KeralaNews

അരിക്കൊമ്പന്‍:ഹൈക്കോടതി ഇടപെടല്‍ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി, സുപ്രീംകോടതിയെ സമീപിച്ച് കേരളം

ന്യൂഡൽഹി: അരിക്കൊമ്പൻ വിഷയത്തിൽ കേരള ഹൈക്കോടതിയുടെ ഇടപെടലിനെ രൂക്ഷമായി വിമർശിച്ച് സംസ്ഥാനം സുപ്രീം കോടതിയിൽ. ഹൈക്കോടതി ഇടപെടൽ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയെന്ന് അപ്പീലിൽ കേരളം ആരോപിച്ചു.

ഉപദ്രവകാരികളായ വന്യമൃഗങ്ങളുടെ കാര്യത്തിൽ നടപടിയെടുക്കാൻ അധികാരം ചീഫ് വൈൽഡ് ലൈഫ് വാർഡനാണെന്നും സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത അപ്പീലിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അരിക്കൊമ്പനുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതി പുറപ്പെടുവിച്ച എല്ലാ ഉത്തരവുകളും സ്റ്റേ ചെയ്യണമെന്നും സംസ്ഥാന സർക്കാർ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.

1971 ലെ വന്യജീവി സംരക്ഷണ നിയമത്തിലെ 11 (1) വകുപ്പ് പ്രകാരം ഉപദ്രവകാരികളായ വന്യമൃഗങ്ങളുടെ കാര്യത്തിൽ നടപടിയെടുക്കാൻ അധികാരം ചീഫ് വൈൽഡ് ലൈഫ് വാർഡനാണ്. നിയമപരമായ ഈ അധികാരത്തിന്റെ അടിസ്ഥാനത്തിലാണ് അരിക്കൊമ്പനെ മയക്ക് വെടിവെച്ച് പിടിച്ച് കോടനാട് ആനക്കൂട്ടിലേക്ക് മാറ്റാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടത്. ഈ തീരുമാനത്തിൽ ഹൈക്കോടതി ഇടപെട്ടത് തെറ്റാണെന്നും സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത അപ്പീലിൽ ചൂണ്ടിക്കാട്ടി.

ഇടുക്കി ചിന്നക്കനാലില്‍ അരിക്കൊമ്പൻ നടത്തിയ അക്രമങ്ങളെ സംബന്ധിച്ചും അപ്പീലിൽ സംസ്ഥാന സർക്കാർ വിശദീകരിച്ചിട്ടുണ്ട്. ഏഴുപേരെയാണ് ഇതുവരെ അരിക്കൊമ്പൻ കൊലപ്പെടുത്തിയത്. 2017-ൽ മാത്രം 52 വീടുകളും കടകളും തകർത്തു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ മൂന്ന് റേഷൻ കടകളും, 22 വീടുകളും, 6 കടകളും തകർത്തു. എന്നാൽ ഏഴുപേരെ കൊലപ്പെടുത്തിയത് പോലും കണക്കിലെടുക്കാൻ ഹൈക്കോടതി തയ്യാറായില്ലെന്ന് അപ്പീലിൽ സംസ്ഥാന സർക്കാർ കുറ്റപ്പെടുത്തി.

ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ അവകാശം പോലും ഹൈക്കോടതി കണക്കിലെടുത്തില്ല. മറ്റൊരു വനത്തിലേക്ക് അരിക്കൊമ്പനെ മാറ്റുന്നത് പ്രായോഗികമല്ലെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ വ്യക്തമാക്കിയിട്ടുണ്ട്. കാരണം എല്ലാ വന പ്രദേശത്തിന്റെയും ഇരുപത് മുതൽ മുപ്പത് കിലോമീറ്ററിന് ഉള്ളിൽ ജനങ്ങൾ വസിക്കുന്നുണ്ട്. സർക്കാർ ഹർജിയിൽ ചൂണ്ടിക്കാട്ടി.

സ്റ്റാൻഡിങ് കോൺസുൽ സി.കെ. ശശിയാണ് സംസ്ഥാന സർക്കാരിന്റെ അപ്പീൽ സുപ്രീം കോടതിയിൽ ഫയൽ ചെയ്തത്. ഹർജി അടിയന്തിരമായി പരിഗണിക്കണമെന്ന് സർക്കാർ അഭിഭാഷകർ അടുത്ത ആഴ്ച ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിനോട് ആവശ്യപ്പെടും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker