കൊച്ചി:മലയാളികൾക്ക് ഏറ്റവും പ്രിയങ്കരനായ താരപുത്രന്മാരിൽ ഒരാളാണ് ദുൽഖർ സൽമാൻ. സമീപകാല മലയാള സിനിമയിൽ മികച്ച കൊമേഴ്സ്യൽ കാലിബറുള്ള എന്നാൽ താര പദവി ആസ്വദിക്കുന്നതിനേക്കാൾ ഉപരി മികച്ച തിരക്കഥയ്ക്കും കണ്ടെത്താനും മികച്ച കഥാപാത്രങ്ങൾ ചെയ്യാനും ശ്രമിക്കുന്ന ഒരു പ്രതിഭയാണ് ദുൽഖർ സൽമാൻ. മുപ്പതോളം മലയാള സിനിമകൾ ചെയ്തിട്ടുണ്ടെങ്കിലും അതിൽ ദുൽഖർ എന്ന താരത്തിനും നടനും നേട്ടം ഉണ്ടാക്കി കൊടുത്ത സിനിമകൾ ഉസ്താദ് ഹോട്ടൽ, ബാംഗ്ലൂർ ഡെയ്സ്, ചാർളി, കമ്മട്ടിപ്പാടം, സോളോ, മഹാനടി, കുറുപ്പ്, സീതാരാമം തുടങ്ങിയവയാണ്.
ബോളിവുഡിൽ അടക്കം തിരക്കുള്ള താരമായി മാറി കഴിഞ്ഞ ദുൽഖർ അവസാനം മലയാളത്തിൽ ചെയ്ത കിങ് ഓഫ് കൊത്ത വൻ പരാജയമായിരുന്നു. അതിനുശേഷം മലയാള സിനിമകൾ ഏതെങ്കിലും താരം കമ്മിറ്റ് ചെയ്തതായി റിപ്പോർട്ടുമില്ല.
ഇപ്പോഴിതാ തന്റെ കരിയറിൽ മലയാള സിനിമകൾ കുറയുന്നതിന്റെയും ലയാള സിനിമകളെക്കുറിച്ചും അന്യഭാഷാ സിനിമകളെക്കുറിച്ചും താരം പറയുന്നതുമായ ഒരു വീഡിയോ വലിയ രീതിയിൽ സോഷ്യൽമീഡിയയിൽ ചർച്ചയാവുകയാണ്. സിനിമാ നിരൂപകനായ ഭരദ്വാജ് രംഗനുമായി നടത്തിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങളെ കുറിച്ചെല്ലാം ദുൽഖർ സൽമാൻ തുറന്ന് സംസാരിക്കുന്നത്.
സ്വന്തം നാട്ടുകാരനാണെന്നുള്ള പരിഗണനപോലും തരാതെ ചിലർ വേട്ടയാടുന്നുവെന്നും അഭിമുഖത്തിൽ ദുൽഖർ പറയുന്നു. മമ്മൂട്ടിയുടെ മകനായിരിക്കുമ്പോഴും ദുൽഖർ സൽമാനായി എന്നെ അംഗീകരിക്കുന്നതാണ് എനിക്ക് ഇഷ്ടം. മമ്മൂട്ടിയുടെ മകൻ എന്ന ആ ഒരു ടാഗ് ഞാൻ മാറ്റാൻ ശ്രമിച്ചാലും അതിന് എന്നെ അനുവദിക്കാത്ത ചില ആളുകളുണ്ട്. അത് ചിലപ്പോൾ അവരുടെ അജണ്ടയായിരിക്കാം. അതെന്താണെന്ന് എനിക്കറിയില്ല.
ഞാൻ തമിഴിലോ തെലുങ്കിലോ നന്നായി അഭിനയിക്കുകയും അവിടുത്തെ പ്രേക്ഷകർ എന്നെ ഇഷ്ടപ്പെടുകയും ചെയ്യുമ്പോൾ നേരത്തെ പറഞ്ഞ ആളുകൾ അവിടെ വന്ന് എന്നെ ആക്രമിക്കും. ഞാൻ അവരുടെ സ്വന്തം നാട്ടുകാരനാണെന്നുള്ള പരിഗണന പോലും അക്കൂട്ടർ തരില്ല. മറ്റുള്ളവർ എന്നെ സ്നേഹിക്കുമ്പോൾ ഇവർ എന്തിനാണ് ഇങ്ങനെ വേട്ടയാടുന്നതെന്നും എനിക്കറിയില്ല.
എത്ര സ്നേഹവും സ്വീകാര്യതയും ലഭിച്ചാലും അതൊന്നും പൂർണമായി ആസ്വദിക്കാൻ ഞാൻ എന്നെ അനുവദിക്കാറില്ല. കാരണം അതൊരു മോശം ശീലമാണെന്നും എന്റെ മാനസികാരോഗ്യത്തിന് നല്ലതല്ലെന്നും എനിക്കറിയാം. ഞാൻ കൂടുതലും മറ്റ് ഭാഷകളിൽ വർക്ക് ചെയ്യാൻ ആഗ്രഹിക്കുന്നതിന്റെ കാരണവും ഇതൊക്കെ തന്നെയാണ്. മമ്മൂട്ടിയുടെ മകൻ എന്ന ഈ ടാഗ് അവിടെ വളരെ കുറവാണ്.
മറ്റ് ഭാഷകളിൽ അഭിനയിക്കുമ്പോൾ ഞാൻ ദുൽഖറായി തന്നെയാണ് അറിയപ്പെടുന്നത്. എന്റെ പിതാവിന്റെ മകനാണെന്നതിൽ വളരെയേറെ അഭിമാനിക്കുന്നയാളാണ് ഞാൻ. പക്ഷെ ആ ഒരു ടാഗിൽ ജീവിതകാലം മുഴുവൻ അറിയപ്പെടാൻ ആഗ്രഹിക്കുന്നില്ല. ഞാൻ എന്താണെന്ന് തിരിച്ചറിയുന്ന ചിലരുണ്ട്. എന്റെ കുടുംബത്തിന്റെ പേരിൽ അറിയപ്പെട്ട് ആ രീതിയിൽ സിനിമ ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ലെന്നാണ് ദുൽഖർ സൽമാൻ പറയുന്നത്.
നടന്റെ അഭിമുഖം വൈറലായതോടെ അനുകൂലിച്ചും പ്രതികൂലിച്ചുമെല്ലാം കമന്റുകളുണ്ട്. അവസാനം പണ്ട് റഹ്മാന് പറ്റിയത് പോലെയാവരുത്. അവിടെയും ഇല്ല ഇവിടെയും ഇല്ലാത്ത അവസ്ഥ, താങ്കളുടെ പിതാവ് ഒരുപാട് വേട്ടയാടലുകൾ താണ്ടിയാണ് ഇതുവരെ എത്തിയത്, കിംഗ് ഓഫ് കൊത്ത പോലുള്ള പടങ്ങൾ എടുത്താൽ ആൾക്കാർ ഓടിക്കും, അങ്ങനെയെങ്കിൽ പൃഥ്വിരാജൊക്കെ എന്നെ ഫീൽഡ് ഔട്ട് ആവേണ്ടതാണ് എന്നിങ്ങനെ എല്ലാമാണ് കമന്റുകൾ.
അതേസമയം അടുത്തിടെ പുറത്തിറങ്ങിയ പാൻ ഇന്ത്യൻ പ്രഭാസ് ചിത്രം കൽക്കിയിലെ ദുൽഖറിന്റെ റോൾ മലയാളികൾ അടക്കം ഏറ്റെടുത്തിരുന്നു. ലക്കി ഭാസ്ക്കറാണ് ദുൽഖറിന്റെ അണിയറയിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ സിനിമ. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി എന്നീ ഭാഷകളിലായ് ഒരുങ്ങുന്ന പാൻ ഇന്ത്യൻ ചിത്രമാണിത്.