തിരുവനന്തപുരം: കേരള പോലീസിന്റെ സോഷ്യല്‍ മീഡിയ റോസ്റ്റിംഗ് പരിപാടി കുട്ടന്‍ പിള്ള സ്പീക്കിംഗിന്റെ രണ്ടാം എപ്പിസോഡ് പുറത്തിറക്കി. ആദ്യ എപ്പിസോഡിനെത്തുടര്‍ന്ന് ഉണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ പരിപാടിയുടെ അവതരണ ശൈലിയും സ്വഭാവവും മാറ്റിയാണ് പുതിയ എപ്പിസോഡ് പുറത്തിറക്കിയിരിക്കുന്നത്.
ട്രാഫിക്ക് നിയമങ്ങളുടെ ബോധവത്കരണമാണ് പുതിയ വീഡിയോയിലുള്ളത്. മാസ്‌കും ഹെല്‍മറ്റും ധരിക്കേണ്ട ആവശ്യകതകളും പോലീസിനു നേര്‍ക്കുണ്ടായ ആരോപണത്തിന്റെ സത്യാവസ്ഥയുമൊക്കെ വീഡിയോയിലൂടെ തുറന്നു കാണിക്കുന്നുണ്ട്. പുതിയ വീഡിയോക്ക് സമൂഹമാധ്യമങ്ങളില്‍ വലിയ സ്വീകാര്യതതയാണ് ലഭിക്കുന്നത്.
ഗിബിന്‍ ഗോപിനാഥാണ് അവതരണം. സംവിധാനം ചെയ്തത് അരുണ്‍ ബി ടി ആണ്. ക്യാമറ- സന്തോഷ് സരസ്വതി, വിഎഫ്എക്സും എഡിറ്റും ബിമല്‍ വി എസ്, പ്രൊഡക്ഷന്‍ ടീം ശിവകുമാര്‍ പി, അഖില്‍ പി. കേരള പൊലീസ് സോഷ്യല്‍ മീഡിയ സെല്‍ ആണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.
വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ പരിപാടി ഉപേക്ഷിച്ചിരുന്നു. വിനോദവും ബോധവത്കരണവും ലക്ഷ്യം വച്ചാണ് സംസ്ഥാന പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലും, യൂട്യൂബ് പേജിലും പി.സി കുട്ടന്‍ പിള്ള സ്പീക്കിംഗ് എന്ന പരിപാടി ആരംഭിച്ചത്. എന്നാല്‍ വീഡിയോ അപ്ലോഡ് ചെയ്തതിന് പിന്നാലെ വിമര്‍ശനങ്ങളും ഉയര്‍ന്നു. പരിപാടിക്കെതിരെ സ്ത്രീവിരുദ്ധതയും സൈബര്‍ ആക്ഷേപവും അടക്കമുള്ള കാര്യങ്ങള്‍ ആരോപിച്ചു വലിയ ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ട് പരിപാടി നിര്‍ത്തുകയായിരുന്നു.