തിരുവനന്തപുരം: ഇന്ന് നിയമസഭാ സമ്മേളനം ചേരും. പ്രകൃതി ദുരന്തത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് സഭ പിരിയും. സ്പീക്കറും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പ്രസംഗിക്കും. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വെള്ളിയാഴ്ച വരെയുള്ള സഭാ നടപടികള്‍ മാറ്റി വയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. തുടര്‍ന്നുളള നടപടിക്രമങ്ങള്‍ കാര്യോപദേശക സമിതി തീരുമാനിക്കും. സംസ്ഥാനത്തെ മഴക്കെടുതികള്‍ അവസാനിച്ചാല്‍ തിങ്കളാഴ്ച സഭാ സമ്മേളനം പുനരാരംഭിക്കും.
ഇന്നുമുതല്‍ ഒക്ടോബര്‍ 23 ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപകമായി അതിശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലും നാളെ കണ്ണൂര്‍, കാസര്‍കോഡ് ജില്ലകള്‍ ഒഴികെ മുഴുവന്‍ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പകല്‍ സമയത്ത് മഴ മാറി നില്‍ക്കുന്നത് കൊണ്ട് അമിതമായ ആത്മവിശ്വാസം ദുരന്ത സാധ്യത പ്രദേശങ്ങളിലുള്ള ജനങ്ങളോ ഉദ്യോഗസ്ഥരോ കാണിക്കരുതെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. കാലാവസ്ഥ മുന്നറിയിപ്പില്‍ മാറ്റങ്ങള്‍ വരാവുന്നതും ചിലപ്പോള്‍ തെറ്റുകള്‍ സംഭവിക്കാവുന്നതുമാണ്. അതുകൊണ്ട് ദുരന്ത നിവാരണ അതോറിറ്റി പ്രഖ്യാപിക്കുന്ന അതീവ ജാഗ്രത നിര്‍ദേശം പിന്‍വലിക്കുന്നത് വരെ സുരക്ഷാ മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്, അദ്ദേഹം പറഞ്ഞു.