കെന്റക്കി: പ്രായപൂര്‍ത്തിയാകാത്ത നിരവധി ആണ്‍കുട്ടികള്‍ക്കൊപ്പം ലൈംഗികബന്ധത്തിലേര്‍പ്പെട്ട മുന്‍ സ്‌കൂള്‍ ജീവനക്കാരി കുറ്റം സമ്മതിച്ചു. യു.എസ്സിലെ കെന്റക്കി സംസ്ഥാനത്താണ് സംഭവം. എലന്‍ ഫിലിപ്‌സ് എന്ന 38-കാരിയാണ് ലെക്‌സിങ്ടണിലെ കോടതിയില്‍ കുറ്റം സമ്മതിച്ചത്. ജോലിചെയ്തിരുന്ന എലമെന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികളെയാണ് ഇവര്‍ ലൈംഗികമായി ചൂഷണംചെയ്തത്. ക്ലാസുകളിൽ അധ്യാപകരെ സഹായിക്കുന്ന ജോലിയായിരുന്നു എലന്.
14-നും 16-നും ഇടയില്‍ പ്രായമുള്ള ആണ്‍കുട്ടികളെയാണ് എലന്‍ ഇരകളാക്കിയത്. ഒരേസമയം ഒന്നിലേറെ ആണ്‍കുട്ടികളുമായി പോലും ഇവര്‍ ലൈംഗികബന്ധത്തിലേര്‍പ്പെട്ടിരുന്നുവെന്ന് പോലീസ് പറയുന്നു. സമൂഹമാധ്യമങ്ങളില്‍ ഓണ്‍ലൈനായിരിക്കെ സ്വയംഭോഗം ചെയ്യാന്‍ ഇവര്‍ കുട്ടികളെ നിര്‍ബന്ധിച്ചതായും പോലീസ് പറഞ്ഞു.
ഫേസ്ബുക്ക്, സ്‌നാപ്പ്ചാറ്റ് തുടങ്ങിയ സമൂഹമാധ്യമങ്ങളും എസ്.എം.എസ്സും ഉപയോഗിച്ചാണ് എലന്‍ തന്റെ ഇരകളുമായി ആശയവിനിമയം നടത്തിയിരുന്നത്. ഈ മാര്‍ഗങ്ങളിലൂടെ സന്ദേശമയച്ച ശേഷമാണ് ഇവര്‍ ഇരകളായ കുട്ടികളുമായി കണ്ടുമുട്ടിയിരുന്നത്.
ഒരിക്കല്‍ ലൈംഗികബന്ധത്തിനായി 15-കാരനോട് വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ താന്‍ ആവശ്യപ്പെട്ടതായി കുറ്റസമ്മതത്തിനിടെ എലന്‍ കോടതിയില്‍ പറഞ്ഞു. 2022 ഡിസംബര്‍ 22-നായിരുന്നു ഇത്. സമൂഹമാധ്യമമായ ഫേസ്ബുക്കില്‍ സന്ദേശങ്ങള്‍ അയച്ചാണ് എലന്‍ കുട്ടിയെ പ്രലോഭിപ്പിക്കാന്‍ ശ്രമിച്ചത്. വരാന്‍ പറ്റില്ലെന്ന് കുട്ടി പറഞ്ഞപ്പോള്‍ മദ്യവും ഇവര്‍ വാഗ്ദാനം ചെയ്തു. വീട്ടില്‍നിന്ന് പുറത്തിറങ്ങാന്‍ അമ്മയോട് പറയാനുള്ള കാരണങ്ങളും എലന്‍ കുട്ടിക്ക് പറഞ്ഞുകൊടുത്തിരുന്നു. എന്നാല്‍, എന്തൊക്കെ പറഞ്ഞിട്ടും അന്ന് രാത്രി കുട്ടി വീട്ടില്‍ നിന്ന് പുറത്തിറങ്ങിയില്ല.
എലന്‍ തനിക്കൊപ്പം ഹൈസ്‌കൂളില്‍ ഒന്നിച്ച് പഠിച്ചിരുന്നുവെന്നും തങ്ങളുടെ കുട്ടികള്‍ ഒന്നിച്ചാണ് കളിച്ചുവളര്‍ന്നതെന്നും എലന്റെ ഇരയായ ഒരു കുട്ടിയുടെ അമ്മ പറഞ്ഞു. ‘തങ്ങളെ സംരക്ഷിക്കാനായി ശക്തമായ നിയമങ്ങളുണ്ടെന്നതിനെ കുറിച്ച് ഈ കുട്ടികള്‍ ബോധവാന്മാരായിരുന്നില്ല. തങ്ങള്‍ കുഴപ്പത്തില്‍ പെടുമോ എന്ന് പേടിച്ചാണ് അവര്‍ ഇക്കാര്യങ്ങള്‍ പുറത്തുപറയാതിരുന്നത്. മൂന്നോ നാലോ തവണ എലന്‍ മദ്യം നല്‍കിയതായി എന്റെ മകന്‍ പറഞ്ഞു’, അമ്മ പറഞ്ഞു.
2023 ഏപ്രിലിലാണ് എലന്‍ ഫിലിപ്‌സ് അറസ്റ്റിലാകുന്നത്. എലന്‍ തങ്ങളെ ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ച് പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികള്‍ മുന്നോട്ടുവന്നതാണ് എലന്റെ അറസ്റ്റിലേക്ക് വഴിതെളിച്ചത്. 2022 ജൂലൈ ആറിനും ഓഗസ്റ്റ് 15-നും ഇടയില്‍ മൂന്ന് വ്യത്യസ്ത സമയങ്ങളിലായാണ് എലന്‍ തങ്ങളെ ബലാത്സംഗം ചെയ്തതെന്ന് കുട്ടികള്‍ പറഞ്ഞു. കൃത്യം നടക്കുമ്പോള്‍ കുട്ടികള്‍ക്ക് 16 വയസായിരുന്നു. ആരോപണം ഉയർന്ന ഉടൻ എലനെ സ്കൂളിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.
കുറ്റസമ്മതം നടത്തിയ എലന്റെ ശിക്ഷാവിധി ഏപ്രില്‍ 26-നാണ്. കുറഞ്ഞത് പത്ത് വര്‍ഷം തടവോ പരമാവധി ജീവപര്യന്തം തടവോ ആണ് ഇവര്‍ക്ക് ശിക്ഷ ലഭിക്കുക.