മൊഹാലി: വിജയത്തിന്റെ വക്കുവരെ എത്തിയെങ്കിലും കേരളത്തിന്റെ പോരാളികൾക്ക് ലക്ഷ്യത്തിന് അരികെ പിഴച്ചു. ഫലം സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് സീസണിലെ ആദ്യ തോൽവി. കരുത്തരായ സർവീസസ് 12 റണ്‍സിനാണ് കേരളത്തെ വീഴ്ത്തിയത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ സർവീസസ് നിശ്ചിത 20 ഓവറിൽ നേടിയത് എട്ടു വിക്കറ്റ് നഷ്ടത്തിൽ 148 റൺസ്. കേരളത്തിന്റെ മറുപടി 19.4 ഓവറിൽ 136 റൺസിൽ അവസാനിച്ചു.
ആദ്യ മൂന്നു മത്സരങ്ങളും ജയിച്ച കേരളത്തിന്റെ ആദ്യ തോൽവിയാണിത്. തോറ്റെങ്കിലും നാലു മത്സരങ്ങളിൽനിന്ന് 12 പോയിന്റുമായി കേരളം തന്നെയാണ് എലൈറ്റ് ഗ്രൂപ്പ് സിയിൽ ഒന്നാമത്. സർവീസസിനും നാലു മത്സരങ്ങളിൽനിന്ന് 12 പോയിന്റുണ്ടെങ്കിൽ റൺ ശരാശരിയിൽ കേരളത്തിനു പിന്നിൽ രണ്ടാമതാണ്.
35 പന്തിൽ ഒരു ഫോറും രണ്ടു സിക്സും സഹിതം 36 റൺസെടുത്ത സച്ചിൻ ബേബിയാണ് കേരളത്തിന്റെ ടോപ് സ്കോറർ. സഞ്ജു സാംസൺ 26 പന്തിൽ മൂന്നു ഫോറും ഒരു സിക്സും സഹിതം 30 റൺസുമായി ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. ഇരുവരും ചേർന്ന് അഞ്ചാം വിക്കറ്റിൽ അർധസെഞ്ചറി കൂട്ടുകെട്ട് തീർത്തെങ്കിലും, ടീമിനെ വിജയത്തിലെത്തിക്കാനായില്ല.
10–ാം ഓവറിലെ നാലാം പന്തിൽ ക്രീസിൽ ഒരുമിച്ച ഇരുവരും 37 പന്തിൽ കൂട്ടിച്ചേർത്തത് 52 റൺസാണ്. ഈ ഘട്ടത്തിൽ കേരളം വിജയം സ്വപ്നം കണ്ടെങ്കിലും, സച്ചിനും സഞ്ജുവും വെറും നാലു പന്തുകളുടെ ഇടവേളയിൽ പുറത്തായത് തിരിച്ചടിയായി.
കഴിഞ്ഞ മത്സരത്തിൽ വിജയശിൽപിയായ അബ്ദുൽ ബാസിത് 10 പന്തിൽ മൂന്നു സിക്സറുകൾ സഹിതം 19 റൺസുമായി പൊരുതി നോക്കിയെങ്കിലും ഫലമുണ്ടായില്ല. മനു കൃഷ്ണൻ, ബേസിൽ തമ്പി എന്നിവരും അവസാന ഘട്ടത്തിൽ ഓരോ സിക്സർ നേടി പ്രതീക്ഷ പകർന്നു. കേരള നിരയിൽ രോഹൻ എസ്.കുന്നുമ്മൽ (16 പന്തിൽ 11), വിഷ്ണു വിനോദ് (ആറു പന്തിൽ എട്ട്), മുഹമ്മദ് അസ്ഹറുദ്ദീൻ (16 പന്തിൽ 16), കൃഷ്ണ പ്രസാദ് (0), സിജോമോൻ ജോസഫ് (0) എന്നിവർ നിരാശപ്പെടുത്തി. കെ.എം.ആസിഫ് ഒരു റണ്ണുമായി പുറത്താകാതെ നിന്നു.
സർവീസസിനായി നിതിൻ യാദവ് 2.4 ഓവറിൽ 12 റൺസ് വഴങ്ങിയും അർജുൻ ശർമ നാല് ഓവറിൽ 36 റൺസ് വഴങ്ങിയും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. പുൽകിത് നരാങ് രണ്ടു വിക്കറ്റെടുത്തു.
∙ ബോളിങ്ങിൽ ‘പിടിച്ച്’ കേരളം
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ സർവീസസ് നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 148 റൺസെടുത്തത്. അരങ്ങറ്റ മത്സരത്തിൽ നാലു വിക്കറ്റുമായി കരുത്തുകാട്ടിയ വൈശാഖ് ചന്ദ്രൻ, സർവീസസിനെതിരെ മൂന്നു വിക്കറ്റുമായി ഒരിക്കൽക്കൂടി തിളങ്ങി. 35 പന്തിൽ 39 റൺസെടുത്ത ഓപ്പണർ അൻഷുൽ ഗുപ്തയാണ് സർവീസസിന്റെ ടോപ് സ്കോറർ.
ഓപ്പണിങ് വിക്കറ്റിൽ അർധസെഞ്ചറി കൂട്ടുകെട്ട് തീർത്ത് മികച്ച അടിത്തറയിട്ടതിനു ശേഷമാണ് കേരള ബോളർമാർ സർവീസസിനെ പിടിച്ചുകെട്ടിയത്. അൻഷുൽ ഗുപ്ത 35 പന്തിൽ മൂന്നു ഫോറും ഒരു സിക്സും സഹിതമാണ് 39 റൺസെടുത്തത്. മറ്റൊരു ഓപ്പണർ രവി ചൗഹാൻ 27 പന്തിൽ മൂന്നു ഫോറുകളോടെ 22 റൺസെടുത്തു.
രാഹുൽ സിങ് (13 പന്തിൽ 12), പി രെഘാഡെ (11 പന്തിൽ 17), അമിത് പച്ചാര (മൂന്നു പന്തിൽ ആറ്), ദേവേന്ദർ ലോഛാബ് (15 പന്തിൽ 17), പുൽകിത് നരാങ് (0), വികാസ് ഹാത്‌വാല (10 പന്തിൽ ഏഴ്) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം. അർജൻ ശർമ അഞ്ച് പന്തിൽ 10 റൺസുമായി പുറത്താകാതെ നിന്നു.
കേരളത്തിനായി വൈശാഖ് ചന്ദ്രൻ നാല് ഓവറിൽ 28 റൺസ് വഴങ്ങിയാണ് മൂന്നു വിക്കറ്റെടുത്തത്. കെ.എം. ആസിഫ് നാല് ഓവറിൽ 31 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് സ്വന്തമാക്കി. സിജോമോൻ ജോസഫ്, മനു കൃഷ്ണൻ എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു.