ചരിത്രം പിറന്നു; കേരളം രഞ്ജി ട്രോഫി ഫൈനലിൽ

അഹമ്മദാബാദ്∙ ചരിത്രം തിരുത്തിക്കുറിച്ച് കേരള ക്രിക്കറ്റ് ടീം രഞ്ജി ട്രോഫി ഫൈനലിൽ കടന്നു. ഗുജറാത്തിനെതിരായ സെമി ഫൈനൽ മത്സരം സമനിലയിൽ പിരിഞ്ഞതോടെയാണ് ഒന്നാം ഇന്നിങ്സ് ലീഡിന്റെ കരുത്തിൽ കേരളം ഫൈനലിൽ കടന്നത്. രണ്ടാം ഇന്നിങ്സിൽ കേരളം നാലു വിക്കറ്റ് നഷ്ടത്തിൽ 114 റൺസെടുത്തു. തുടര്‍ന്ന് മത്സരം അവസാനിപ്പിക്കാൻ ഇരു ടീമുകളും തീരുമാനിക്കുകയായിരുന്നു.
രോഹൻ എസ്. കുന്നുമ്മൽ (69 പന്തിൽ 32), സച്ചിൻ ബേബി (19 പന്തിൽ 10), അക്ഷയ് ചന്ദ്രൻ (ഒൻപത്), വരുൺ നായനാർ (ഒന്ന്) എന്നിവരാണ് അവസാന ദിവസം പുറത്തായത്. 53 പന്തിൽ 23 റൺസെടുത്ത് ജലജ് സക്സേനയും അഹമ്മദ് ഇമ്രാനുമാണു ക്രീസിലുള്ളത്. കേരളം ഒന്നാം ഇന്നിങ്സ് ലീഡ് നേടിയ സാഹചര്യത്തിൽ ഫൈനലിലെത്താൻ ഗുജറാത്തിന് ഇനി കളി ജയിക്കണമായിരുന്നു. അതിനു സാധിക്കില്ലെന്ന് ഉറപ്പായ സാഹചര്യത്തിലാണ് കളി നേരത്തേ അവസാനിപ്പിച്ചത്. മുംബൈ– വിദര്‍ഭ സെമി ഫൈനലിലെ വിജയികളെയാണ് ഫൈനലിൽ കേരളത്തിനു നേരിടേണ്ടിവരിക. രഞ്ജി ട്രോഫിയിൽ കേരളം ആദ്യമായാണ് ഫൈനലിൽ കടക്കുന്നത്.
ഒന്നാം ഇന്നിങ്സിൽ രണ്ട് റണ്‍സ് ലീഡാണ് കേരളത്തെ ചരിത്ര നേട്ടത്തിന് അടുത്തെത്തിച്ചത്. ആദ്യ ഇന്നിങ്സിൽ കേരളം ഉയര്‍ത്തിയ 457 റൺസ് പിന്തുടർന്ന ഗുജറാത്ത് 455 റൺസെടുത്തു പുറത്തായി. സ്പിന്നർമാരായ ആദിത്യ സർവാതേയും ജലജ് സക്സേനയുമാണ് ഗുജറാത്തിനെ അവസാന ദിവസം വട്ടം കറക്കിയത്. 175–ാം ഓവറിൽ അതീവ നാടകീയമായിട്ടായിരുന്നു ഗുജറാത്തിന്റെ പത്താം വിക്കറ്റ് വീണത്. ആദിത്യ സർവാതെയെ ബൗണ്ടറി കടത്താൻ ഗുജറാത്തിന്റെ വാലറ്റക്കാരൻ അർസാന്‍ നാഗ്‍വസ്വല്ല അടിച്ച പന്ത് ഫീൽഡറായിരുന്ന സൽമാൻ നിസാറിന്റെ ഹെൽമറ്റിൽ ഇടിച്ച് ഉയര്‍ന്നു പൊങ്ങി സ്ലിപ്പിൽ നിൽക്കുകയായിരുന്ന ക്യാപ്റ്റൻ സച്ചിൻ ബേബി ക്യാച്ചെടുക്കുകയായിരുന്നു. ആശയക്കുഴപ്പത്തിനൊടുവിൽ അംപയർ ഔട്ട് വിളിച്ചതോടെ കേരളത്തിന് വിലയേറിയ രണ്ട് റൺസ് ലീഡ് സ്വന്തമായി.
അർധ സെഞ്ചറി നേടിയ ജയ്മീത് പട്ടേൽ (177 പന്തിൽ 79 റൺസ്) സിദ്ധാർഥ് ദേശായി (164 പന്തില്‍ 30), അർസാൻ നാഗ്‍വസ്വല്ല (48 പന്തിൽ 10) എന്നിവരാണ് അവസാന ദിവസം പുറത്തായ ഗുജറാത്ത് ബാറ്റർമാര്‍. മൂന്നു പേരുടെ വിക്കറ്റും ആദിത്യ സർവാതേയാണു സ്വന്തമാക്കിയത്. നാലാം ദിവസം കളി അവസാനിപ്പിക്കുമ്പോൾ 154 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 429 റൺസെന്ന നിലയിലായിരുന്നു ഗുജറാത്ത്. അഞ്ചാം ദിനം ലീഡിലെത്താൻ അവർക്ക് 28 റൺസ് കൂടി മതിയായിരുന്നു. പക്ഷേ കേരളം അതിന് അനുവദിച്ചില്ല.
8–ാം വിക്കറ്റിൽ 72 റൺസ് കൂട്ടുകെട്ടുമായി പിടിച്ചു നിൽക്കുന്ന ജയ്മീത് പട്ടേലും (74) സിദ്ധാർഥ് ദേശായിയും (24) നാലാം ദിനം കേരളത്തിന്റെ പ്രതീക്ഷകൾക്കു മങ്ങലേൽപിച്ചിരുന്നു. കേരളത്തിന്റെ ഒന്നാം ഇന്നിങ്സ് സ്കോറായ 457ന് എതിരെ മൂന്നാം ദിനം ഒരു വിക്കറ്റ് നഷ്ടത്തിൽ 222 എന്ന ശക്തമായ നിലയിലായിരുന്ന ഗുജറാത്തിനെ, വീണ്ടും പിൻസീറ്റിലാക്കി കേരളം ഡ്രൈവിങ് സീറ്റിലെത്തുന്ന കാഴ്ചയായിരുന്നു ഇന്നലെ ഉച്ച വരെ. പിച്ചിന്റെ ഒരു ഭാഗത്ത് ലഭിച്ച ടേൺ മുതലാക്കിയ ജലജ് സക്‌സേനയാണ് അതിനു നേതൃത്വം നൽകിയത്. ആദ്യം വീണതു മനൻ ഹിംഗ്രാജ (33). അംപയർ നിഷേധിച്ച എൽബിഡബ്ല്യു ഡിആർഎസിലൂടെ നേടിയ ജലജിന്റെ കടന്നാക്രമണമായിരുന്നു പിന്നീട്.
പ്രിയങ്ക് പാഞ്ചാലിന്റെ (148) കുറ്റി തെറിപ്പിച്ചതിനു പിന്നാലെ അപകടകാരിയായ ഉർവിൽ പട്ടേലിനേയും (25) പുറത്താക്കി ജലജ് കേരളത്തിനു പ്രതീക്ഷ നൽകി.ഫീൽഡിങ്ങിനിടെ പരുക്കേറ്റ രവി ബിഷ്ണോയിക്കു പകരം കൺസഷൻ സബ്സ്റ്റിറ്റ്യൂട്ട് ആയി ഇറങ്ങിയ ഹേമങ് പട്ടേലിനെ (27)എം.ഡി.നിധീഷ് പുറത്താക്കിയപ്പോൾ ക്യാപ്റ്റൻ ചിന്തൻ ഗജയെ (2) ജലജ് തന്നെ വിക്കറ്റിനു മുന്നിൽ കുടുക്കി. 87 റൺസിനിടെയാണ് കേരളം 5 മുൻനിര വിക്കറ്റുകളും വീഴ്ത്തിയത്.
ഉച്ചഭക്ഷണത്തിനു ശേഷമുള്ള ആദ്യ ബോളിൽ വിശാൽ ജയ്സ്വാളിനെ ആദിത്യ സർവതേ കൂടി പുറത്താക്കിയതോടെ കേരളം ലീഡ് മനസ്സിലുറപ്പിച്ചതാണ്. എന്നാൽ, ജയ്മീത് പട്ടേലും ദേശായിയും ചേർന്ന് ആ പ്രതീക്ഷകൾക്കു മങ്ങലേൽപിക്കാൻ ശ്രമിച്ചു. കേരളത്തിനായി ജലജ് സക്സേനയും ആദിത്യ സർവാതേയും നാലു വിക്കറ്റുകൾ വീതം വീഴ്ത്തി.