മഞ്ചേരി: കേരള ഭാഗ്യക്കുറിയുടെ 70 ലക്ഷം രൂപയുടെ ഒന്നാം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തത് ടിക്കറ്റ് ബാങ്കിൽ നൽകിയാൽ ലഭിക്കുന്ന തുകയേക്കാൾ കൂടുതൽ തുക വാഗ്ദാനം ചെയ്ത് കെണിയിൽ വീഴ്‌ത്തി. ഇടനിലക്കാരുടെ നിർദേശമനുസരിച്ച് ടിക്കറ്റുമായി എത്തിയ മഞ്ചേരി പാപ്പിനിപ്പാറ സ്വദേശി അലവിയ തള്ളിമാറ്റി ടിക്കറ്റ് തട്ടിപ്പറിച്ചു കടന്നു കളയുകയായിരുന്നു.
കേസിൽ രണ്ട് പേർ അറസ്റ്റിലായി. ആറ് പേർക്കെതിരെ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. മഞ്ചേരി പാപ്പിനിപ്പാറ സ്വദേശി അലവിയുടെ പരാതിയിലാണ് കേസ്. അലനല്ലൂർ തിരുവിഴാംകുന്ന് പൂളമണ്ണ മുജീബ് (48), പുൽപറ്റ പൂക്കൊളത്തൂർ കുന്നിക്കൽ പ്രഭാകരൻ (44) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഓഗസ്റ്റ് 19ലെ കേരള ഭാഗ്യക്കുറിയുടെ നിർമൽ ടിക്കറ്റിന് ആണ് ഒന്നാം സമ്മാനം. മഞ്ചേരിയിൽ നിന്നു വാങ്ങിയ ടിക്കറ്റ് ബാങ്കിൽ ഹാജരാക്കുന്നതിനു പകരം കൂടുതൽ തുക ലഭിക്കാൻ ഇടനിലക്കാരുമായി സമ്മാന ജേതാവ് ഇടപാടിനു ശ്രമിച്ചു. ടിക്കറ്റ് ബാങ്കിൽ നൽകിയാൽ ലഭിക്കുന്ന തുകയേക്കാൾ കൂടുതൽ തുക വാഗ്ദാനം ചെയ്തതനുസരിച്ചായിരുന്നു ഇടപാട്.
ഇടനിലക്കാർ പറയുന്നതനുസരിച്ച് ടിക്കറ്റുമായി കച്ചേരിപ്പടിയിൽ എത്താൻ സമ്മാന ജേതാവിനോട് ആവശ്യപ്പെട്ടു. 15ന് രാത്രി ഇടപാട് ഉറപ്പിക്കാൻ ടിക്കറ്റുമായി എത്തുകയും ഈ സമയം കാറിലെത്തിയ സംഘം സമ്മാന ജേതാവിനെ തള്ളിമാറ്റി ടിക്കറ്റ് തട്ടിപ്പറിച്ചു കടന്നു കളയയുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. ലോട്ടറി അധികൃതരെ പൊലീസ് വിവരം അറിയിച്ചു.