പി.ജെ. ജോസഫിന്റെ പരാമര്‍ശം വേദനിപ്പിച്ചുവെന്ന് ജോസ് കെ.മാണി
കോട്ടയം: പി.ജെ ജോസഫിന്റെ വ്യക്തിപരമായ പരാമര്‍ശം വേദനയുണ്ടാക്കിയെന്ന് കേരളാ കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ ജോസ് കെ മാണി എംപി. പരാമര്‍ശം മാണി സാറിനെയും എന്നെയും അപമാനിക്കുന്നതിനു തുല്യമാണ്. അതെ ഭാഷയില്‍ ഞാനും മറുപടി പറയാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ജോസ് കെ മാണി കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു.
പാര്‍ട്ടി പിളര്‍പ്പിന്റെ വക്കിലല്ല. വൈസ് ചെയര്‍മാന്‍ എന്ന നിലയില്‍ എല്ലാവരുടെയും അഭിപ്രായം ഞാന്‍ കേള്‍ക്കാറുണ്ട്. വീട്ടില്‍ വന്ന പലരും അഭിപ്രായം പറയാറുമുണ്ട്. അതൊരിക്കലും ഒരു സമാന്തര കമ്മിറ്റി ചേരുന്നതല്ല. നാലിലൊന്ന് ആളുകള്‍ ഒപ്പിട്ട കത്ത് പാര്‍ടി സ്പീക്കര്‍ റോഷി അഗസ്റ്റിന് നല്‍കിയിട്ടുണ്ട്.
9നു മുമ്പ് മറുപടി നല്‍കണമെന്നും നേതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന കമ്മിറ്റി വിളിച്ചുചേര്‍ത്ത് ചെയര്‍മാനെ തെരഞ്ഞെടുക്കും എന്ന വിശ്വാസം ഞങ്ങള്‍ക്കുണ്ട്. ആരെങ്കിലും ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ എതിര്‍പ്പ് പറഞ്ഞാല്‍ വോട്ടെടുപ്പിലേക്ക് പോകാനും സാധിക്കും. ആ ജനാധിപത്യ അവകാശം പാര്‍ട്ടി നല്‍കുന്നുണ്ടെന്നും ജോസ് കെ മാണി പറഞ്ഞു.