ്ക്ക് നല്‍കാന്‍ പല കമ്പനികളും തയാറായിരുന്നുവെങ്കിലും സര്‍ക്കാര്‍ പവന്‍ ഹാന്‍സ് കമ്പനി തെരഞ്ഞെടുക്കുകയായിരുന്നു.
ഈ കരാറിന്റെ കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് ആറ് പേര്‍ക്ക് സഞ്ചരിക്കാവുന്ന ഇരട്ട എഞ്ചിനുള്ള ഹെലികോപ്റ്റര്‍ വാടകയ്ക്കെടുക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.