News

ബ്ലാസ്റ്റേഴ്സ് വീണ്ടും വിജയവഴിയിൽ,പോയിൻ്റ് പട്ടികയിൽ മൂന്നാം സ്ഥാനത്ത്

ബംബോലിം: ഐഎസ്എല്ലില്‍(ISL 2021-22) നിര്‍ണായക പോരാട്ടത്തില്‍ ഈസ്റ്റ് ബംഗാളിനെ തക‍ർത്ത് കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ(KBFC vs SCEB)കുതിപ്പ്. കരുത്തരായി ബംഗാൾ പടയ്ക്കെതിരെ ഒറ്റ ഗോളിനായിരുന്നു മഞ്ഞപ്പടയുടെ വിജയം. ഗോള്‍രഹിതമായ ആദ്യപകുതിക്ക് ശേഷം രണ്ടാം പകുതിയുടെ തുടക്കത്തില്‍ കോര്‍ണറില്‍ നിന്ന് എനെസ് സിപോവിച്ചാണ്(Enes Sipovic) ബ്ലാസ്റ്റേഴ്സിന് വിജയം സമ്മാനിച്ച ഗോൾ സ്വന്തമാക്കിയത്. ജയത്തോടെ മഞ്ഞപ്പട പോയിന്‍റ് പട്ടികയിൽ മുന്നാം സ്ഥാനത്തേക്ക് കുതിച്ചു.

ആറാം സ്ഥാനത്ത് നിന്നാണ് ബ്ലാസ്റ്റേഴ്സിന്‍റെ കുതിപ്പ്. 15 കളിയിൽ 26 പോയിന്‍റുമായാണ് മഞ്ഞപ്പട മൂന്നാം സ്ഥാനത്തെത്തിയത്. ആദ്യമായാണ് ഒരു സീസണിൽ ബ്ലാസ്റ്റേഴ്സ് ഏഴ് ജയം നേടുന്നത്. ഒപ്പം 2017-18 സീസണിലെ 25 പോയിന്‍റിന്‍റെ റെക്കോർഡും പഴങ്കഥയായി.


ആദ്യ പകുതില്‍ പന്തടക്കത്തിലും പാസിംഗിലും ആധിപത്യം പുലര്‍ത്തിയിട്ടും വലകുലുക്കാന്‍ ബ്ലാസ്റ്റേഴ്സ് മുന്നേറ്റനിരക്കായിരുന്നില്ല. ഈസ്റ്റ് ബംഗാളിന്‍റെ മികച്ച പ്രതിരോധവും ഫിനിഷിംഗിലെ പോരായ്മയുമാണ് ആദ്യ പകുതിയില്‍ ബ്ലാസ്റ്റേഴ്സിനെ പിന്നോട്ടടിച്ചത്. ആദ്യ മിനിറ്റുകളില്‍ ഈസ്റ്റ് ബംഗാളായിരുന്നു ആക്രമണങ്ങള്‍ നയിച്ചത്. കളിയുടെ രണ്ടാം മിനിറ്റില്‍ തന്നെ ഈസ്റ്റ് ബംഗാള്‍ മുന്നേറ്റത്തിനൊടുവില്‍ ബ്ലാസ്റ്റേഴ്സ് കോര്‍ണര്‍ വഴങ്ങി. വലതു വിംഗിലൂടെ ആക്രമണങ്ങള്‍ നെയ്യാനായിരുന്നു ബ്ലാസ്റ്റേഴ്സ് ശ്രമിച്ചത്. എട്ടാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിനെ അനുകൂലമായി ഫ്രീ കിക്ക് ലഭിച്ചെങ്കിലും അഡ്രിയാന്‍ ലൂണ എടുത്ത കിക്ക് പുറത്തേക്ക് പോയി. ആദ്യ പത്ത് മിനിറ്റില്‍ ഇരു ടീമില്‍ നിന്നും കാര്യമായ ഗോള്‍ ശ്രമങ്ങളൊന്നും ഉണ്ടായില്ല.


പതിമൂന്നാം മിനിറ്റില്‍ ലൂണയുടെ മൂന്നേറ്റത്തിനൊടുവില്‍ ലഭിച്ച പാസില്‍ ഗോളിലേക്ക് ലക്ഷ്യംവെച്ച പ്യൂട്ടിയക്ക് പിഴച്ചു. തൊട്ടുപിന്നാലെ പ്രത്യാക്രമണത്തില്‍ ബ്ലാസ്റ്റേഴ്സ് വീമ്ടും കോര്‍ണര്‍ വഴങ്ങി. പതിനേഴാം മിനിറ്റില്‍ ലൂണയുടെ പാസില്‍ വാസ്ക്വസിന്‍റെ ഹെഡ്ഡര്‍ ഈസ്റ്റ് ബംഗാള്‍ ഗോള്‍ കീപ്പര്‍ ശങ്കര്‍ റോയ് അനായാസം കൈയിലൊതുക്കി. 29-ാം മിനിറ്റില്‍ ബോക്സിനകത്തു നിന്ന് സഹലിന്‍റെ ഗോള്‍ ശ്രമവും ലക്ഷ്യം കണ്ടില്ല. ആദ്യ പകുതി തീരാന്‍ മിനിറ്റുകള്‍ ബാക്കിയിരിക്കെ അന്‍റോണിയോ പെര്‍സോവിച്ച് ബ്ലാസ്റ്റേഴ്സ് ഗോള്‍മുഖത്ത് അപായമണി മുഴക്കിയെങ്കിലും ഗോളിലേക്കുള്ള വഴിതുറക്കാന്‍ അവര്‍ക്കായില്ല. എന്നാൽ ആദ്യ പകുതിയിലെ ആധിപത്യം നിലനിര്‍ത്തി രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ബ്ലാസ്റ്റേഴ്സ് വലകുലുക്കിയതോടെ ഈസ്റ്റ് ബംഗാളിന്‍റെ കഥ കഴിഞ്ഞിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker