FootballKeralaNewsSports

ISL ⚽ബ്ലാസ്‌റ്റേഴ്‌സിന് വീണ്ടും തോല്‍വി,കൊമ്പുകുത്തിച്ചത് ഈസ്റ്റ് ബംഗാള്‍

കൊല്‍ക്കത്ത: അവസരങ്ങള്‍ തുലയ്ക്കാനായി താരങ്ങള്‍ മത്സരിച്ചപ്പോള്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ 16-ാം മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് തോല്‍വി. ഈസ്റ്റ് ബംഗാളാണ് മഞ്ഞപ്പടയെ അട്ടിമറിച്ചത്. എതിരില്ലാത്ത ഒരു ഗോളിനാണ് ഈസ്റ്റ് ബംഗാളിന്റെ വിജയം. ടീമിനായി സൂപ്പര്‍താരം ക്ലെയിറ്റണ്‍ സില്‍വ വിജയഗോള്‍ നേടി.

തോല്‍വി വഴങ്ങിയെങ്കിലും ബ്ലാസ്‌റ്റേഴ്‌സ് പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത് തുടരുകയാണ്. 16 മത്സരങ്ങളില്‍ നിന്ന് 28 പോയന്റാണ് ടീമിനുള്ളത്. അതുകൊണ്ടുതന്നെ ടീമിന്റെ പ്ലേ ഓഫ് സാധ്യതകള്‍ സജീവമാണ്. എന്നാല്‍ ആദ്യ രണ്ട് സ്ഥാനത്തിലൊന്നിലെത്തി നേരിട്ട് സെമിയില്‍ കയറാനുള്ള ബ്ലാസ്റ്റേഴ്‌സിന്റെ സാധ്യതകള്‍ മങ്ങി. മറുവശത്ത് ഈസ്റ്റ് ബംഗാള്‍ 16 മത്സരങ്ങളില്‍ നിന്ന് 15 പോയന്റ് നേടി ഒന്‍പതാം സ്ഥാനത്താണ്. ഈ വിജയത്തോടെ ഈസ്റ്റ് ബംഗാള്‍ പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്തി. മറ്റ് ടീമുകളുടെ പ്രകടനവും ഈസ്റ്റ് ബംഗാളിനെ തുണയ്ക്കണം.

മത്സരത്തിന്റെ തുടക്കം തൊട്ട് ഇരുടീമുകളും ഒപ്പത്തിനൊപ്പം നിന്ന് കളിച്ചു. ആറാം മിനിറ്റില്‍ രാഹുലിന്റെ മനോഹരമായ ഹെഡ്ഡര്‍ ഈസ്റ്റ് ബംഗാള്‍ ഗോള്‍മുഖത്ത് അപകടം വിതച്ചു. രാഹുലിന്റെ ഹെഡ്ഡര്‍ ഈസ്റ്റ് ബംഗാളിന്റെ മലയാളിതാരം വി.പി.സുഹൈറിന്റെ കൈയ്യില്‍ തട്ടിയെങ്കിലും റഫറി പെനാല്‍റ്റി അനുവദിച്ചില്ല. എട്ടാം മിനിറ്റില്‍ രാഹുലിന്റെ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നു.

16-ാം മിനിറ്റില്‍ത്തന്നെ ഈസ്റ്റ് ബംഗാള്‍ ആദ്യ പകരക്കാരനെ കൊണ്ടുവന്നു. അങ്കിത് മുഖര്‍ജിയ്ക്ക് പകരം മുഹമ്മദ് റാക്കിബിനെ പരിശീലകന്‍ സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ ഇറക്കി. ഇത് ചെറിയ വിവാദത്തിന് വഴിവെച്ചു. പരിശീലകന്റെ നടപടിയില്‍ പ്രതിഷേധിച്ച മുഖര്‍ജി ജഴ്‌സിയൂരി വലിച്ചെറിഞ്ഞാണ് ഗ്രൗണ്ട് വിട്ടത്.

ഈസ്റ്റ് ബംഗാള്‍ പതിയെ ആക്രമണം ശക്തിപ്പെടുത്തിയെങ്കിലും മുന്നേറ്റനിരയ്ക്ക് കാര്യമായ അവസരങ്ങള്‍ സൃഷ്ടിക്കാനായില്ല. മികച്ച പ്രതിരോധം തീര്‍ച്ച് ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ പാറപോലെ ഉറച്ചുനിന്നു. 36-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിന്റെ വിക്ടര്‍ മോംഗിലിന്റെ ഹെഡ്ഡര്‍ ഗോള്‍കീപ്പര്‍ കമല്‍ജിത്ത് സിങ് കൈയ്യിലൊതുക്കി. തൊട്ടുപിന്നാലെ അഡ്രിയാന്‍ ലൂണയുടെ പോസ്റ്റിലേക്ക് താഴ്ന്നുവന്ന കോര്‍ണര്‍ കിക്കും കമല്‍ജിത്ത് രക്ഷപ്പെടുത്തി.

42-ാം മിനിറ്റില്‍ ഈസ്റ്റ് ബംഗാളിനായി വി.പി.സുഹൈര്‍ വലകുലുക്കിയെങ്കിലും റഫറി ഓഫ്‌സൈഡ് വിളിച്ചു. ആദ്യ പകുതിയുടെ ഇന്‍ജുറി ടൈമില്‍ രണ്ട് അത്യുഗ്രന്‍ സേവുകള്‍ നടത്തി ബ്ലാസ്റ്റേഴ്‌സ് ഗോള്‍കീപ്പര്‍ കരണ്‍ജിത്ത് സിങ് ഹീറോയായി മാറി. ക്ലെയിറ്റണ്‍ സില്‍വ പോസ്റ്റിലേക്കുതിര്‍ത്ത ഷോട്ട് കരണ്‍ തട്ടി. പന്ത് വീണ്ടും പിടിച്ചെടുത്ത ക്ലെയിറ്റണ്‍ വീണ്ടും നിറയൊഴിച്ചെങ്കിലും കരണ്‍ വീണ്ടും അത് തട്ടിയകറ്റി. പിന്നാലെ ആദ്യ പകുതി അവസാനിച്ചു.

രണ്ടാം പകുതിയില്‍ 53-ാം മിനിറ്റില്‍ ജിയാനുവിന്റെ ഗോളെന്നുറച്ച ഷോട്ട് ബംഗാള്‍ ഗോള്‍കീപ്പര്‍ കമല്‍ജിത്ത് കൈയ്യിലൊതുക്കി. 77-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിനെ ഞെട്ടിച്ചുകൊണ്ട് ഈസ്റ്റ് ബംഗാള്‍ ഗോളടിച്ചു. സൂപ്പര്‍താരം ക്ലെയിറ്റണ്‍ സില്‍വയാണ് ഗോള്‍ നേടിയത്. നയോറം മഹേഷ് സിങ്ങിന്റെ മുന്നേറ്റമാണ് ഗോളില്‍ കലാശിച്ചത്.

ഇടതുവിങ്ങിലൂടെ നയോറം നടത്തിയ മുന്നേറ്റം ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധതാരം വിക്ടര്‍ മോംഗിലിന്റെ ദേഹത്ത് തട്ടി സില്‍വയുടെ കാലിലേക്കാണ് പോയത്. കിട്ടിയ അവസരം മുതലെടുത്ത സില്‍വ അനായാസം വലകുലുക്കി. ഇതോടെ ഈസ്റ്റ് ബംഗാള്‍ മുന്നിലെത്തി.

83-ാം മിനിറ്റില്‍ രാഹുലിനും പിന്നാലെ ഡയമന്റക്കോസിനും സുവര്‍ണാവസരങ്ങള്‍ ലഭിച്ചെങ്കിലും ഇരുതാരങ്ങള്‍ക്കും ഗോളടിക്കാനായില്ല. 89-ാം മിനിറ്റില്‍ ഡയമന്റക്കോസ് വീണ്ടും മികച്ച ഒരവസരം തുലച്ചു. മത്സരത്തിന്റെ അവസാന മിനിറ്റുകളില്‍ താരങ്ങള്‍ തമ്മില്‍ കയര്‍ത്തത് രസംകൊല്ലിയായി. ഇന്‍ജുറിടൈമില്‍ ഈസ്റ്റ് ബംഗാളിന്റെ മുബഷിര്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker